സാക്രമെന്റോ: സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 30 മൈൽ അകലെ കാലിഫോർണിയയിലെ ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ ധാരാളമായി താമസിക്കുന്ന ആതർട്ടണിൽ വീടിന്റെ മുറ്റത്ത് കാർ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഈ വീടിന്റെ നിലവിലെ ഉടമസ്ഥനുവേണ്ടി വീടിന്റെ പരിസരം കൂടുതൽ ചിട്ടപ്പെടുത്തുന്നതിന് എത്തിയ ലാൻഡ്‌സ്‌കേപ്പർമാരാണ് വാഹനം കണ്ടെത്തിയത്.
നാലോ അഞ്ചോ അടി താഴ്ചയിലാണ് വാഹനം കുഴിച്ചിട്ടതെന്ന് ആതർട്ടൺ പോലീസ് പറഞ്ഞു. കാറിനുള്ളില്‍ നിന്ന് ഉപയോഗിക്കാത്ത കോണ്‍ക്രീറ്റ് ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ വീട്ടുടമസ്ഥൻ ഇവിടെ താമസമാക്കുന്നതിന് മുമ്പ് 1990 കളിൽ എപ്പോഴെങ്കിലും വാഹനം കുഴിച്ചിട്ടതാകാനാണ് സാധ്യയെന്നും പോലീസ് വിശ്വസിക്കുന്നു.
അസാധാരണമായ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. എന്തുകൊണ്ടാണ് വാഹനം കുഴിച്ചിട്ടത് എന്നത് അജ്ഞാതമായി തുടരുകയാണ്. ഏതെങ്കിലും മനുഷ്യരുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് ഉണ്ടോ എന്നത് സംബന്ധിച്ചതും വ്യക്തതയില്ല.
അതിനാൽ മൃതദേഹങ്ങൾ കണ്ടുപിടിക്കുന്നതിനായി പ്രത്യേക പരിശീലനം നേടിയ നായകളെ സ്ഥലത്ത് എത്തിച്ച് കൂടുതൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ മനുഷ്യാവശിഷ്ടങ്ങളെ കുറിച്ച് നായകൾ ചെറിയ സൂചന തന്നിരുന്നുവെന്നും ആതർട്ടൺ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
സാൻ മാറ്റിയോ ക്രൈം ലാബ് ടെക്നീഷ്യൻമാർ നിലവിൽ വാഹനം കുഴിച്ചെടുക്കുകയാണ്. നിലവിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കാർ കുഴിച്ചിട്ടതുമായി ബന്ധപ്പെട്ട ഉദ്ദേശ്യവും സാഹചര്യങ്ങളും അധികൃതർ കൂടുതൽ അന്വേഷിക്കുകയാണ്. അതേസമയം നിലവിലെ വീട്ടുടമസ്ഥനെതിരെ അന്വേഷണം ഇല്ലെന്നും പൊലീസ് വിശദമാക്കി.
കാലിഫോർണിയയിൽ ഏറ്റവും വിലയേറിയ മേഖലയായി റാങ്ക് ചെയ്യപ്പെട്ട പ്രദേശം കൂടിയാണ് ആതർട്ടൺ. നിലവിലെ സ്ഥല ഉടമസ്ഥന്‍ ഈ വീടും സ്ഥലവും 2020 ലാണ് വാങ്ങിയത്. 15 മില്യണ്‍ ഡോളറിനായിരുന്നു വാങ്ങിയത്. 1990 ലാണ് 12,000 സ്ക്വ. ഉള്ള ഈ വീട് നിര്‍മ്മിച്ചത്. 2014 ലാണ് വീടിന്‍റെ ആദ്യ വില്‍പ്പന നടന്നത്. 7.3 മില്യണ്‍ ഡോളറിനായിരുന്നു വില്‍പ്പന. 2013 ലും 2014 ലും ഈ വീട് വാടകയ്ക്ക് കൊടുക്കാനായി ലിസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.