വിമത കോട്ടയുടെ അടിത്തറയിളക്കി അഡ്മിനിസ്ട്രേറ്റർ: കലിയിളകി വിമതർ

വിമത കോട്ടയുടെ  അടിത്തറയിളക്കി  അഡ്മിനിസ്ട്രേറ്റർ: കലിയിളകി വിമതർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രുസ് താഴത്തിന്റെ നടപടികളിൽ അമർഷം പൂണ്ട ഒരു സംഘം വിമത പ്രതിനിധി സംഘം പരാതി പറയാനെന്ന വ്യാജേന അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രുസ് താഴത്തിനെ അധിക്ഷേപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. വ്യാഴാഴ്ചയാണ് ‘വിശ്വാസ സംഗമത്തിന്റെ‘ പ്രമേയം നൽകുവാനെന്ന ആവശ്യവുമായി അതിരൂപതാ കാര്യാലയത്തിൽ ഷൈജു ആന്റണി കൊറോത്തിന്റെയും പ്രകാശ് പി ജോണിന്റെയും നേതൃത്വത്തിൽ ഒരു സംഘം എത്തിയത്. പ്രസന്നപുരം പള്ളിയിൽ കുർബ്ബാന മദ്ധ്യേ അൾത്താരയിൽ കയറി പ്രശ്നം സൃഷ്ടിച്ച സെബി സെബാസ്ററ്യനും സംഘത്തിൽ ഉണ്ടായിരുന്നു.

കൂരിയ പുനഃസംഘടന മനസിലാക്കിയ വിമതർ, മെത്രാനെ ഭീഷണിപ്പെടുത്തി, കൂരിയ അഴിച്ചു പണി തടസ്സപ്പെടുത്തുക എന്ന തന്ത്രവുമായാണ് എത്തിയത്. മീറ്റിംഗിന്റെ തുടക്കത്തിൽ സെബി സെബാസ്ററ്യൻ പ്രതിഷേധ സംഗമത്തിൽ അവതരിപ്പിച്ച പ്രമേയം വായിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് മാർ താഴത്ത് ചുമതല ഏൽക്കാൻ വന്നതിനെ, വളരെ മോശമായ രീതിയിൽ വിമത നേതാവായ പ്രകാശ് പി ജോൺ അധിക്ഷേപിച്ചു സംസാരിച്ചു. പിന്നീട് സംസാരിച്ച ഷൈജു ആന്റണി അഡ്മിനിസ്ട്രേറ്ററെ വെല്ലുവിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഈയവസരത്തിൽ വളരെ ശാന്തനായി മാർ താഴത്ത് വിമതരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും മേലധികാരികളെ ഇവയെല്ലാം അറിയിക്കാം എന്ന് പറയുകയും ചെയ്തു.

മുൻ നിശ്ചയ പ്രകാരം എറണാകുളം-അങ്കമാലി കൂരിയ പുനഃസംഘടന നടത്തി വൈകുന്നേരത്തോടു കൂടി ലിസ്റ്റ് പുറത്തു വിട്ടതോടെ വിമത സമ്മർദ്ദ തന്ത്രങ്ങൾ ഫലവത്തായില്ല എന്ന് വ്യക്തമായി. അതിരൂപതയെ ഹൈജാക്ക് ചെയ്തിരുന്ന ഏതാനും ചില വിമത വൈദികരെ നിർബന്ധിത അവധി നൽകി ചുമതലകളിൽ നിന്നും ഒഴിവാക്കിയത് വിമത പക്ഷത്തിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അധികം താമസിയാതെ തന്നെ ഇടവക വികാരിമാരുടെയും സ്ഥലം മാറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്.

തങ്ങൾക്കിഷ്ടമില്ലാത്ത തീരുമാനങ്ങൾ ഉണ്ടാവുമ്പോൾ ആളും ആരവവുമുയർത്തി ഭീഷണിയിലൂടെ എതിരാളികളെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് കാലാകാലങ്ങളായി എറണാകുളത്തെ വിമത പക്ഷം സ്വീകരിച്ചു വന്നിരുന്നത്. മാർ താഴത്തിനെ ഭീഷണിപ്പെടുത്തിയ അതേ  സംഘം തന്നെയാണ് ആഞ്ജിയോപ്ലാസ്റ്റി സർജറി ചെയ്തു വിശ്രമത്തിലായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ വർഷങ്ങൾക്കു മുൻപ് ഭീഷണിപ്പെടുത്തിയത്. കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെ പത്തോളം കേസുകൾ വിവിധ കോടതികളിൽ നൽകുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്ത ഈ സംഘം ഇപ്പോൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേരെ തിരിഞ്ഞിരിക്കുകയാണ്. സീറോ മലബാർ സഭയിലെ ‘ഉരുക്കു മെത്രാൻ’ എന്നറിയപ്പെടുന്ന മാർ ആൻഡ്രുസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിൽ സമാധാനം കൊണ്ടു വരുമെന്നാണ് സീറോ മലബാർ സഭാ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. സൗമ്യമായി വിമതരെ കേൾക്കുന്ന മാർ താഴത്തിന്റെ നടപടി സഭാ വിശ്വാസികളിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.