കേപ് കനാവെറല്‍: മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ എത്തിക്കാനുള്ള നാസ പദ്ധതിയായ ആര്‍ട്ടിമിസിന്റെ പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ വീണ്ടും പ്രതിസന്ധി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെതുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി.
അപ്പോളോ ദൗത്യത്തിന്റെ തുടര്‍ച്ചയായ ആര്‍ട്ടിമിസ് പദ്ധതിയില്‍ ഇത് മൂന്നാം തവണയാണ് വിക്ഷേപണം തടസപ്പെടുന്നത്. ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ചയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും മൂലം രണ്ട് തവണ വിക്ഷേപണം മുടങ്ങിയിരുന്നു. ഇതെല്ലാം പരിഹരിച്ചിരുന്നു. നിലവില്‍ കരീബിയന്‍ തീരത്ത് വീശിയടിക്കുന്ന ഉഷ്ണമേഖല കൊടുങ്കാറ്റ് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും വ്യാഴാഴ്ചയോടെ ഫ്‌ളോറിഡ തീരത്ത് ആഞ്ഞടിക്കുമെന്നുമാണ് പ്രവചനങ്ങള്‍.
നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രം അടക്കം ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിലാണുള്ളത്. ചൊവ്വാഴ്ചത്തെ വിക്ഷേപണ ശ്രമം ഉപേക്ഷിക്കാനും, യാത്രക്കാരെ വഹിക്കുന്ന ഓറിയോണ്‍ കാപ്സ്യൂള്‍ അടക്കമുള്ള എസ്.എല്‍.എസ് റോക്കറ്റ് ലോഞ്ച് പാഡില്‍നിന്ന് നീക്കാനും വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങിലേക്ക് തിരികെ എത്തിക്കാനും നാസ ശനിയാഴ്ച തീരുമാനിച്ചു. വിക്ഷേപണത്തറയില്‍ തുടര്‍ന്നാല്‍ നാസയ്ക്ക് ഒക്ടോബര്‍ രണ്ടിന് വിക്ഷേപണത്തിന് ശ്രമിക്കാം. എന്നാല്‍ തിരികെ എത്തിച്ചാല്‍ നവംബറിലേക്ക് നീണ്ടേക്കാം. ഇക്കാര്യത്തില്‍ ഞായറാഴ്ച അന്തിമ തീരുമാനം എടുക്കും. നാസയുടെ എസ്.എല്‍.എസ് റോക്കറ്റിലാണ് ആര്‍ട്ടിമിസ് എന്ന ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ആര്‍ട്ടിമിസ് ഒന്നിന്റെ ആദ്യ വിക്ഷേപണം നടക്കുക.
2024-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതിന് മുന്നോടിയായാണ് നാസ പരീക്ഷണാര്‍ത്ഥം ആര്‍ട്ടിമിസ് 1 വിക്ഷേപിക്കുന്നത്. പരീക്ഷണ യാത്രയായതിനാല്‍ മനുഷ്യര്‍ യാത്രക്കാരായിരിക്കില്ല. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.