കോവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ പിന്നിലായി അമേരിക്ക; 1996 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

കോവിഡിന് ശേഷം ആയുര്‍ദൈര്‍ഘ്യത്തില്‍ പിന്നിലായി അമേരിക്ക; 1996 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: മെച്ചപ്പെട്ട ആരോഗ്യ സംവിധാനമുള്ള അമേരിക്കയില്‍ ആയുര്‍ദൈര്‍ഘ്യം 1996 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ന് ശേഷമാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കുത്തനെ ഇടിവ് ഉണ്ടായത്. സര്‍ക്കാര്‍ പുറത്തുവിട്ട ഡേറ്റാ പ്രകാരം കോവിഡ് ആരംഭകാലത്ത് 79 ആയിരുന്ന ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ 76.1 ആയി.

യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡാറ്റ അനുസരിച്ച് 2019 നും 2021 വരെയുള്ള കോവിഡ് തരംഗ കാലഘട്ടത്തിനിടയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 2.7 വര്‍ഷത്തിന്റെ കുറവുണ്ടായി. ഇടിവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കോവിഡ് മാഹാമാരിയെയാണ്. 2019-20 കാലഘട്ടത്തില്‍ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതിന്റെ 74 ശതമാനവും 2020-21 കാലഘട്ടത്തില്‍ 50 ശതമാനവും കാരണമായി ചൂണ്ടിക്കാട്ടുന്നത് കോവിഡ് ആണ്.

15 ശതമാനം കാരണമായി ചൂണ്ടിക്കാട്ടുന്നത് മയക്കുമരുന്നുകളുടെ അമിത ഉപഭോഗവും ജീവിത ശൈലി രോഗങ്ങളുമാണ്. ഹൃദ്രോഗം, വിട്ടുമാറാത്ത കരള്‍ രോഗം, സിറോസിസ്, ആത്മഹത്യകള്‍, അപകടങ്ങള്‍ എന്നിവയും നേരത്തെയുള്ള മരണത്തിന് ഇടയാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



സ്ത്രീ-പുരുഷ ആയുര്‍ദൈര്‍ഘ്യത്തിലും പ്രകടമായ ഇടിവ് ഉണ്ടായിട്ടുണ്ട്. 2021 ലെ കണക്കനുസരിച്ച് പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 73.2 ആയും സ്ത്രീകളുടെ 79.1 ആയും കുറഞ്ഞു. പുരുഷന്മാരില്‍ ഒരു വര്‍ഷത്തെയും സ്ത്രീകളില്‍ 10 മാസത്തെയും ഇടിവാണ് ഉണ്ടായത്. പ്രാദേശികമായും ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. മിസിസിപ്പിയാണ് ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള അമേരിക്കന്‍ സംസ്ഥാനം. 71.9 വര്‍ഷം. 80.7 ഉള്ള ഹവായിലാണ് ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനം.

വികസിത രാജ്യങ്ങളുടെ ആയുര്‍ദൈര്‍ഘ്യ പട്ടികയിലും അമേരിക്ക പിന്നിലാണ്. യുകെയേക്കാള്‍ പിന്നില്‍ ഏഴാം സ്ഥാനത്താണ് അമേരിക്കയുടെ സ്ഥാനം. 80.9 ആണ് ഇംഗ്ലണ്ടിലെ ആയൂര്‍ദൈര്‍ഘ്യം. അമേരിക്കയുടേതാകട്ടെ 76.1 ഉം. ഹോങോംഗും ജപ്പാനുമാണ് പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇരു രാജ്യങ്ങളിലും 85 ആണ് ആയുര്‍ദൈര്‍ഘ്യം. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 84 വര്‍ഷവും ഓസ്ട്രേലിയ, നോര്‍വേ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ 83 വര്‍ഷവും ജര്‍മനിയില്‍ 81 വര്‍ഷവുമാണ് ആയൂര്‍ദൈര്‍ഘ്യം. ഇന്ത്യയിലിത് 69.66 വര്‍ഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.