ചരിത്ര മണ്ടത്തരത്തിന്റെ ആവര്‍ത്തനം?.. കെ.കെ ഷൈലജ മഗ്സസെ പുരസ്‌കാരം സ്വീകരിക്കുന്നത് വിലക്കി സിപിഎം

ചരിത്ര മണ്ടത്തരത്തിന്റെ ആവര്‍ത്തനം?.. കെ.കെ ഷൈലജ മഗ്സസെ പുരസ്‌കാരം സ്വീകരിക്കുന്നത്  വിലക്കി സിപിഎം

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂരില്‍ നിന്നുള്ള സിപിഎം എംഎല്‍എയുമായ കെ.കെ ഷൈലജയ്ക്ക് മാഗ്സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് വിലക്കി സിപിഎം. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് പുരസ്‌കാരം സ്വീകരിക്കുന്നതിന്‌  വിലക്കേര്‍പ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ഷൈലജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്‌.  എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ മാഗ്സസെ ഫൗണ്ടേഷനെ  അറിയിച്ചു.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ഫൗണ്ടേഷന്‍ ഷൈലജയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ മാസം അവസാനം പുരസ്‌കാരത്തിന് അര്‍ഹയായ വിവരം മഗ്സസെ ഫൗണ്ടേഷന്‍ ഷൈലജയെ അറിയിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ ഷൈലജ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ഷൈലജ നിര്‍വഹിച്ചതെന്നാണ് സിപിഎം വിലയിരുത്തുന്നത്. നിപയ്ക്കും കോവിഡിനും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചത്.

ഇതേത്തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഷൈലജ ടീച്ചര്‍ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരേ പ്രവര്‍ത്തിച്ച രമണ്‍ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്നും പാര്‍ട്ടി വിലയിരുത്തി. വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല.

ഏഷ്യയുടെ നോബല്‍ സമ്മാനമായി കണക്കാക്കപ്പെടുന്ന മാഗ്സസെ അവാര്‍ഡ് ഷൈലജ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളി വനിതയായി അവര്‍ മാറുമായിരുന്നു. വര്‍ഗീസ് കുര്യന്‍, എം.എസ് സ്വാമിനാഥന്‍, ബി.ജി വര്‍ഗീസ്, ടി.എന്‍ ശേഷന്‍ എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായും അവര്‍ മാറുമായിരുന്നു.

വിശുദ്ധ മദര്‍ തെരേസ ഉള്‍പ്പെടെ 58 ഇന്ത്യക്കാര്‍ മഗ്സസെ പുരസ്‌കാരത്തിന് ഇതുവരെ അര്‍ഹരായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.