അബുദബി: ഇത്തിഹാദ് റെയില്‍ ശൃംഖലയ്ക്കായുളള അത്യാധുനിക എഞ്ചിനുകളുടെയും കോച്ചുകളുടെയും ആദ്യ ബാച്ച് യുഎഇയിലെത്തി. സായിദ് അല്‍ മുസഫ തുറമുഖങ്ങള്‍ വഴിയാണ് എഞ്ചിനുകളും കോച്ചുകളും എത്തിയത്. അബുദബിയിലെ അല്‍ ദഫ്ര അല്‍ മിർഹ സിറ്റിയില്‍ ഇത്തിഹാദ് റെയില്‍ അധികൃതർ കോച്ചുകള്‍ അനാച്ഛാദനം ചെയ്തു.
രാജ്യത്തുടനീളം തീവണ്ടികളിലൂടെ ചരക്കുനീക്കവും അതോടൊപ്പം തന്നെ യാത്രാ ഗതാഗതവുമാണ് യുഎഇ ലക്ഷ്യമിടുന്നത്. ചരക്ക് തീവണ്ടികളുടെ ബാച്ചുകളുടെ എണ്ണം നിലവിലുളളതിന്‍റെ ആറിരട്ടിയായി വർദ്ധിപ്പിച്ച് 45 ആക്കും. യുഎഇയിലെ ഭൂമിശാസ്ത്രപരമായതും കാലാവസ്ഥപരമായതുമായ മാറ്റങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പന ചെയ്തവയാണ് ഇവ.
യുഎഇ നാഷണല്‍ റെയില്‍ നെറ്റ്വർക്കിന്‍റെ ശേഷി 60 ദശലക്ഷം ടണ്ണിലധികം ചരക്കുകളായി വർദ്ധിപ്പിക്കും. ഇതോടൊപ്പം 70 മുതല്‍ 80 ശതമാനം വരെ കാർബണ്‍ഡയോക്സൈഡ് പുറന്തളളുന്നത് കുറയ്ക്കാനും ഇത്തിഹാദ് റെയിലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ സിആർആർസി ഗ്രൂപ്പാണ് പുതിയ വാഗണുകളുടെ നിർമ്മാണവും വിതരണവും കൈകാര്യം ചെയ്യുക. ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ 70 ശതമാനത്തോളം പൂർത്തിയായി.
നേരത്തെ ജൂണില്‍ ആദ്യത്തെ യാത്ര സ്റ്റേഷന്‍ ഫുജൈറയില്‍ നിർമ്മിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലാണ് യാത്രാ തീവണ്ടികള്‍ സഞ്ചരിക്കുക. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെയുള്ള യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാകും യുഎഇയില്‍ ഇത്തിഹാദ് തീവണ്ടി ചൂളം വിളിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.