അവൻ പ്രതിവചിച്ചു: ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് നന്നല്ല. മാർക്കോസ് 7 : 27
സത്ഗുണ സമ്പന്നനായ ഒരാൾ തന്റെ കുടുംബവും ഒന്നിച്ച് ഒരു വിനോദയാത്ര പുറപ്പെട്ടു. അവർ ഒരു വിജനമായ സ്ഥലത്തെത്തി. അവരുടെ കൈവശം ഉണ്ടായിരുന്ന ദാഹജലം തീർന്നുപോയിരുന്നു. മക്കൾ വെള്ളത്തിനായ് കരഞ്ഞു. വെള്ളത്തിന്റെ ഉറവിടം കണ്ടെത്താതെ ഗൃഹനാഥൻ കുഴങ്ങി. അദ്ദേഹം ജലമന്വേഷിച്ച് നടക്കുമ്പോൾ മുന്നിൽ ധ്യനനിമഗ്നനായ് അതാ ഒരു സന്യാസി. അയാൾ സന്യാസിയെ സമീപിച്ച് ചോദിച്ചു "സ്വാമി കുറച്ച് ദാഹജലം തരുമോ?" അദ്ദേഹം പറഞ്ഞു വത്സാ നീ കിഴക്കു ദിശയിൽ സ്വല്പം സഞ്ചരിച്ചാൽ ഒരു ചെറിയ അരുവി കണ്ടെത്തും നീ പോയി ദാഹം തീർത്തുവരൂ." അപ്പോൾ അദ്ദേഹം പറഞ്ഞു, "സ്വാമി എന്നോടൊപ്പം എന്റെ കുടുംബവുമുണ്ട്. എന്റെ മക്കൾ ദാഹിച്ച് കരയുന്നു. സ്വാമി എനിക്ക് ഒരു ഉപകാരം ചെയ്യുമോ ഞാൻ വരുംവരെ അവരെ ഒന്ന് സംരക്ഷിക്കുമോ?" സന്യാസി സമ്മതിച്ചു.
അദ്ദേഹം നടന്ന് അരുവികണ്ടെത്തി. ദാഹം തീർത്ത് ഒരു പാത്രത്തിൽ ജലവുമായ് തിരിച്ച് കുടുബത്തിൻ്റെ അടുക്കലേക്ക് നടന്നു. അപ്പോളതാ കുറച്ചുപേർ ജലം കിട്ടാതെ അലഞ്ഞു നടക്കുന്നു. അയാൾ തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ജലം അവർക്കു നൽകി വീണ്ടും ജലം നിറക്കാൻ പുറപ്പെട്ടു. തിരിച്ചുവരുമ്പോൾ അതാ വീണ്ടും ഏതാനും ദാഹാർത്തർ അദ്ദേഹം ജലം നല്കിനല്കി തിരിച്ചുവരവ് വൈകി.
അദ്ദേഹത്തിന് എന്തുപറ്റി എന്നറിയാൻ സന്യാസി അരുവിക്കരയിലേക്ക് നടന്നു അപ്പോഴുണ്ട് മറ്റുള്ളവരുടെ ദാഹം തീർക്കുന്ന സഹൃദയനായ അയാളെ കണ്ടെത്തി. സന്യാസി ചോദിച്ചു, "നിങ്ങൾ എന്തേ നിങ്ങളുടെ കുടുംബത്തെ മറന്നു? അവർ ദാഹിച്ചിരിപ്പല്ലേ? നിങ്ങൾ കുടുംബം നോക്കാതെ മറ്റുള്ളവരെ സേവിച്ചാൽ എന്ത് നന്മയാണ് ഉള്ളത്. അദ്ദേഹം പറഞ്ഞു, "മറ്റുള്ളവരുടെ വിഷമം കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നി അത്രമാത്രം."
സന്യാസി പറഞ്ഞു, “നിനക്ക് എന്റെ മാർഗം പിൻചെല്ലാമായിരുന്നല്ലോ. ഞാൻ നിന്നെ വഴി പറഞ്ഞുവിടുകയല്ലേ ചെയ്തത്. എല്ലായിപ്പൊഴും നമ്മൾ സഹായവുമായ് മുന്നിൽ നിൽക്കണം എന്നില്ല. സ്വയം ആശ്വാസം കണ്ടെത്താൻ മറ്റുള്ളവരെ വഴിനയിച്ചാലും മതി. നീ മറ്റുള്ളവർക്ക് വഴിപറഞ്ഞുകൊടുത്തിട്ട് നിന്റെ കുടുംബത്തിന്റെ കാര്യം നോക്കുക.”
ആകയാൽ, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യർക്കും, പ്രത്യേകിച്ച്, വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർക്ക് നൻമചെയ്യാം. ഗലാത്തിയ. 6 :10
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v