എയര്‍ ഇന്ത്യ പരിഷ്‌ക്കാരി ആകുന്നു; പുതിയ മെനുവില്‍ ചെട്ടിനാട് ചിക്കന്‍ മുതല്‍ ആലു പൊറോട്ട വരെ

എയര്‍ ഇന്ത്യ പരിഷ്‌ക്കാരി ആകുന്നു; പുതിയ മെനുവില്‍ ചെട്ടിനാട് ചിക്കന്‍ മുതല്‍ ആലു പൊറോട്ട വരെ

ന്യൂഡല്‍ഹി: മാറ്റത്തിനായി എയര്‍ ഇന്ത്യയുടെ പുതിയ ചുവട് വെപ്പ്. എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. പുതിയ മെനുവില്‍ ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേര്‍ട്ടും ഇതില്‍ പിടിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളില്‍ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്കായി പുതിയ മെനു അവതരിപ്പിക്കുന്നതില്‍ വളരെയധികം സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സര്‍വീസസ് മേധാവി സന്ദീപ് വര്‍മ പറഞ്ഞു.

കിടിലന്‍ ഭക്ഷണ മെനു അവതരിപ്പിച്ചാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ താരമായിരിക്കുന്നത്. ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലുള്ളത്. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണങ്ങള്‍ ലഭിക്കുക.

ഒക്ടോബര്‍ ഒന്നിനാണ് എയര്‍ ഇന്ത്യ മെനു പരിഷ്‌കരണം പ്രസിദ്ധീകരിച്ചത്. ഡെസേര്‍ട്ടുകളും രുചിയും ട്രെന്‍ഡിങും നോക്കിയുള്ള ഭക്ഷണങ്ങളും ഇന്ത്യയുടെ പ്രാദേശിക ഭക്ഷണ സ്വാധീനത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ആലു പൊറോട്ട, പൊടി ഇഡ്ഡലി, ചെട്ടിനാട് ചിക്കന്‍, മീന്‍ കറി, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ സാന്‍വിച്ച്, ഓട്‌സ് മഫിന്‍ തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങള്‍.

എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്‌റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്‌സ്, ചോളം, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് നൂഡില്‍സ്, ചില്ലി ചിക്കന്‍, ബ്ലൂബെറി വാനില പേസ്ട്രി എന്നിവയും ആസ്വദിക്കാം.

നഷ്ടത്തിലായ വിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ ഏറ്റവും പുതിയ മാറ്റമാണ് എയര്‍ ഇന്ത്യയുടേത്. നഷ്ടം നികത്താന്‍ സര്‍വീസുകള്‍ നവീകരിക്കാനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് കമ്പനി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.