രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരേ ചുമത്തിയത് മൂന്നുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം

 രാജ്യവിരുദ്ധ പരാമര്‍ശം: കെ.ടി ജലീലിനെതിരേ ചുമത്തിയത് മൂന്നുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം

പത്തനംതിട്ട: എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഡോ. കെ.ടി ജലീല്‍ സമൂഹ മാധ്യമത്തിലൂടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ഭരണഘടനയോട് വിശ്വാസവും വിധേയത്വവും ഇല്ലാതെ ആക്ഷേപം പ്രസിദ്ധീകരിക്കുക, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാതിരിക്കുക, അങ്ങനെ കലാപശ്രമം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 153-ബി വകുപ്പും ദേശീയതയെ അപമാനിക്കുന്നതിനെതിരായ രണ്ടാം വകുപ്പും ചുമത്തിയാണ് കേസ്.

പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കുറഞ്ഞത് മൂന്നു വര്‍ഷം തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ് ജലീലിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തും. ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

പ്രതി ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്ത് നിലവിലുള്ള ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ അധിനിവേശ കശ്മീരെന്നും അയല്‍രാജ്യമായ പാകിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ കൈയടക്കിവെച്ചിരിക്കുന്ന കശ്മീര്‍ ഭാഗങ്ങളെ ആസാദ് കശ്മീര്‍ എന്നും പ്രകോപനപരമായി സമൂഹമാധ്യമത്തില്‍ വിവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭരണഘടനയേയും സര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തിലും തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും വികാരങ്ങളെ വ്രണപ്പെടുത്തി സ്പര്‍ദ്ധ വളര്‍ത്തുന്നതിനും ശ്രമിച്ചുവെന്നും പറയുന്നുണ്ട്. കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ആര്‍.എസ്.എസ് പത്തനംതിട്ട ജില്ലാ പ്രചാര്‍പ്രമുഖ് അരുണ്‍ മോഹന്‍ അഡ്വ.വി ജിനചന്ദ്രന്‍മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ച തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഷ്മാ ശശിധരന്‍ ജലീലിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ് ഇടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.