കാമറൂണില്‍ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി; അഞ്ച് വൈദികരും സന്യാസിനിയുമടക്കം 8 പേരെ തട്ടിക്കൊണ്ടു പോയി

കാമറൂണില്‍ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കി;  അഞ്ച് വൈദികരും സന്യാസിനിയുമടക്കം 8 പേരെ തട്ടിക്കൊണ്ടു പോയി

യുവാന്‍ഡേ: ആഭ്യന്തര യുദ്ധം രൂക്ഷമായ പടിഞ്ഞാറന്‍ കാമറൂണില്‍ അഞ്ച് വൈദികരെയും ഒരു സന്യാസിനിയെയും രണ്ട് വിശ്വാസികളെയും വിഘടനവാദികള്‍ തട്ടിക്കൊണ്ടു പോയി. കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാംഫെ രൂപതയിലെ ന്‍ചാങ്ങിലുള്ള സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

'ന്‍ചാങ്ങിലെ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയം കത്തിക്കുകയും അഞ്ച് പുരോഹിതന്മാരെയും ഒരു സന്യാസിനിയെയും രണ്ട് വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത വാര്‍ത്ത ഞെട്ടലുളവാക്കുന്നതും ഭയാനകവുമാണ്. അജ്ഞാതരായ തോക്കുധാരികളാണ് ഈ ആക്രമണം നടത്തിയത്' - ബമെന്‍ഡ സഭാപ്രവിശ്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സഭയ്ക്കും സഭാ ശുശ്രൂഷകര്‍ക്കുമെതിരായ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും പുരോഹിതന്മാരെയും സന്യാസിനിയെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോയവര്‍ എത്രയും വേഗം അവരെ വിട്ടയക്കണമെന്നും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

'ആംഗ്ലോഫോണ്‍ ക്രൈസിസ്' എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധം മൂലം കാമറൂണിലെ ജനങ്ങള്‍ വളരെയധികം ദുരിതം അനുഭവിക്കുകയാണ്. സര്‍ക്കാര്‍ സൈന്യത്തിനെതിരേ സായുധ വിഘടനവാദികളുടെ പോരാട്ടം രൂക്ഷമാണ്. ഈ യുദ്ധത്തില്‍ നിരവധി ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. 2014 മുതല്‍ ആരംഭിച്ച ഈ സംഘര്‍ഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും 5,00,000 പേര്‍ പലായനം ചെയ്യുന്നതിനും ഇടയാക്കി.

സെപ്റ്റംബര്‍ ആറിന് വിഘടനവാദികള്‍ മുയുക്ക എന്ന പട്ടണത്തില്‍ ഒരു ബസിനു നേരെ നടത്തിയ വെടിവയ്പ്പില്‍ ആറോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കാമറൂണില്‍ മൂന്നില്‍ രണ്ട് ഭാഗവും ക്രൈസ്തവരാണ്. 25-30 % മുസ്ലീങ്ങളാണ് ഈ രാജ്യത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.