വധശിക്ഷ നിര്‍ത്തലാക്കാൻ പ്രാര്‍ത്ഥിക്കുക: സെപ്റ്റംബറിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ

വധശിക്ഷ നിര്‍ത്തലാക്കാൻ പ്രാര്‍ത്ഥിക്കുക: സെപ്റ്റംബറിലെ പ്രാര്‍ത്ഥനാ  നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും വധശിക്ഷ നിര്‍ത്തലാക്കുന്നതിനായി പ്രാര്‍ത്ഥിക്കാനും അതിനായി അണിനിരക്കാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പായുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം. മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.

ഓരോ ദിവസവും ലോകമെമ്പാടും വധശിക്ഷയോടുള്ള എതിര്‍പ്പ് വര്‍ദ്ധിച്ചുവരികയാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണ്. കുറ്റവാളികള്‍ക്ക് സ്വയം വീണ്ടെടുക്കാനുള്ള അവസരം നല്‍കി കുറ്റകൃത്യങ്ങളെ കൃത്യമായി അടിച്ചമര്‍ത്താന്‍ സമൂഹത്തിന് കഴിയുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.



വധശിക്ഷ ധാര്‍മ്മികമായി അസ്വീകാര്യമാണ്. കാരണം അത് നമുക്ക് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനമായ ജീവിതത്തെ നശിപ്പിക്കുന്നു. അവസാന നിമിഷം വരെ ഒരു വ്യക്തിക്ക് പരിവര്‍ത്തനം ചെയ്യാനും മാറാനും കഴിയുമെന്നത് നാം മറക്കരുത്. സുവിശേഷത്തിന്റെ വെളിച്ചത്തില്‍, വധശിക്ഷ അസ്വീകാര്യമാണ്. 'കൊല്ലരുത്' എന്ന കല്‍പന നിരപരാധിയെയും കുറ്റവാളിയെയും ഒരുപോലെ സൂചിപ്പിക്കുന്നു - പാപ്പാ തന്റെ വീഡിയോയില്‍ വ്യക്തമാക്കി.

മനുഷ്യവ്യക്തിയുടെ അന്തസിനെ ഇല്ലാതാക്കുന്ന വധശിക്ഷ എല്ലാ രാജ്യങ്ങളിലും നിയമപരമായി നിര്‍ത്തലാക്കുന്നതിനായി എല്ലാവരും അണിനിരക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.