എഡിൻബർഗ്: സ്കോട്ടിഷ് ആശുപത്രിയിൽ നിന്നും കഴിഞ്ഞ വർഷം അറസ്റ്റിലായ വ്യക്തി അമേരിക്കൻ പിടികിട്ടാപുള്ളി നിക്കോളാസ് റോസിയാണെന്ന് സ്ഥിരീകരിച്ച് എഡിൻബർഗ് ഷെരീഫ് കോടതി. തന്റെ പേര് ആർതർ നൈറ്റ് എന്നാണെന്നും തെറ്റായ ഐഡന്റിറ്റിയുടെ ഇരയാണ് താനെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.
എന്നാൽ കൈയിലെ ടാറ്റൂകളും വിരലടയാളങ്ങളും റോസിയുമായി പൊരുത്തപ്പെടുന്നതായി എഡിൻബർഗ് ഷെരീഫ് കോടതി നിരീക്ഷിച്ചു. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങളിൽ അമേരിക്ക അന്വേഷിക്കുന്ന പിടികിട്ടാപുള്ളിയാണ് ഇയാൾ. കൂടാതെ വളർത്തച്ഛന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2,00,000 ഡോളറിൽ കൂടുതൽ കടങ്ങൾ ഉണ്ടാക്കി കബളിപ്പിച്ചതിന് എഫ്ബിഐ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

റോസിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ സ്കോട്ട്ലാൻഡിൽ നിന്നും അമേരിക്കയിലേക്ക് എത്തിക്കാൻ അധികാരികൾ ശ്രമം ആരംഭിച്ചു. സ്വന്തം മരണം വ്യാജമായി ചമച്ച് നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സ്‌കോട്ട്‌ലൻഡിലേക്ക് ഒളിച്ചോടുകയായിരുന്നു. എന്നാൽ താൻ ഒരിക്കലും അമേരിക്കയിൽ പോയിട്ടില്ലാത്ത അയർലണ്ടിൽ നിന്നുള്ള അനാഥനായ ആർതർ നൈറ്റ് ആണെന്നാണ് അറസ്റ്റിലായ അന്ന് മുതൽ ഇയാളുടെ വാദം.
ഈ കേസിൽ നേരത്തെ നടന്ന വാദം കേൾക്കലിനിടയിൽ റോസി ഏകദേശം ആറ് അഭിഭാഷകരെ മാറ്റുകയും ജയിലിൽ പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കുകയും ചെയ്തിരുന്നു. വീൽചെയറിലാണ് റോസി കോടതിയിൽ ഹാജരായത്. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കിടക്കുമ്പോൾ റോസിയുടെ കൈകളിലെ ടാറ്റൂകൾക്ക് സമാനമായ ടാറ്റൂകൾ തന്റെ കൈയിലും പതിപ്പിച്ചതായി ഇയാൾ അവകാശപ്പെട്ടു.
എന്നാൽ മൂന്ന് ദിവസത്തെ വാദ പ്രതിവാദങ്ങൾ കേട്ട കോടതിയിലെ ന്യായാധിപൻ നോർമൻ മക്ഫാഡിയൻ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനയുടെയും അടിസ്ഥാനത്തിൽ ഇയാൾ അമേരിക്കയിലെ പിടികിട്ടാപ്പുള്ളി നിക്കോളാസ് റോസിയാണെന്ന് വിധിക്കുകയായിരുന്നു. പ്രതിയുടെ അവകാശവാദങ്ങളെ നിരസിച്ച കോടതി ഇവ അസാധാരണവും സങ്കല്പികവുമാണെന്നും നിരീക്ഷിച്ചു.

കൂടാതെ ഇയാളുടെ ആവർത്തിച്ചുള്ള പേര് മാറ്റങ്ങൾ വളരെ സംശയാസ്പദമാണെന്നും കോടതി വ്യക്തമാക്കി. അടുത്ത വർഷം മാർച്ചിൽ നിക്കോളാസ് റോസിയെ അമേരിക്കയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിചാരണ ഉണ്ടാകും. ഇയാൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിചാരണ നേരിടാൻ അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരിച്ചയക്കണമോ എന്ന് സ്കോട്ടിഷ് കോടതികൾ തീരുമാനിക്കും.
നിക്കോളാസ് എഡ്വേർഡ് റോസി, നിക്കോളാസ് അലഹ്വെർഡിയൻ റോസി, നിക്ക് അലൻ, നിക്കോളാസ് ബ്രൗൺ, ആർതർ ബ്രൗൺ, ആർതർ നൈറ്റ് എന്നിവരുൾപ്പെടെ നിരവധി അപരനാമങ്ങളിൽ ഇയാൾ പലപ്രദേശങ്ങളിലും താമസിച്ചതായി രേഖകൾ ഉണ്ട്.
കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിൽ കോവിഡ് പിടിമുറുക്കിയപ്പോൾ നിക്കോളാസ് റോസിയെയും വൈറസ് ബാധിച്ചിരുന്നു. തുടർന്ന് ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായ ഇയാളെ ആശുപത്രിയിലെ ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. ഇന്റർപോൾ പ്രചരിപ്പിച്ച ചിത്രങ്ങളിലൂടെ റോസിയുടെ കൈകളിലെ ടാറ്റൂകൾ തിരിച്ചറിഞ്ഞതാണ് റോസിയെ സ്‌കോട്ട്‌ലൻഡ് പോലീസ് അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.
അറസ്റ്റിന് ശേഷം ആർതർ നൈറ്റ് എന്ന് അന്ന് അവകാശപ്പെട്ടിരുന്ന ഇയാളിൽ നിന്ന് പോലീസ് വിരലടയാളങ്ങൾ ശേഖരിക്കുകയും അത് റോസിയുടെതിന് സമാനമാണെന്ന് വിരലടയാള വിദഗ്ധ ലിസ ഡേവിഡ്സൺ കോടതിയെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഇതിനും എതിർവാദവുമായി നിക്കോളാസ് റോസി രംഗത്തെത്തി. യുട്ടാഹ് കൗണ്ടി അഭിഭാഷകനായ ഡേവിഡ് ലീവിറ്റിന് വേണ്ടി പാട്രിക് എന്ന എൻഎച്ച്എസ് തൊഴിലാളിയാണ് വിരലടയാളം ഇടപെട്ട് തന്നിൽ നിന്ന് എടുത്തതെന്ന് റോസി അവകാശപ്പെട്ടു.
എന്നാൽ കോടതി അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തികച്ചും വിചിത്രവുമാണെന്ന് വ്യക്തമാക്കി തള്ളിക്കളയുകയായിരുന്നു. അതിനിടെ ഇയാളുടെ ഭാര്യ കോടതിയിൽ എത്തുകയും നിക്കോളാസ് ബ്രൗൺ എന്ന പേരിൽ ഒപ്പിട്ട റോസിയുടെ വിവാഹ സർട്ടിഫിക്കറ്റ് കോടതിയിൽ കാണിക്കുകയും ചെയ്തു. താൻ യഥാർത്ഥത്തിൽ നിക്കോളാസ് റോസിയാണെന്ന് തന്റെ ഭർത്താവ് ഒരു സൂചനയും ഇതുവരെ നൽകിയിട്ടുണ്ടായിരുന്നില്ലെന്ന് 41 കാരിയായ മിറാൻഡ നൈറ്റ് പറഞ്ഞു.
നിക്കോളാസ് റോസി റോഡ് ഐലൻഡ് സംസ്ഥാനത്ത് അലഹ്‌വെർഡിയൻ എന്ന പേരിലും അറിയപ്പെട്ടിരുന്നുവെന്നുവെന്ന് അമേരിക്കയിലെ അധികാരികൾ വ്യക്തമാക്കുന്നു. റോഡ് ഐലൻഡിൽ ഇയാൾ പ്രാദേശിക രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്നതായും സംസ്ഥാനത്തെ ശിശുക്ഷേമ സംവിധാനത്തിന്റെ വിമർശകനായിരുന്നുവെന്നും രേഖകളുണ്ട്.
2019 ൽ നോൺ-ഹോഡ്ജ്കിൻ ലിംഫോമയുടെ അവസാന സ്റ്റേജിലാണ് താനെന്ന് വ്യാജരേഖകൾ ഉപയോഗിച്ച് വരുത്തി തീർത്ത റോസി, 2020 ഫെബ്രുവരിയിൽ മരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വിട്ടു. എന്നാൽ ഈ സമയം ബലാത്സംഗം കേസിൽ ആരോപണം ഉയർന്നതിനെ തുടർന്ന് യുട്ടാഹ് പോലീസ് ഇയാളെ തിരയുകയായിരുന്നു. ഇതിൽ നിന്നും രക്ഷപെടാനായിരുന്നു വ്യാജരേഖകൾ നിർമ്മിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.