ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 72-ാം പിറന്നാള്‍. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയതിന്റെ നിറവിലാണ് പ്രധാനമന്ത്രിയുെട ജന്മദിനം. ബ്രിട്ടനെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായതിന്റെ മധുരം നുണഞ്ഞാണ് മോദിക്ക് ഇത്തവണത്തെ ജന്മദിനം. വികസിത രാജ്യമെന്ന സ്വപ്നത്തിനായുള്ള ആഹ്വാനം മോഡി നല്‍കിക്കഴിഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി. കൂടുതല്‍ കാലം അധികാരത്തിലിരുന്ന നേതാവ്. തുടങ്ങി ഏറ്റവും കൂടുതല്‍ പുസ്തകങ്ങളെഴുതിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാരിലൊരാള്‍ എന്ന പെരുമ വരെ മോഡിയ്ക്ക് സ്വന്തമാണ്. ഗുജറാത്തിലെ വഡ്നഗറിലാണ് അദ്ദേഹം ജനിച്ചത്.
2004ലും പിന്നീട് 2009ലും തുടര്‍ച്ചയായി രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. വിധിയെഴുത്തിനെയെല്ലാം കാറ്റില്‍ പറത്തി ഒരു ദശാബ്ദത്തിനിപ്പുറം 2014ല്‍ ഗുജറാത്തില്‍ നിന്ന് ബിജെപിയെ ഒറ്റയ്ക്ക് തോളിലേറ്റി മോഡി ഇന്ദ്രപ്രസ്ഥത്തിലേക്ക് പടനയിച്ചു.
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകളാണ്. സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് ഊര്‍ജം പകര്‍ന്നത് നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദര്‍ദാസ് മോഡി വളര്‍ന്നുയര്‍ന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്.
സമൂഹത്തിലെ ദുര്‍ബലരും ദരിദ്രരുമായവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നാണ് മുന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞത്. മോഡിയുടെ 72ാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ നേരുകയായിരുന്നു മുന്‍ രാഷ്ട്രപതി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങള്‍ക്കും വികസന മോഹങ്ങള്‍ക്കും ചിറകേകിയ അംബേദ്കറുടെ സ്വപ്നങ്ങള്‍ സഫലീകരിക്കുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്നും അദ്ദേഹം ആശംസകള്‍ നേര്‍ന്നുകൊണ്ട് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ജന്മദിനം വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപിയുടെ വിവിധ സംസ്ഥാന ഘടങ്ങള്‍. തമിഴ്‌നാട് ബിജെപി ഘടകം ഇന്ന് ചെന്നൈയിലെ ആര്‍.എസ്.ആര്‍.എം ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കും. രണ്ട് ഗ്രാം വീതമുള്ള മോതിരമായിരിക്കും അണിയിക്കുക. ഓരോ മോതിരത്തിനും അയ്യായിരം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു. ആയിരക്കണക്കിന് രക്തദാന ക്യാംപുകള്‍, ആരോഗ്യ പരിശോധന ക്യാംപുകള്‍ എന്നിവ നടത്തും.
പ്രധാനമന്ത്രിയുടെ ജീവിതത്തെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും ബിജെപി പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകള്‍ നടത്തും. സൗജന്യ ആരോഗ്യ പരിശോധനാ ക്യാംപുകളുമുണ്ടാകും. കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
ടിബി മുക്ത ഭാരത ക്യാംപെയ്‌നിന്റെ ഭാഗമായി അസുഖബാധിതരെ ഒരു വര്‍ഷത്തേക്കു ദത്തെടുത്ത് ആവശ്യമുള്ള ചികിത്സാ സഹായങ്ങള്‍ നല്‍കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. രണ്ടു ദിവസം രാജ്യമാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജലസംരക്ഷണ ബോധവല്‍ക്കരണം, സാംസ്‌കാരിക, ബുദ്ധിജീവി സമ്മേളനങ്ങള്‍, പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ് നേര്‍ന്ന് കത്തെഴുതല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.