ഓപ്പറേഷന്‍ ഒക്ടോപ്പസില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടുങ്ങിയെങ്കില്‍ രാജ്യം നടുങ്ങിയത് പിന്നീട് അന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ട വിവരങ്ങള്‍ കേട്ടാണ്. മലയാളികള്‍ ഞെട്ടിയത് നമ്മുടെ കൊച്ചു കേരളം തീവ്രവാദത്തിന്റെ കട്ടച്ചോര മണക്കുന്ന ഹബ്ബായി മാറിക്കഴിഞ്ഞു എന്ന തിരിച്ചറിവിലാണ്. 
കാരണം അറസ്റ്റു ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ പ്രധാനികളെല്ലാം മലയാളികളാണ്. തീവ്രവാദം നട്ടു നനച്ച് വളര്‍ത്തിയതും അതിന്റെ  മാസ്റ്റര്‍ ബ്രെയിനും മലയാളികള്‍ തന്നെ.
പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് സ്വാഗതാര്‍ഹമാണ്.  കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും ഇ.ഡിയും നടത്തിയ ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് സംഘടനയെ താമസം വിനാ നിരോധിക്കാന്‍ കേന്ദ്രത്തിന് പ്രചോദനമായത്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ചു, ആഗോള ഭീകര സംഘടനയായ അല്‍ ഖ്വൊയ്ദയില്‍ നിന്നും പണം സ്വീകരിച്ച് ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി, ചില സാമുദായിക നേതാക്കളെ ഉള്‍പ്പെടെയുള്ള പ്രമുഖരെ വകവരുത്താന്‍ പദ്ധതിയിട്ടു, അതിനായി ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി തുടങ്ങിയ അതീവ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ ഏജന്‍സികളുടേത്.
ആഗോള ഭീകരനായിരുന്ന അല്‍ ഖ്വൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദനായി അബാട്ടാബാദില്‍ അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ ജെറോനിമോ' (പിന്നീട് 'ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്റ്റാര്‍' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു) പോലെ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കുടുക്കിയത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ വമ്പന്‍ സ്രാവുകളെല്ലാം വലയിലായി.
ഒരു രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റിക്കൊണ്ട് ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ദേശദ്രോഹ നിലപാടാണ് പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചു വന്നത്. മത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് എന്ന പേരില്‍ രൂപീകൃതമായ സംഘടന പിന്നീട് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമായ മത തീവ്രവാദത്തിലേക്ക് നീങ്ങുകയായിരുന്നു. 
കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിരോധിച്ച സിമി, പിന്നീട് വന്ന എന്‍ഡിഎഫ്, എസ്ഡിപിഐ എന്നീ സംഘടനകളുടെ നേതൃ നിരയിലുണ്ടായിരുന്ന തീവ്ര ഇസ്ലാമിസ്റ്റുകളായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെയും സ്ഥാപക നേതാക്കള്‍. 2007 ലാണ് രൂപീകൃതമായമായതെങ്കിലും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്  സംഘടന രാജ്യവ്യാപകമായി ശക്തി പ്രാപിച്ചത്. 
കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നുള്ള നയ വ്യതിയാനത്തില്‍ അസംതൃപ്തരായിരുന്ന മുസ്ലീം മത വിഭാഗങ്ങളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ  വര്‍ഗീയതയുടെ ക്യാപ്‌സ്യൂളുകള്‍ നല്‍കി വളരെ പെട്ടന്നു തന്നെ സംഘടനയിലെത്തിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞു. കേരളം ഭരിച്ച ഇടത്, വലത് മുന്നണികളുടെ സഹായവും ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചു പോന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്ന ഇരു മുന്നണികളുടെയും സഹായം ഇപ്പോഴും അനസ്യൂതം ലഭിക്കുന്നുമുണ്ട്. 
അതിന്റെ അവസാനത്തെ ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കള്‍ അത്ര കടുപ്പിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കിലും തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന താല്‍പര്യം അവര്‍ക്കുമുണ്ടായിരുന്നില്ല. 
  
കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്ന  ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ സാമൂഹ്യ വിപത്തുകളില്‍ പ്രതികളായിട്ടുള്ള ബഹുഭൂരിപക്ഷവും പോപ്പുലര്‍ ഫ്രണ്ടുകാരോ അവരുമായി അടുപ്പമുള്ളവരോ ആണ് എന്നത് സമാധാന കാംഷികളായിട്ടുള്ളവര്‍ക്ക് ഈ സംഘടന എത്രകണ്ട് ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു. 
ഇതിനെല്ലാം ആവശ്യമായ പണം വിദേശ മുസ്ലീം രാജ്യങ്ങളില്‍ നിന്നും ഹവാലയായി ഒഴുകിയെത്തുന്നു. ഇത്തരത്തില്‍ 120 കോടി രൂപയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ അക്കൗണ്ടുകളില്‍ വന്നു ചേര്‍ന്നതെന്നാണ് എന്‍ഐഎയും ഇ.ഡിയും കണ്ടെത്തിയിട്ടുള്ളത്. ഇതിനെല്ലാം ചിട്ടയായ സംവിധാനം ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടനയ്ക്കുണ്ട്. 
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും പിന്നിലല്ലെങ്കിലും കഴിഞ്ഞ 20  വര്‍ഷത്തിനിടയില്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളായ എന്‍ഡിഎഫ്, എസ്ഡിപിഐ എന്നിവയും ചേര്‍ന്ന് നാല്‍പ്പതിലധികം കൊലപാതകങ്ങളാണ് കേരളത്തില്‍ നടത്തിയിട്ടുള്ളത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് എതിര് നില്‍ക്കുന്നവരെ കൊന്നു തള്ളാന്‍ യാതൊരു മടിയും അവര്‍ക്കില്ല. 
2001 ജൂണ്‍ രണ്ടിന് കോഴിക്കോട് കല്ലാച്ചി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ 	ഇടന്തുള്ളില്‍ ബിനുവിനെ  എന്‍ഡിഎഫ് വധിച്ചതു മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 16 ന് പാലക്കാട് മേലാമുറി സ്വദേശിയും ബിജെപി അനുഭാവിയുമായ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതു വരെ എത്തി നില്‍ക്കുന്നു തീവ്രവാദ സംഘടനയുടെ കൊലപാതക പരമ്പര. ഇതിനിടെ 2010 ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞും സംഘടന ഭീകരത സൃഷ്ടിച്ചു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പാലക്കാട് എലപ്പുള്ളി സ്വദേശി സുബൈറിനെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ്് പിറ്റേന്ന് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീനിവാസനെ വധിച്ചത്. കൊലയ്ക്ക് മറുപടി കൊല തന്നെ. അതാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും തീവ്രവാദ സംഘടനകളുടെയും നയം. 
എന്തായാലും മത തീവ്രവാദത്തേയും വര്‍ഗീയതയേയും ചെറുക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുമ്പോഴും ചില ഹൈന്ദവ സംഘടനകള്‍ പിന്തുടരുന്ന തീവ്ര വര്‍ഗിയ നിലപാടുകള്‍ സര്‍ക്കാര്‍ കാണാതെ പോകരുത്. അവ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രോഗ്രാമുകളായി മാറുകയുമരുത്. കാരണം ന്യൂനപക്ഷ വര്‍ഗിയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ നാടിനാപത്താണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.