കൂടുതല്‍ മാര്‍ക്ക് വാങ്ങിയതില്‍ അസൂയ: മകന്റെ സഹപാഠിക്ക് മാതാവ് ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി; എട്ടാം ക്ലാസുകാരന്‍ മരിച്ചു

കൂടുതല്‍ മാര്‍ക്ക് വാങ്ങിയതില്‍ അസൂയ: മകന്റെ സഹപാഠിക്ക് മാതാവ് ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി; എട്ടാം ക്ലാസുകാരന്‍ മരിച്ചു

പുതുച്ചേരി: പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിൽ കൂടുതൽ മാർക്ക് വാങ്ങിയതിൽ അസൂയ പൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നു. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തതിനുശേഷം കുട്ടിക്കു നല്‍കുകയായിരുന്നു. മരണത്തിനു തൊട്ടുപിറകെ കുട്ടിക്കു ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ ആശുപത്രി ആക്രമിച്ചു.

പഠനത്തിൽ മകനെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ അമ്മ ചെയ്ത കൊടും ക്രൂരതയില്‍ നടുങ്ങിയിരിക്കുകയാണ് കാരയ്ക്കല്‍. കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളില എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണു ബാലമണികണ്ഠന്‍.

ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിന് പിന്നാലെ ഛര്‍ദിച്ചു കുഴഞ്ഞുവീണു. വിഷം അകത്തു ചെന്നു വെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജ്യൂസ് നല്‍കിയിരുന്നതായി കുട്ടി പറഞ്ഞത്.

തുടർന്ന് സ്കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്ന സ്ത്രീയാണ് ജ്യൂസ് പാക്ക് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ മറ്റൊരു കുട്ടിയുടെ അമ്മയായ സഹായ റാണി വിക്ടോറിയ എന്ന സ്ത്രീയാണ് സുരക്ഷാ ജീവനക്കാരന് ജ്യൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തി.

മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹായ റാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. തന്റെ മകനേക്കാള്‍ പരീക്ഷകളില്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കുനേടുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.