അനുനയിപ്പിക്കാന്‍ മന്ത്രിമാരെത്തി; നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയാറാകാതെ ദയാബായി

അനുനയിപ്പിക്കാന്‍ മന്ത്രിമാരെത്തി; നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയാറാകാതെ ദയാബായി

തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സെക്രട്ടറിയറ്റ് പടിക്കലിലെ നിരാഹാര പന്തലില്‍ നിന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച സമരനായികയും സാമൂഹികപ്രവര്‍ത്തകയുമായ ദയാബായിയെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ വിഫലമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ ആര്‍.ബിന്ദുവും വീണാ ജോര്‍ജും ആശുപത്രിയിലെത്തി അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ദയാബായി. 

ദയാബായിയുടെ ഉപവാസ സമരം 15 ദിവസം പിന്നിട്ട വേളയിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം. ദയാബായിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍, ഫറീന കോട്ടപ്പുറം, കരീം ചൗക്കി എന്നിവര്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക, കാസര്‍കോട് എയിംസ് സ്ഥാപിക്കുക, കുട്ടികള്‍ക്കായി പകല്‍കരുതല്‍ കേന്ദ്രങ്ങളൊരുക്കുക, ദുരിതബാധിതരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ 90 ശതമാവും അംഗീകരിച്ചുവെന്നും ദയാബായി സമരം അവസാനിപ്പിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അറിയിക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ മന്ത്രിമാര്‍ സമരം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും ദയാബായി വഴങ്ങിയില്ല. തീരുമാനങ്ങളല്ല, അതു പ്രായോഗികമാക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് ദയാബായി. ചര്‍ച്ചയുടെ തീരുമാനങ്ങള്‍ രേഖാമൂലം അറിയിക്കുമെന്നു മന്ത്രിമാര്‍ പറഞ്ഞെങ്കിലും സമരസമിതിയോട് ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ദയാബായി മറുപടി നല്‍കി. 82 വയസ്സുകാരിയായ ദയാബായിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.