രാജ്യത്ത് വര്‍ഷത്തില്‍ 70,000ത്തിലധികം സ്ത്രീകളുടെ മരണത്തിന് കാരണം ഈ രോഗമാണ് !

രാജ്യത്ത് വര്‍ഷത്തില്‍ 70,000ത്തിലധികം സ്ത്രീകളുടെ മരണത്തിന് കാരണം ഈ രോഗമാണ് !

ലോകത്ത് അസുഖം മൂലമുള്ള മരണത്തിലേക്കെത്തുന്നവരില്‍ വലിയൊരു വിഭാഗത്തിലും വില്ലനായി വരുന്നത് ക്യാന്‍സറാണ്. സമയത്ത് രോഗനിര്‍ണയം നടത്താന്‍ സാധിച്ചാല്‍ മിക്ക ക്യാസറുകളും ഫലപ്രദമായി ഭേദപ്പെടുത്താന്‍ ഇന്ന് സാധിക്കും. എന്നാല്‍ പലപ്പോഴും സമയബന്ധിതമായി രോഗം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം.

ഇടയ്‌ക്കെങ്കിലും ആരോഗ്യകാര്യങ്ങള്‍ വിലയിരുത്തുന്നതിനോ മനസിലാക്കുന്നതിനോ ഉള്ള പരിശോധനകള്‍ നടത്തുന്ന ശീലമില്ലെന്നതാണ് അധികവും ക്യാന്‍സര്‍ മരണങ്ങളിലേക്ക് നയിക്കുന്നത്. അതുപോലെ തന്നെ അനാരോഗ്യകരമായ ജീവിത രീതികളും ക്യാന്‍സര്‍ കേസുകളും അതുവഴി മരണങ്ങളും വര്‍ധിപ്പിക്കുന്നു.

ഇപ്പോഴിതാ രാജ്യത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന സെര്‍വിക്കല്‍ ക്യാന്‍സര്‍ ( ഗർഭാശയ മുഖത്തെ കാൻസർ ) കൂടി വരികയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വരണമെന്നുമാണ് ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടയായ ഫോഗ്‌സി (FOGSI -ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ) ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 1,20,000 പേര്‍ക്കെങ്കിലും സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും ഇവരില്‍ 70,000ത്തിലധികം പേരെങ്കിലും ഇതുമൂലം മരിക്കുന്നുണ്ട് എന്നുമാണ് ഫോഗ്‌സി ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ വലിയൊരു ശതമാനം കേസുകളും നേരത്തെ തന്നെ പ്രതിരോധിക്കാവുന്നതാണെന്നും ഇതിന് എച്ച്പിവി വാക്‌സിന്‍ വിതരണവും സ്‌ക്രീനിംഗും ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഒരുപാട് കേസുകള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. അധികവും തീവ്രത കുറഞ്ഞ രീതിയിലാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടങ്ങുക. പത്തും ഇരുപതും വര്‍ഷങ്ങളെടുത്താണ് ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ സെര്‍വിക്കല്‍ ക്യാന്‍സറിലേക്ക് വളര്‍ന്നെത്തുന്നത്. ഈ സമയമെല്ലാം രോഗത്തിനെതിരെ പോരാടാന്‍ ഉപയോഗിക്കാവുന്ന സമയമാണ്. ഇതിന് കൃത്യമായ സ്‌ക്രീനിങ് ആവശ്യമാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

സ്‌ക്രീനിങ് മാത്രം പോര, ഒപ്പം തന്നെ എച്ച്പിവി വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യപ്പെടണം. ഇത് വലിയ രീതിയില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫോഗ്‌സി വ്യക്തമാക്കി.

ഇപ്പോഴെ ശ്രമിച്ചു തുടങ്ങുകയാണെങ്കില്‍ 2030ഓടെ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും നല്ല ഫലം നേടാനും സാധിക്കുമെന്നാണ് ഫോഗ്‌സി ചൂണ്ടിക്കാട്ടുന്നത്. പതിനഞ്ച് വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ മുതല്‍ മുകളിലേയ്ക്കുള്ളവര്‍ക്ക് വാക്‌സിന്‍ എത്തിക്കണെമന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ക്യാന്‍സര്‍ നിര്‍ണയം നടത്താനുള്ള സ്‌ക്രീനിങ് പരിപാടികള്‍ സജീവമാക്കണമെന്നും ഫോഗ്‌സി ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.