കുട്ടിയും ജോലിയും കുടുംബവും പിന്നെ ഞാനും...!

 കുട്ടിയും ജോലിയും കുടുംബവും പിന്നെ ഞാനും...!

ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും തൊഴില്‍ എടുത്തെങ്കില്‍ മാത്രമെ ഒരു കുടുംബ അധികം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റൂ. മാത്രമല്ല, പുരുഷന് മാത്രം ജോലി, പഠിപ്പ് എന്നീ ചിന്തകളെ പൊളിച്ചടുക്കി സ്ത്രീകള്‍ ഇന്ന് തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വെച്ച് പറന്നുയരുകയാണ്.

എന്നാലും ഒരു കുട്ടി ജനിച്ചാല്‍ പഠനം മുതല്‍ ജോലി വരെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുണ്ട്. ജോലിയുടെ കൂടെ മക്കളേയും നോക്കുന്നവരും ഉണ്ട്. ഇത് അത്ര ചില്ലറ കാര്യമല്ല. സ്ത്രീകള്‍ മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണാലിറ്റീസ് ആണ് എന്ന് പറയാറുണ്ട്. എന്നാല്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ മക്കളുടെ കാര്യങ്ങളും നോക്കി ഒരു കുടുംബത്തേയും ഒപ്പം നയിക്കുക എന്നത് അത്ര എളുപ്പമല്ല. ഒരു പുരുഷന് സാധിക്കുന്നതിനേക്കാള്‍ അപ്പുറമാണ് അത് എന്നതില്‍ യാതൊരു സംശയവുമില്ല. അത് ശരിക്കും പ്രശംസനീയമായ കാര്യം തന്നെയാണ്.

തന്റെ ജോലിത്തിരക്കിനിടയിലും മകനെ അല്ലെങ്കില്‍ മകളെ ഒരമ്മയ്ക്ക് ചേര്‍ത്ത് പിടിക്കാന്‍ സാധിക്കുന്നൂ എന്ന് പറയുമ്പോള്‍ അതില്‍ ആ മക്കള്‍ക്കു ലഭിക്കുന്ന ഒരു പ്രത്യേകതരം സന്തോഷമുണ്ട്. തന്റെ അമ്മ ജോലിക്കാരിയാണെങ്കിലും തന്നെ നന്നായി നോക്കും പല സ്ഥലത്തും കൊണ്ടു പോകും...എന്നെല്ലാം മക്കള്‍ വാചാലരാകുന്നത് കുട്ടികളിലും അതുപോലെ, കേള്‍ക്കുന്ന അമ്മമാരിലും അഭിമാന നിമിഷമാണ്.

അമ്മമാരുടെ ഈ കരുതലും ഉത്തരവാദിത്തവും കുട്ടികള്‍ക്ക് വളരെയേറെ മാതൃകയാണ് പകര്‍ന്നു നല്‍കുന്നത്. കൂടാതെ അവരില്‍ ഒരുപാട് തിരിച്ചറിവുകള്‍ക്കും അത് കാരണമാകും. തങ്ങളുടെ അമ്മയ്ക്ക് എത്രത്തോളം തിരക്കുണ്ട്, എത്രമാത്രം തങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെടുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുന്നു. കൂടാതെ ജോലിയുടെ പ്രധാന്യം ഒരു കുടുംബത്തില്‍ എത്രമാത്രമാണെന്ന് വളരും തോറും ഈ മക്കള്‍ക്ക് മനസിലാകും. സ്വന്തം അമ്മമാരെ തന്നെ റോള്‍മോഡലാക്കാന്‍ മക്കള്‍ താല്‍പര്യപ്പെടും. അമ്മമാര്‍ തങ്ങള്‍ക്ക് നല്‍കുന്ന പരിഗണന എന്നും സ്മരിക്കും. അമ്മമാരുടെ ജോലിത്തിരക്കും അവരുടെ ജോലിയുടെ സ്വഭാവത്തെക്കുറിച്ചും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് മനസിലാക്കി എടുക്കാന്‍ സാധിക്കും.

ഏതൊരു വ്യക്തിക്കായാലും ചെറുപ്പത്തില്‍ നല്ല രീതിയില്‍ സ്‌നേഹവും പരിഗണനയും പരിലാളനയും ഏറ്റ് വളരേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഇത് വളരെയധികം ഉപകാരപ്പെടും. അത് അച്ഛനായാലും അമ്മയായാലും ഏത് ജോലിത്തിരക്കിനിടയിലും മക്കള്‍ക്കായി ഒരു ഇടം നല്‍കുന്നതിനും സമയം കണ്ടെത്തുന്നതും നല്ല മാതാപിതാക്കളുടേയും അതുപോലെ, നല്ല മാനസികാരോഗ്യമുള്ള ഒരു കുട്ടിയെ വളര്‍ത്തിയെടുക്കുന്നതിനും സഹായിക്കുന്നതാണ്. ഇത് നല്ല ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കും.

മക്കളുണ്ടായാല്‍ ജോലി രാജിവയ്ക്കണോ?

ജോലിയുടെ കൂടെ മക്കളെ നല്ല രീതിയില്‍ വളര്‍ത്തുന്ന മാതാപിതാക്കളുണ്ട്. താന്‍ എത്ര ഉയരത്തിലുള്ള ജോലിയില്‍ ആയാലും മക്കളെ ചേര്‍ത്തു പിടിക്കാന്‍ സാധിക്കുന്നത് നല്ല രക്ഷകര്‍ത്താക്കളുടെ ലക്ഷണമാണ്. മക്കളുണ്ടായാല്‍ ജോലി ഉപേക്ഷിക്കുക എന്നതെല്ലാം പണ്ടത്തെ നാട്ടുനടപ്പാണ്. കാലം മാറി...കഥ മാറി, സ്വന്തം താല്‍പര്യത്തിനൊത്ത് ആഗ്രഹിച്ച ജോലിയില്‍ തുടരാന്‍ താല്‍പര്യപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. അത് അവരുടെ സ്വാതന്ത്ര്യമാണ്.

ഇഷ്ടപ്പെട്ട ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുന്നതോടൊപ്പം അമ്മ എന്ന റോള്‍ നിര്‍വ്വഹിക്കുന്നതിലൂടെ ഒരു മാതൃക തന്നെ സൃഷ്ടിക്കുകയാണ്. ഏത് തിരക്കിലും വേണമന്ന് വെച്ചാല്‍ മക്കളെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കും എന്ന്.

പലരും മക്കള്‍ക്ക് നല്‍കാതെ പോകുന്നത്

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പല മാതാപിതാക്കളും മറന്നു പോകുന്ന ഒരു കാര്യമാണ് മക്കള്‍. കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ നിന്നു കൊടുക്കാന്‍ പല മാതാപിതാക്കള്‍ക്കും ജോലിത്തിരക്കിനിടയില്‍ സാധിക്കാറില്ല. അതിനാല്‍ തന്നെ, ഇന്ന് കുട്ടികളില്‍ വരെ കൂടുതലായി ഡിപ്രഷന്‍ കണ്ടു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം അവരില്‍ അനുഭവപ്പെടുന്ന ഏകാന്തത തന്നെയാണ്. ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നത് കുട്ടികളില്‍ സ്വഭാവ വൈകല്യം സൃഷ്ടിക്കുകയും പഠന വൈകല്യത്തിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും.

ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കേള്‍ക്കാന്‍ സമയം കണ്ടെത്തണം. കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കണം. അവരുടെ കൂടെ ചിലവഴിക്കാന്‍ സമയം കണ്ടെത്തണം. വേണ്ടത്ര പരിചരണം നല്‍കുന്നത് കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.

കുട്ടികളുടെ കൂടെ കളിക്കുന്നത്, കുട്ടികളെ പഠിപ്പിക്കുന്നത്, അവരെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നത്, ഒപ്പം കിടത്തുന്നതെല്ലാം അവരുടെ മനസില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന കാര്യങ്ങളാണെന്ന് ഓര്‍ക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.