മനുഷ്യന്റെ സാംസ്‌കാരിക വികാസത്തിന്റെ സുപ്രധാനമായ ഒരു ഘട്ടമാണ് ഭാഷയുടെ ഉപയോഗവും വികാസവും. സാമൂഹിക ജീവി എന്ന നിലയിൽ ഉള്ള മനുഷ്യന്റെ വളർച്ചയിൽ ഭാഷ വഹിച്ച പങ്ക് വളരെ വലുതാണ്. ഭാഷയാണ് മനുഷ്യനെ പരസ്പരം നന്നായി ആശയവിനിമയം ചെയ്യാൻ പര്യാപ്തനാക്കിയത്. വാമൊഴിയായി ജനിച്ച ഭാഷ വരമൊഴിയിലേക്കും പിന്നീട് സാഹിത്യത്തിൻറെ വിവിധ രൂപങ്ങളിലേക്കും രൂപഭേദം പ്രാപിച്ചു. ഈ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങൾ നമ്മുടെ സാംസ്‌കാരിക വളർച്ചയുടെ ഭാഗം കൂടിയാണ്.
സാഹിത്യം എന്നാൽ സാഹിത്യഭാവമുള്ളത് എന്നാണ് അർഥം. സഹൃദയയുടെ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുക എന്നതാണ് സാഹിത്യത്തിൻറെ ലക്ഷ്യം. സാഹിത്യം മനുഷ്യന്റെ ജീവിതവുമായും വികാരങ്ങളുമായും ചിന്തകളുമായും ഏറെ അടുത്തുനിൽക്കുന്നതാണ് . മനുഷ്യജീവിതത്തിന്റെ വ്യത്യസ്തഭാവതലങ്ങളെ ഭാവതീവ്രത ഒട്ടും ചോരാതെ അതിഭാവുകത്വം കലരാതെ അവതയ്പ്പിക്കുന്നവയാണ് മഹത്തായ സാഹിത്യ കൃതികൾ. മനുഷ്യന്റെ വ്യക്തിജീവിതത്തിന്റെ വിവിധങ്ങളായ ഭാവഭേദങ്ങളിലേക്കു തുറന്നു വെച്ച കണ്ണാടിയാണ് സാഹിത്യം. മനുഷ്യന്റെ ഋതുഭേദങ്ങളെ വ്യക്തമായി സാഹിത്യം വരച്ചു കാട്ടുന്നുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്വാധീനമാണ് ദൈവവും മനുഷ്യനുമായ ക്രിസ്തു. വിശ്വസാഹിത്യഭൂമികയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ക്രിസ്തുവിനും ക്രിസ്തുമതത്തിനും പുറത്തു കണ്ടെത്തുക സാധ്യമാണോ എന്ന് സംശയമാണ്. ക്രിസ്തുവും ക്രൈസ്തവമൂല്യങ്ങളും സാഹിത്യത്തെയും ഭാഷയെയും സ്വാധീനിച്ചതിനെപ്പറ്റിയുള്ള ഒരു ചെറുപഠനമാണ് ഈ ലേഖനപരമ്പരയുടെ ലക്ഷ്യം.
മലയാളസാഹിത്യത്തിൻറെ ആദ്യകാല ചരിത്രവും ക്രൈസ്തവരും
ഭാരതസംസ്കാരത്തിന്റെ യശസ്സ് ഉയർത്തുന്നതിലും പാരമ്പര്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും ഇവിടുത്തെ ന്യൂനപക്ഷമായ ക്രൈസ്തവജനത പ്രശംസാർഹമായ പ്രവർത്തനങ്ങളാണ് ഇക്കാലമത്രയും നൽകി പോന്നിട്ടുള്ളത് . മലയാളസാഹിത്യത്തിന്റെയും ഭാഷയുടെയും പുരോഗതിയിൽ സ്വദേശിയരും വിദേശീയരുമായ ക്രൈസ്തവ സമുദായം കാഴ്ചവച്ച വിശിഷ്ട സേവനം ആർക്കും അവഗണിക്കാനാവില്ല മതപ്രചാരണാർത്ഥം ഇവിടെ എത്തിയ ധർമ്മനിഷ്ഠരും കർമ്മ ശുദ്ധരുമായ വിദേശമിഷനറിമാർ മറ്റൊരു പ്രേക്ഷിതവൃത്തിയായി ആയി മലയാളഭാഷാസാഹിത്യ പോഷണത്തിന് ശ്രമിച്ചത് കൈരളിക്ക് അനുഗ്രഹമായി തീർന്നു എന്നത് ഒരു ചരിത്ര പാഠമാണ്. ഗദ്യപദ്യസാഹിത്യമേഖലയിലും ദൃശ്യവിസ്മയസാഹിത്യത്തിലും പത്രമാധ്യമപ്രവർത്തനത്തിലുമൊക്കെ അടിസ്ഥാന അറിവുകൾ പതിപ്പിക്കാനും നവീനങ്ങളായ പരിപ്രേക്ഷ്യങ്ങൾ സൃഷ്ടിക്കാനും പ്രതിഭാശാലികളും മനീഷികളുമായ ക്രൈസ്തവസാധിഷ്ടർക്കു കഴിഞ്ഞു എന്നത് ചാരിതാർഥ്യം തുളുമ്പുന്ന വസ്തുതയാണ്.
സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനത്തിൽ നിന്നും മോചിപ്പിച്ചു സ്വതന്ത്രമായൊരു ഭാഷയായി മലയാളത്തെ വളർത്തുന്നതിലും ഭാഷയുടെ ശാസ്ത്രീയഘടനക്കായി വ്യാകരണനിയമങ്ങൾ രൂപവത്കരിക്കുന്നതിലും ഭാഷയും സാഹിത്യവും സർവരിലും എത്തിച്ചേരുന്നതിനും സാഹിത്യകൃതികളുടെ പ്രചാരണത്തിനുമായി അച്ചടി വ്യാപിപ്പിക്കുന്നതിലും മറ്റും ക്രൈസ്തവർ നൽകിയ സംഭാവനകൾ മലയാളഭാഷാസാഹിത്യത്തിന്റെ പുരോഗതിക്കു നിദാനമായി എന്നത് ഒരു ചരിത്രവസ്തുതയാണ്.
മലയാളസാഹിത്യ ചരിത്രത്തിലെ ക്രൈസ്തവസാന്നിധ്യം ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ ആരംഭിക്കുന്നു എന്ന് പൊതുവിൽ പറയാം. ഡോ. ജോസഫ് കരിയാറ്റി രചിച്ച 'വേദതർക്കം' (1768) ക്ലെമെൻറ് പിയാനിയുസ് പാതിരിയുടെ 'സംക്ഷേപവേദാർത്ഥം'(1772) ഹെർമൻ ഗുണ്ടർട്ടിന്റെ 'പാഠമാല' (1860) 'മലയാളരാജ്യം' (1868 ) തുടങ്ങിയ കൃതികൾ മലയാളസാഹിത്യത്തിൽ പൂർവ്വകാലം മുതലുള്ള ക്രൈസ്തവസാന്നിധ്യത്തിന് തെളിവാണ്. ഭാരതീയഭാഷകളിലെ തന്നെ ആദ്യ യാത്രാവിവരണഗ്രന്ഥമായ പാറേമ്മാക്കൽ ഗോവർണ്ണദോറിന്റെ 'വർത്തമാനപുസ്തകം ' (1785 ) മലയാളഭാഷയിലെ ആദ്യത്തെ ചരിത്രഗ്രന്ഥമായ അയ്മനം പി ജോണിന്റെ 'ഇന്ത്യാചരിത്രം' (1860 ) മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യജീവചരിത്രമായ 'സെറാഫാ അമ്മത്രേസിയായുടെ ജീവചരിത്രം' (മുതലായ കൃതികൾ സാഹിത്യപുരോഗതിക്ക് വഴിതെളിച്ച ക്രൈസ്തവസംഭാവനകളുടെ നിരയിലെ ആദ്യ അംഗങ്ങളാണ്.
(തുടരും)
ഡീ. ജോസഫ് ഈറ്റോലിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.