ഓസ്ലോ: ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗര കൊടുങ്കാറ്റ് ഗ്രഹത്തിന്റെ കാന്തികമണ്ഡലത്തിൽ വിള്ളൽ വീഴ്ത്തിയതോടെ അപൂർവങ്ങളിൽ അപൂർവമായ പിങ്ക് അറോറ അഥവാ പിങ്ക് നിറത്തിലുള്ള വെളിച്ചം നോർവേയുടെ ആകാശത്ത് രാത്രി വർണാഭമായ കാഴ്ചയൊരുക്കി. കാന്തികമണ്ഡലത്തിലുണ്ടായ വിള്ളൽ ശക്തമായ സൗരോർജ്ജ രശ്മികളെ അന്തരീക്ഷത്തിലേക്ക് സാധാരണയേക്കാൾ ആഴത്തിൽ തുളച്ചുകയറാൻ സഹായിച്ചതാണ് അസാധാരണ ആകാശവിസമയത്തിന് കാരണം.
നോർവേയിലെ ഒരു വിനോദസഞ്ചാര ഗ്രൂപ്പാണ് അതിശയകരമായ പിങ്ക് ധ്രുവദീപ്തി ആകാശത്ത് കണ്ടെത്തിയത്. നവംബർ 3 ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ആകാശത്ത് പ്രകാശം പരക്കുകയും ഏകദേശം 2 മിനിറ്റോളം നീണ്ടുനില്ക്കുകയും ചെയ്തുവെന്ന് ഇവർ വ്യക്തമാക്കുന്നു.

ഒരു ദശകത്തിലേറെ നീണ്ട പ്രമുഖ പര്യടനപരിപാടി താൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ പിങ്ക് അറോറകളാണ് നോർവെയുടെ ആകാശത്ത് ഉണ്ടായതെന്ന് ഗ്രീൻലാൻഡർ വിനോദസഞ്ചാര കമ്പനിയിൽ നിന്നുള്ള നോർത്തേൺ ലൈറ്റ്സ് ടൂർ ഗൈഡായ മാർക്കസ് വാരിക് പറഞ്ഞു. വളരെ മനോഹരമായ അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിക്ക് ചുറ്റുമുള്ള അദൃശ്യ കാന്തികക്ഷേത്രമായ മാഗ്നെറ്റോസ്ഫിയറിൽ ഒരു ചെറിയ വിള്ളൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിങ്ക് അറോറകൾ ഉയർന്നുവന്നു. നവംബർ മൂന്നിന് ചെറിയ ജി-1 ക്ലാസ് സൗര കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചതിനെ തുടര്ന്നാണ് വിള്ളല് കണ്ടെത്തിയതെന്ന് സ്പേസ്‌വെതർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് അറോറ?
ധ്രുവദീപ്തി പേരുപോലെതന്നെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന മനോഹരമായ പ്രകാശ നർത്തനമാണ് ധ്രുവദീപ്തി. സന്ധ്യ മുതൽ പ്രഭാതം വരെ ആകാശത്തിൽ പച്ച,ചുവപ്പ്,പിങ്ക്,നീല, തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. ധ്രുവദീപ്തി എന്ന പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ ധ്രുവപ്രദേശങ്ങളിലെ നോർവേ, സ്കോട്ട്‌ലൻഡ്, ഫിൻലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ/ പ്രാദേശങ്ങളിൽ അറോറ ദൃശ്യമാകുന്നു. അവിടങ്ങളിൽ ഇതൊരു സാധാരണ പ്രതിഭാസമാണ്. അറോറയെ ഉത്തരധ്രുവത്തിൽ അറോറ ബോറിയാലിസ് എന്നും ദക്ഷിണധ്രുവത്തിൽ അറോറ ഓസ്ട്രാലിസ് എന്നും വിളിക്കാറുണ്ട്.
അറോറയുടെ കാരണമെന്താണ് ?
ഭൂമിയുടെ ഉള്ളിൽ ദ്രവരൂപത്തിലുള്ള പദാർത്ഥമുണ്ട്. അവ സദാ ചലിക്കുകയും ചെയ്യുന്നു. ചാർജുള്ള കണങ്ങള നിർമ്മിതമായതിനാൽ ഇവ ചലിക്കുന്നതിന്റെ ഫലമായി വൈദ്യുതി ഉണ്ടാവുന്നു.. വൈദ്യുതകാന്തിക ക്ഷേത്രത്തിന് കാരണമാകുന്നു. ഇത്തരം കാന്തികക്ഷേത്രം ഭൂമിക്കുണ്ട് (മാഗ്‌നറ്റോസ്ഫിയർ). ഈ മാഗ്‌നറ്റോസ്ഫിയറിൽ ചിലപ്പോൾ ഇലക്ട്രോണുകൾ കുടുങ്ങും. ഈ ഇലക്ട്രോണുകൾ അന്തരീക്ഷത്തിലെ നൈട്രജനും ഓക്സിജനുമായി കൂട്ടിയിടിക്കുകയും ഇലക്ട്രോണുകളുടെ ഊർജം നൈട്രജനും ഓക്സിജനും ലഭിക്കുകയും ചെയ്യും.

ഇങ്ങനെ ഊർജ്ജം ലഭിച്ച കണങ്ങൾക്ക് സ്ഥിരമായി ഒരിടത്തു നിൽക്കാൻ സാധിക്കില്ല. അവ അതിവേഗം സഞ്ചരിക്കുകയും അവയുടെ ഊർജം പുറത്തേക്ക് കളയാൻ ശ്രമിക്കുകയും ചെയ്യും. ഊർജ്ജം പ്രകാശമായാണ് ഉത്സർജിക്കുക. ലഭിച്ച ഊർജ്ജത്തിന്റെ അളവിനും, നൈട്രജനും ഓക്സിജനും ഉത്തേജകമായ അളവിനുമനുസരിച്ച് നിറങ്ങൾ പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മാറിക്കൊണ്ടിരിക്കും.
സൂര്യനാണ് അറോറകളുടെ മുഖ്യ ഊർജ്ജദാതാവും ഇലക്ട്രോൺ ദാതാവും.സൂര്യനിൽ നിന്നും വീശുന്ന സൗരക്കാറ്റ് ഭൂമിയുടെ കാന്തികക്ഷേത്രത്തിലെത്തുന്നു. സൗരക്കാറ്റിൽ ധാരാളം ചാർജുള്ള കണങ്ങൾ ഉണ്ട്. ഈ കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ തട്ടി തിരിച്ചു പോകും.
പക്ഷേ ഈ പ്രവർത്തി ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ ഏതാണ്ട് 60,000 കിലോമീറ്റർ ചുറ്റളവുള്ള ഭീമൻ വിടവ് സൃഷ്ടിക്കും. ഇത് സൂര്യന്റെ ഊർജ്ജം ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലേക്ക് ചോർന്നു വരാൻ കാരണമാകും. ഈ ഉർജ്ജം വൈദ്യുതിയായി, വൈദ്യുതകാന്തിക ഊർജ്ജമായി താൽക്കാലികമായി മാഗ്നെറ്റോസ്ഫിയറിൽ ശേഖരിക്കപ്പെടും. ഇത് സൂര്യനിൽ നിന്നും അകലെ രാത്രിയുടെ വശത്തായിരിക്കും കൂടുതൽ. ഈ വ്യവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇലക്ട്രോണുകൾ എത്താനും കൂടുതൽ മനോഹരമായ, ശക്തമായ അറോറയുടെ ജനനത്തിന് കാരണമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.