തിരുവനന്തപുരം: കടുത്ത വിഭാഗീയതക്കിടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. സംസ്ഥാന നേതൃത്വത്തിന്റെ സ്ഥാനാര്‍ഥി നിര്‍ദേശം തള്ളി വോട്ടെടുപ്പിലൂടെ സെക്രട്ടറിമാരെ തെരഞ്ഞെടുത്ത കീഴ്ഘടക സമ്മേളനങ്ങളിലെ കീഴ്വഴക്കം സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കുമോയെന്ന ആകാംക്ഷയാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വയലാര്‍ രക്തസാക്ഷി മണ്ഡപം, നെയ്യാറ്റിന്‍കര സ്വദേശാഭിമാനി- വീരരാഘവന്‍ സ്മൃതി മണ്ഡപം എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ബാനറും കൊടിമരവും യഥാക്രമം കെ. പ്രകാശ്ബാബുവും സത്യന്‍ മൊകേരിയും ഏറ്റുവാങ്ങും. തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ ഒന്നിന് ടാഗോര്‍ സെന്റിനറി ഹാളിലാണ് (വെളിയം ഭാര്‍ഗവന്‍ നഗര്‍) പ്രതിനിധി സമ്മേളനം. ജനറല്‍ സെക്രട്ടറി ഡി. രാജയുടെ ഉദ്ഘാടനത്തിനു ശേഷം രാഷ്ട്രീയ, സംഘടന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതോടെ സമ്മേളനം പ്രതിനിധികളുടെ കൈകളിലേക്ക് മാറും.
കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളില്‍ സംസ്ഥാന നേതൃത്വത്തെ കൊമ്പുകുത്തിച്ചാണ് ജില്ല സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. ഇടുക്കിയിലും കോട്ടയത്തും വോട്ടെടുപ്പിലൂടെ നേതൃത്വത്തിന്റെ സ്ഥാനാര്‍ഥി നിര്‍ദേശം പാടെ തള്ളിയത് പ്രതിനിധികളാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് നേതൃത്വത്തിന്റെ സ്ഥാനാര്‍ഥിയെ തള്ളിയതോടെ ജില്ല കൗണ്‍സിലിന്റെ അംഗീകാരമുള്ള സുപാലിനെ നിര്‍ദേശിച്ചാണ് കാനം രാജേന്ദ്രന്‍ സംസ്ഥാന സെന്ററിന്റെ മാനം കാത്തത്.
75 എന്ന പ്രായപരിധി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ.ഇസ്മായിലും സി. ദിവാകരനും എതിര്‍പ്പു പരസ്യമാക്കിയതിനാല്‍ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറപ്പാക്കുന്നതിനു മുന്‍പു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം. എന്നാല്‍ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.
സെക്രട്ടറി സ്ഥാനത്തേക്കു സര്‍വസമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായില്‍ പക്ഷം. പുതിയ 100 അംഗ കൗണ്‍സിലില്‍ 5055 പേരുടെ പിന്തുണയാണ് അവര്‍ അവകാശപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.