മന്ത്രിസഭാ പുനസംഘടന ഓണത്തിന് ശേഷം; പരിഗണനയില്‍ നിരവധി പേര്‍

 മന്ത്രിസഭാ പുനസംഘടന ഓണത്തിന് ശേഷം; പരിഗണനയില്‍ നിരവധി പേര്‍

തിരുവനന്തപുരം: ഓണാവധിക്കു ശേഷമേ മന്ത്രിസഭാ പുനസംഘടന ഉണ്ടാവൂ എങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി ആവുന്ന എം.വി ഗോവിന്ദന് പകരം പല പേരുകളും പരിഗണനയിലുണ്ട്.

മന്ത്രി കണ്ണൂര്‍ ജില്ലയില്‍ നിന്നുമതിയെന്ന് തീരുമാനിച്ചാല്‍, കേന്ദ്രകമ്മിറ്റി അംഗവും ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം എ.എന്‍ ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവര്‍ വേണ്ടെന്ന തീരുമാനം ശൈലജയ്ക്കു വേണ്ടി തിരുത്താന്‍ സാധ്യത കുറവാണ്.

കാസര്‍കോട് നിന്ന് പകരക്കാരനെ തേടിയാല്‍ സി.എച്ച് കുഞ്ഞമ്പുവിനാകും സാധ്യത. അതേസമയം മലപ്പുറത്ത് നിന്ന് സി.ഐ.ടി.യു പ്രമുഖനായ പി. നന്ദകുമാറിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചാവിഷയമാവും. വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടാകും.

ഒന്നാം പിണറായി മന്ത്രിസഭയില്‍ കണ്ണൂര്‍ ജില്ലയ്ക്ക് മുഖ്യമന്ത്രി ഉള്‍പ്പടെ മൂന്ന് പേരുണ്ടായിരുന്നു. കാസര്‍കോട് നിന്ന് സി.പി.ഐയിലെ ഇ. ചന്ദ്രശേഖരനും ഉണ്ടായിരുന്നു. രണ്ടാം മന്ത്രിസഭയില്‍ കാസര്‍കോടിന് പ്രാതിനിധ്യമില്ല. കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രിക്കു പുറമേ എം.വി ഗോവിന്ദനാണുള്ളത്. അദ്ദേഹമൊഴിയുമ്പോള്‍ മുഖ്യമന്ത്രി മാത്രമായി കണ്ണൂരിന്റെ പ്രാതിനിധ്യം ചുരുങ്ങും. മുഖ്യമന്ത്രിയുള്ളതുകൊണ്ട് വേറൊരു മന്ത്രി വേണ്ടെന്ന അഭിപ്രായവുമുണ്ട്. ഒരു വര്‍ഷത്തിനു ശേഷം കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.