എം.ബി രാജേഷ് മന്ത്രി സഭയിലേക്ക്; എ.എന്‍ ഷംസീര്‍ സ്പീക്കര്‍

എം.ബി രാജേഷ് മന്ത്രി സഭയിലേക്ക്; എ.എന്‍ ഷംസീര്‍ സ്പീക്കര്‍

വകുപ്പുകളില്‍ മാറ്റമില്ല. എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണവും എക്‌സൈസുമാണ് രാജേഷിന് ലഭിക്കുന്ന മുഖ്യ വകുപ്പുകള്‍.

തിരുവനന്തപുരം: സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷിനെ നിശ്ചയിച്ചത്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം തീരുമാനിച്ചത്.

എം.ബി രാജേഷിന് പകരം തലശേരി എംഎല്‍എയായ എ.എന്‍ ഷംസീര്‍ സ്പീക്കറാകും. ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്കും പരിഗണിച്ചിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന അവസരത്തില്‍ രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നെങ്കിലും സ്പീക്കര്‍ പദവി നല്‍കുകയായിരുന്നു. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എം.ബി രാജേഷ്.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഇപ്പോള്‍ സിപിഎം സംസ്ഥാന സമിതിയംഗമാണ്. 2009 ലും 2014 ലും പാലക്കാട് നിന്ന് പാര്ഡലമെന്റിലെത്തി. കാലടി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ. നിനിത കണിച്ചേരിയാണ് ഭാര്യ. വിദ്യാര്‍ഥികളായ നിരഞ്ജനയും പ്രിയദത്തയുമാണ് മക്കള്‍.

സിപിഎം സംസ്ഥാന സമിതി അംഗമായ എ.എന്‍ ഷംസീര്‍ തലശേരിയില്‍ നിന്ന് രണ്ടാം തവണയാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചെയര്‍മാനാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തലശേരി പാറാല്‍ ആമിനാസില്‍ റിട്ടയേഡ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍ സെറീനയുടെയും മകനാണ് ഭാര്യ. ഡോ. പി.എം. സഹല. മകന്‍: ഇസാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.