അമേരിക്കയിലെ പ്രൈമറി സ്‌കൂളില്‍ റേഡിയോ ആക്ടീവ് മലിനീകരണം; കാരണം രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിച്ച ആണവ മാലിന്യങ്ങള്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്‌

അമേരിക്കയിലെ പ്രൈമറി സ്‌കൂളില്‍ റേഡിയോ ആക്ടീവ് മലിനീകരണം; കാരണം രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപേക്ഷിച്ച ആണവ മാലിന്യങ്ങള്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്‌

മിസോറി: അമേരിക്കയിലെ ഒരു പ്രാഥമിക സ്‌കൂളില്‍ അപകടരമായ നിലയില്‍ റേഡിയോ ആക്ടീവ് മലിനീകരണം (ആണവ വികിരണം വമിക്കുന്ന വസ്തുക്കള്‍) കണ്ടെത്തിയതിനെതുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടും. മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് കൗണ്ടിയില്‍, ഫ്‌ളോറിസന്റ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജാന എലിമെന്ററി സ്‌കൂളിലാണ് സമീപകാലത്തു നടത്തിയ പരിശോധനയില്‍ മലിനീകരണം റിപ്പോര്‍ട്ട് ചെയ്ത്.

സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനും പഠനം വെര്‍ച്വല്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനും ഹാസല്‍വുഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഉത്തരവിട്ടു. താങ്ക്സ്ഗിവിംഗ് ഇടവേളയ്ക്കു ശേഷം വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്കു മാറ്റാനും തീരുമാനമായി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ആണവായുധ നിര്‍മാണത്തില്‍നിന്നുള്ള മാലിന്യം തള്ളിയ സ്ഥലത്തിന് സമീപമാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ക്ലാസ് മുറികളിലും കളിസ്ഥലങ്ങളിലും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗണ്യമായ അളവില്‍ റേഡിയോ ആക്ടീവ് മലിനീകരണം ഉണ്ടെന്നാണ് പരിസ്ഥിതി അന്വേഷണ കണ്‍സള്‍ട്ടന്റുകളുടെ പുതിയ റിപ്പോര്‍ട്ട്.

സ്‌കൂളില്‍ നിന്ന് ഓഗസ്റ്റില്‍ ശേഖരിച്ച മണ്ണ്, പൊടി, ചെടികള്‍ തുടങ്ങിയ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണ്‍ കെമിക്കല്‍ ഡാറ്റ എന്ന പരിസ്ഥിതി അന്വേഷണ കമ്പനി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അധ്യാപകരും മാതാപിതാക്കളും പ്രദേശവാസികളും ആശങ്കയിലാണ്. ഇത്തരം ആണവ മാലിന്യങ്ങള്‍ കാന്‍സര്‍ അടക്കമുള്ള ദീര്‍ഘകാല രോഗങ്ങളിലേക്കു നയിച്ചേക്കാമെന്നതാണ് ആശങ്കയ്ക്കു കാരണം.

നാനൂറോളം കുട്ടികളാണ് അഞ്ചാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ പഠിക്കുന്നത്. പ്രദേശത്തെ വാസയോഗ്യമായ യാര്‍ഡുകളിലും പാര്‍ക്കുകളിലും മറ്റ് സൈറ്റുകളിലും മലിനമായ മണ്ണ് കണ്ടെത്തിയിട്ടുണ്ട്. കിന്റര്‍ഗാര്‍ട്ടന്റെ കളിസ്ഥലത്ത് പ്രതീക്ഷിച്ചതിന്റെ 22 മടങ്ങ് വരെ റേഡിയോ ആക്ടീവ് മാലിന്യത്തിന്റെ അളവ് കണ്ടെത്തി.

മിസോറി നദിയുടെ കൈവഴിയായ കോള്‍ഡ് വാട്ടര്‍ ക്രീക്കിനു സമീപമാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആയുധ നിര്‍മ്മാണത്തില്‍ നിന്നുള്ള ആണവ മാലിന്യങ്ങള്‍, ഈ തോടിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് തള്ളിയിരുന്നത്. സെന്റ് ലൂയിസ് ലാംബര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഇതിനു സമീപമാണ്. യു.എസ്. ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയര്‍മാര്‍ 20 വര്‍ഷത്തിലേറെയായി ഈ വിഷ മാലിന്യങ്ങള്‍ വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്. കോള്‍ഡ് വാട്ടര്‍ ക്രീക്കില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴാണ് റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സമീപമുള്ള സ്‌കൂളിലും മറ്റ് സ്ഥലങ്ങളിലുമായി നിക്ഷേപിക്കപ്പെട്ടതെന്നാണ് അനുമാനം.

സെന്റ് ലൂയിസ് നഗരത്തില്‍ 1957 വരെ പ്രവര്‍ത്തിച്ച ഡെസ്‌ട്രെഹാന്‍ സ്ട്രീറ്റ് റിഫൈനറി ആന്‍ഡ് മെറ്റല്‍ പ്ലാന്റില്‍ നിന്നാണ് റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ആദ്യത്തെ അണുബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച യുറേനിയം അവിടെ പ്രോസസ് ചെയ്തത്. വിമാനത്താവളത്തിനു സമീപം കുറേ മാലിന്യങ്ങള്‍ കുഴിച്ചിട്ടു. ചിലത് വെറും നിലത്ത് നിക്ഷേപിച്ചു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കുട്ടികള്‍ പഠിക്കാന്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നും പ്രദേശം മാലിന്യ മുക്തമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.