മുന്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ പിടികൂടി; കസ്റ്റഡിയിലെടുത്തത് വീട് വളഞ്ഞ്

മുന്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ എന്‍ഐഎ പിടികൂടി; കസ്റ്റഡിയിലെടുത്തത് വീട് വളഞ്ഞ്

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. അർദ്ധരാത്രിയിൽ വീട് വളഞ്ഞാണ് പിടികൂടിയത്.

ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടന്നതിന് പിന്നാലെ റൗഫ് ഒളിവിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാന്‍ എന്‍ഐഎ സംഘം തുടര്‍ച്ചയായി നിരീക്ഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയില്‍ തന്നെ കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു. വിദേശ ഫണ്ട് വരവ്, പ്രവര്‍ത്തകര്‍ക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയതിലും റൗഫിന്റെ ബുദ്ധിയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് ഈമാസം ആദ്യമാണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുംകേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.