അമേരിക്കയില്‍ മാരകശേഷിയുള്ള ദശലക്ഷത്തിലധികം ഫെന്റനില്‍ ലഹരി ഗുളികകള്‍ പിടികൂടി; രണ്ടു പേര്‍ പിടിയില്‍

അമേരിക്കയില്‍ മാരകശേഷിയുള്ള ദശലക്ഷത്തിലധികം ഫെന്റനില്‍ ലഹരി ഗുളികകള്‍ പിടികൂടി; രണ്ടു പേര്‍ പിടിയില്‍

ഫീനിക്സ് (അരിസോണ): മാരകശേഷിയുള്ള ഫെന്റനില്‍ ലഹരി ഗുളികകള്‍ വന്‍ തോതില്‍ പിടിച്ചെടുത്ത സംഭവത്തില്‍ അമേരിക്കയിലെ ഫീനിക്സില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഫീനിക്സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനില്‍ വേട്ടയില്‍ ഒരു ദശലക്ഷത്തിലധികം ഗുളികകളാണു പിടികൂടിയത്. സംഭവത്തില്‍ ഫ്രാന്‍സിസ്‌കോ ഡെല്‍ഗാഡോ (26), ജോസ് മോളിന (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി മാരികോപ കൗണ്ടി ജയിലില്‍ അടച്ചു.

ഫീനിക്‌സ് നഗരമായ അവോന്‍ഡേലിലെ ഒരു വീട്ടില്‍ നിന്നാണ് ഒരു ദശലക്ഷത്തിലധികം ഫെന്റനില്‍ ഗുളികകളും തോക്കും പിടികൂടിയത്.

ഒറിഗോണില്‍ അടുത്തിടെ 92,000 ഫെന്റനില്‍ ഗുളികകളും മൂന്ന് പൗണ്ട് കൊക്കെയ്നും 10 പൗണ്ട്
മെതാംഫെറ്റമെയ്‌നും അധികൃതര്‍ വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവന്‍ അപഹരിച്ച ഒരു സിന്തറ്റിക് ഒപിയോയിഡാണ് ഫെന്റനില്‍. അമേരിക്കയില്‍ ഏറ്റവും അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഫെന്റനില്‍. കാന്‍സര്‍ മൂര്‍ച്ഛിച്ച രോഗികള്‍ക്ക് വേദനാസംഹാരിയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഗുളികയാണിത്. മോര്‍ഫിനേക്കാള്‍ നൂറ് മടങ്ങ് ശക്തമാണ് ഫെന്റനില്‍ എന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്കയില്‍ ചെറിയ രോഗങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഫെന്‍നില്‍ കഴിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ഈ ലഹരിക്ക് അടിമകളായത്.

കഴിഞ്ഞ വര്‍ഷം യുഎസില്‍ നിരവധിയിടങ്ങളില്‍ നിന്നാണ് അനധികൃത സിന്തറ്റിക് ഒപിയോയിഡ് ഫെന്റനില്‍ പിടികൂടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഇതിന്റെ ഉപയോഗം പതിന്മടങ്ങ് കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ അടിമകളാകാന്‍ കഴിയുന്ന വളരെ ശക്തമായ ഒപിയോയിഡാണിതെന്ന് വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.