കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 22)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 22)

നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതമെന്തെന്നും, നല്ലതും, പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും. റോമൻസ് 12 : 2

ഒരിടത്ത് ഒരിടത്ത് ഒരു മദ്യപാനി ഉണ്ടായിരുന്നു. അവൻ്റെ  മദ്യപാനം വീട്ടുകാരെ അലോസരപ്പെടുത്തി. അവനെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ അവർ ശ്രമിച്ചെങ്കിലും അവൻ തന്റെ ശീലം മാറ്റാൻ തയ്യാറായില്ല. അവനെ ഉപദേശിക്കുന്നവരോട് അവൻ പറയും "ഞാനല്ല മദ്യപാനമാണ് എന്നെ പിടിച്ചിരിക്കുന്നത്."
ക്രമേണ അവൻറെ ആരോഗ്യം ക്ഷയിച്ചു. ഇത് അവൻറെ ഭാര്യയെ വിഷമത്തിലാക്കി. എങ്ങനെയും തന്റെ ഭർത്താവിനെ രക്ഷിക്കണം എന്നവൾ ഉറച്ചു.
അവൾ ഒരുനാൾ മുഴുക്കുടിയനായ ഭർത്താവിനെയുംകൂട്ടി അടുത്തുള്ള ഒരു ആശ്രമത്തിൽ എത്തി. അവിടെ കൗൺസിലിംഗിൽ വിദഗ്ദനായ ഒരു സന്യാസി ഉണ്ടായിരുന്നു. അവർ അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങൾ ഉണർത്തിച്ചു. സാധു അയാളോട് സംസാരിച്ചപ്പോഴും അയാൾ പറഞ്ഞു സ്വാമി "ഞാനല്ല മദ്യപാനമാണ് എന്നെ പിടിച്ചിരിക്കുന്നത്."
സന്യാസി അവരോട് അടുത്ത ദിവസം വരാൻ പറഞ്ഞയച്ചു. അടുത്ത ദിവസം അവർ എത്തിയപ്പോൾ കാണുന്നത് ഒരു മരത്തെ കെട്ടിപ്പിപ്പിടിച്ചു നിൽക്കുന്ന സന്യാസിയെയാണ്.
മദ്യപാനി സന്യാസിയോട് ചോദിച്ചു അങ്ങ് എന്താണ് മരത്തെ കെട്ടിപ്പിടിച്ചിരിക്കുന്നത്. സന്യാസി പറഞ്ഞു, "ഞാനല്ല മരമാണ് എന്നെ പിടിച്ചിരിക്കുന്നത്." സന്യാസി അവരോട് പറഞ്ഞു “നിങ്ങൾ പോയി നാളെ വരൂ. ഈ മരം എന്നെ വിടുന്നില്ല.” അവർ അടുത്തദിവസവും ആശ്രമത്തിൽ എത്തിയപ്പോൾ സന്യാസിയുണ്ട് മരത്തെ കെട്ടിപ്പിടിച്ച് അതേ നിൽപ്പ്. ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "ഞാനല്ല മരമാണ് എന്നെ പിടിച്ചിരിക്കുന്നത്. നിങ്ങൾ പോയി നാളെ വരൂ."
പലനാൾ ഇത് തുടർന്നപ്പോൾ മദ്യപാനിക്ക് ക്ഷമ നശിച്ചു. ഒരുദിവസം അയാൾ ചോദിച്ചു, "സ്വാമി മരമല്ലല്ലോ നിങ്ങളെ പിടിച്ചിരിക്കുന്നത്, നിങ്ങളല്ലേ മരത്തെ പിടിച്ചിരിക്കുന്നത്?"
സ്വാമി പറഞ്ഞു, "ഇതുതന്നെയാണ് കുറെ ദിവസങ്ങളായി ഞാൻ നിന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. മദ്യപാനമല്ല നീയാണ് മദ്യപാനത്തെ പിടിച്ചിരിക്കുന്നത്."
മദ്യപാനിക്ക് കാര്യം പിടികിട്ടി. മദ്യപാനമല്ല അവനാണ് മദ്യപാനത്തെ മുറുകെ പിടിച്ചിരിക്കുന്നത്. അവന്റെ തിരിച്ചറിവ് അവനെ മദ്യപാനത്തിൽനിന്ന് മുക്തനാക്കി.
നമ്മുടെ ദുശീലങ്ങൾ എല്ലാം ഇങ്ങനെ ആണ്. നമ്മൾക്ക് തോന്നും നമ്മളല്ല ദുശീലങ്ങളാണ് നമ്മളെ പിടിച്ചിരിക്കുന്നത് നമ്മുക്ക് അതിൽനിന്ന് മോചനം നേടാനാകില്ല എന്ന്. എന്നാൽ ഇത് തികച്ചും തെറ്റാണ്. എല്ലാ ദുശീലങ്ങളെയും നമ്മളാണ് പിടിച്ചിരിക്കുന്നത് അത് നമ്മൾ മനസുവച്ചാൽ മാറ്റാവുന്നതേയുള്ളൂ. ആദ്യം വേണ്ടത് ഈ തിരിച്ചറിവാണ്. കൂടെ ദൈവകൃപക്കായും കൂടി പ്രാർത്ഥിക്കുക.
നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ ? 1 കോറിന്തോസ് 6: 19


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.