വത്തിക്കാന്‍ സിറ്റി: ദൈവരാജ്യത്തിലേക്ക് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. രക്ഷയിലേക്ക് പ്രവേശിക്കാനും അവിടുത്തെ വചനത്തെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യാനും നാം യേശുവിലൂടെ കടന്നുപോകണമെന്നും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. വിവിധ രാജ്യങ്ങളില്‍നിന്ന് നിരവധി വിശ്വാസികളാണ് ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതിനും പാപ്പായുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നതിനുമായി എത്തിയിരുന്നത്.
ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 22 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. സ്വര്‍ഗരാജ്യത്തില്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കണമെന്ന് യേശു ഉദ്‌ബോധിപ്പിക്കുന്ന സുവിശേഷഭാഗമായിരുന്നു അത്.
ജറുസലേമിലേക്കു യാത്ര ചെയ്യുകയായിരുന്ന യേശുവിനോട് ഒരുവന്‍ ഇങ്ങനെ ചോദിക്കുന്നു. കര്‍ത്താവേ രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അപ്പോള്‍ കര്‍ത്താവ് മറുപടി നല്‍കുന്നു: 'ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍' (ലൂക്കാ 13:24).
തിരഞ്ഞെടുക്കപ്പെട്ടവരോ പൂര്‍ണരോ ആയ ചുരുക്കം ചിലര്‍ മാത്രമേ രക്ഷ നേടൂ എന്ന പ്രതീതി ഉളവാക്കുന്ന ഇടുങ്ങിയ വാതിലിന്റെ ചിത്രം നമ്മെ ആശങ്കപ്പെടുത്തും. എന്നാല്‍, യേശു പറഞ്ഞത് ഇപ്രകാരമാണ്്. 'കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും വടക്ക് നിന്നും തെക്ക് നിന്നും ജനങ്ങള്‍ വന്ന് ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കും'(ലൂക്കാ 13:29). അതായത് വാതില്‍ ഇടുങ്ങിയതാണെങ്കിലും അത് എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നു.
ഈ ഇടുങ്ങിയ വാതില്‍ എന്ന സങ്കല്‍പം എന്താണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. യേശു അക്കാലത്തെ ജീവിതത്തില്‍നിന്ന് ഒരു ചിത്രം എടുക്കുകയാണ്, അതായത്, സായാഹ്നമാകുമ്പോള്‍ നഗര കവാടങ്ങള്‍ അടയ്ക്കുകയും ഏറ്റവും ചെറുതും ഇടുങ്ങിയതുമായ വാതില്‍ മാത്രം തുറന്നിടുകയും ചെയ്തിരുന്ന യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാട്ടുന്നു. വീട്ടിലേക്കു തിരികെ പ്രവേശിക്കാന്‍ അതിലൂടെ മാത്രമേ കഴിയുമായിരുന്നുള്ളൂ.
സുവിശേഷത്തില്‍ യേശു ഇപ്രകാരം പറയുന്നു: ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും (യോഹന്നാന്‍ 10:9). ദൈവീക ജീവിതത്തിലേക്കും രക്ഷയിലേക്കും പ്രവേശിക്കുന്നത് മറ്റാരിലൂടെയും അല്ല, അതിനായി യേശുവിലൂടെ കടന്നുപോകണമെന്ന് മാര്‍പാപ്പ പറയുന്നു. അവിടുത്തെ വചനത്തെയും ജീവിതത്തില്‍ ഉള്‍ക്കൊള്ളണം.
നഗരത്തില്‍ പ്രവേശിക്കാനുള്ള ഒരേയൊരു ഇടുങ്ങിയ വാതിലിന്റെ അളവ് ഒരുവന് നിര്‍ണായകമാകുന്നു. അതുപോലെ ക്രൈസ്ത ജീവിതത്തിന്റെ അളവുകോല്‍ ക്രിസ്തുവാണ്. ക്രിസ്തുവിന്മേല്‍ സ്ഥാപിതവും ക്രിസ്തുവിനാല്‍ രൂപപ്പെട്ടതുമാണ് ക്രൈസ്തവ ജീവിതം. ഇതിനര്‍ത്ഥം അളവുകോല്‍ യേശുവും അവിടത്തെ സുവിശേഷവും ആണ്.
ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകുക എന്നതിനര്‍ത്ഥം ക്രിസ്തുവിലൂടെ, അവനെ അനുഗമിക്കുക എന്നാകുന്നു. കുരിശിന്റെ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോയ യേശുവിനെപ്പോലെ സ്നേഹത്തിലും ശുശ്രൂഷയിലും സ്വയം സമര്‍പ്പിച്ച് ജീവിതം നയിക്കണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
സ്വാര്‍ത്ഥത, അഹങ്കാരം, അലസത എന്നിവ മറികടന്ന്, നമ്മെക്കുറിച്ചുള്ള ദൈവീക പദ്ധതിയിലേക്ക് നാം പ്രവേശിക്കണം. അതിനായി കുരിശ് ഉള്‍ക്കൊള്ളുന്ന സ്‌നേഹത്തിന്റെ സാഹസികതയിലുടെ കടന്നുപോകണമെന്ന് മാര്‍പാപ്പ വിശദീകരിക്കുന്നു.
നാം നമ്മുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ വിലയിരുത്തണം. സ്വന്തം താല്‍പ്പര്യങ്ങളെക്കുറിച്ച് മാത്രമാണോ ചിന്തിക്കുന്നത്? അതോ ദൈവീക ജീവിതത്തിലേക്കു പ്രവേശിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന സുവിശേഷത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകാന്‍ നാം യഥാര്‍ത്ഥത്തില്‍ പരിശ്രമിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കണം. യേശുവിനെ കുരിശുവരെ അനുഗമിച്ച പരിശുദ്ധ മാതാവ് നിത്യജീവനിലേക്കു പ്രവേശിക്കാന്‍ നമ്മുടെ ജീവിതത്തെ പ്രാപ്തമാക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.