14 വയസില്‍ മൂന്നു വിദ്യാര്‍ഥികളുടെ ജീവനെടുത്തു; 39 വയസില്‍ പരോളിന് അപേക്ഷിച്ച് കെന്റക്കി സ്‌കൂള്‍ വെടിവയ്പ്പിലെ പ്രതി

14 വയസില്‍ മൂന്നു വിദ്യാര്‍ഥികളുടെ ജീവനെടുത്തു; 39 വയസില്‍ പരോളിന് അപേക്ഷിച്ച് കെന്റക്കി സ്‌കൂള്‍ വെടിവയ്പ്പിലെ പ്രതി

കെന്റക്കി: കാല്‍നൂറ്റാണ്ട് മുമ്പ് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്ത് മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതി പരോളിനായുള്ള കാത്തിരിപ്പില്‍. 14-ാം വയസില്‍ നടത്തിയ കൂട്ടക്കൊലയെതുടര്‍ന്ന് അറസ്റ്റിലായ പ്രതി മൈക്കല്‍ കാര്‍നിയലാണ് 25 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ കെന്റക്കി പരോള്‍ ബോര്‍ഡിനു മുന്‍പാകെ പരോളിനായി അപേക്ഷിച്ചത്. ഇതിനായുള്ള വാദം വീഡിയോ കോണ്‍ഫന്‍സിലൂടെ ഇന്നു നടക്കും.

അതിനുശേഷം പരോള്‍ ബോര്‍ഡിലെ രണ്ടംഗ പാനല്‍ അദ്ദേഹത്തിന് പരോള്‍ നിരസിക്കുകയോ അനുവദിക്കുകയോ ചെയ്യാമെന്ന് ചെയര്‍പേഴ്സണ്‍ ലദീദ്ര ജോണ്‍സ് പറഞ്ഞു.

1997 ഡിസംബര്‍ ഒന്നിനാണ് അമേരിക്കയെ ഞെട്ടിച്ച സംഭവമുണ്ടാകുന്നത്. പാദുകയിലെ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


കെന്റക്കിയിലെ ഹീത്ത് ഹൈസ്‌കൂളിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് പ്രതി മൈക്കല്‍ കാര്‍നിയലിനെ പിടികൂടിയപ്പോള്‍ (1997-ല്‍ എടുത്ത ചിത്രം)

സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 14 വയസു മാത്രമാണ് പ്രായമെന്നും അന്ന് പാരാനോയിഡ് സ്‌കീസോഫ്രീനിയ എന്ന വ്യക്തിത്വ വൈകല്യം ബാധിച്ചിരുന്നുവെന്നും വാദിച്ചാണ് മോചനത്തിനായി ശ്രമിക്കുന്നത്. ഇതുകൂടാതെ ഇപ്പോള്‍ 39 വയസുകാരനായ പ്രതി മാനസികാരോഗ്യ ചികിത്സ തേടുകയും വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ജയിലിനുള്ളില്‍ പോസിറ്റീവായ സമീപനമുള്ള വ്യക്തിയായി മാറിയെന്നും പരോളിനായുള്ള അപേക്ഷയില്‍ അറ്റോര്‍ണി അലാന മേയര്‍ എഴുതുന്നു.

മൂന്ന് കൊലപാതകങ്ങള്‍, അഞ്ച് കൊലപാതകശ്രമങ്ങള്‍, മോഷണം തുടങ്ങിയ കുറ്റങ്ങളിലാണ് മൈക്കല്‍ കാര്‍നിയലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരെ 25 വര്‍ഷത്തിന് ശേഷം പരോളിനായി പരിഗണിക്കണമെന്ന് കെന്റക്കിയിലെ നിയമം പറയുന്നു.

1997 ഡിസംബര്‍ ഒന്നിന് പാദുകയ്ക്ക് സമീപമുള്ള ഹീത്ത് ഹൈസ്‌കൂളിന്റെ ലോബിയിലാണ് വെടിവയ്പ്പുണ്ടായത്. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥനയ്ക്കിടെ മോഷ്ടിച്ച പിസ്റ്റള്‍ ഉപയോഗിച്ച് പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാര്‍നിയല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

കഴിഞ്ഞ മേയില്‍ ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളില്‍ പതിനെട്ട് വയസുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ പതിനെട്ട് കുട്ടികളും ഒരു അധ്യാപികയുമടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മൈക്കല്‍ കാര്‍നിയലിന്റെ പരോളിനായുള്ള അപേക്ഷ പല തലത്തിലുള്ള ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ഹിയറിംഗ് നടന്നിരുന്നു. മൈക്കല്‍ കാര്‍നിയലിന് പരോള്‍ നല്‍കുന്നതിനെ ഇവര്‍ ശക്തമായി എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതി ജയിലില്‍ തുടരുന്നതാണ് ഇരകള്‍ക്ക് സുരക്ഷിതമെന്നും കുടുംബാംഗങ്ങള്‍ വാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.