ലോകകപ്പ് ഫുട്ബോള്‍ ആവേശം ദുബായിലും, കൂടുതല്‍ യാത്രാ സൗകര്യമൊരുക്കി ആർടിഎ

ലോകകപ്പ് ഫുട്ബോള്‍ ആവേശം ദുബായിലും, കൂടുതല്‍ യാത്രാ സൗകര്യമൊരുക്കി ആർടിഎ

ദുബായ്:ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് പൊതുഗതാഗത സേവനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 1400 മെട്രോ സർവ്വീസുകളും, 60 പൊതു ബസുകളും, 700 അധിക ടാക്സികളും മൂന്ന് മറൈന്‍ ട്രാന്‍സിറ്റ് മാർഗ്ഗങ്ങളുമാണ് സജ്ജമാക്കിയിട്ടുളളത്. മണിക്കൂറില്‍ 1200 യാത്രാക്കാരെ എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് അധിക സേവനങ്ങള്‍ ഒരുക്കിയിട്ടുളളത്.

ദുബായിലെ ഫാന്‍ സോണുകളിലെ താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിനും അതോടൊപ്പം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് പറക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഇത്. നിലവിലുളള 11,310 ടാക്സികള്‍ക്ക് പുറമെയാണ് ഹാല 700 ടാക്സികള്‍ കൂടി നല്‍കുന്നത്. കരീം ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാം. 24 മണിക്കൂറും സേവനം ലഭ്യമാണ്.ദുബായില്‍ വിവിധ ഇടങ്ങളില്‍ വേള്‍ഡ് കപ്പ് തല്‍സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദുബായ് ഹാർബർ ആണ് ഒഫീഷ്യല്‍ ഫിഫ ഫാന്‍ സോണ്‍. ബ്ലൂ വാട്ടർ ഐലന്‍റില്‍ നിന്നും ദുബായ് ഹാർബറിലേക്ക് ബസുകളും ടാക്സികളും സർവ്വീസ് നടത്തും.ദുബായ് മീഡിയ സിറ്റി, സീറോ ഗ്രാവിറ്റി, ബരാസ്റ്റി എന്നിവിടങ്ങളിലെ ഫാന്‍ സോണുകളിലും ആർടിഎ സേവനം ലഭ്യമാണ്.

60 അധിക ബസുകളാണ് ആർടിഎ ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറക്കുന്നത്.  ഡിഡബ്ല്യൂസി 1 ബസ് സർവ്വീസ് അല്‍ മക്തൂം  ഇന്‍റർനാഷണല്‍ എയർപോർട്ടില്‍ (ആഗമനം) നിന്ന് ദുബായ് മെട്രോ എക്സ്പോ സ്റ്റേഷന്‍, ഇബിന്‍ ബത്തൂത്ത ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ഓരോ 30 മിനിറ്റ് കൂടുമ്പോഴും സർവ്വീസ് നടത്തും.24 മണിക്കൂറും സേവനം ലഭ്യമാണ്.

എഫ് 55 അല്‍ മക്തൂം ഇന്‍റർനാഷണല്‍ എയർ പോർട്ടില്‍ നിന്ന് ദുബായ് എക്സ്പോ മെട്രോ സ്റ്റേഷനിലേക്ക് ഓരോ 30 മിനിറ്റിലും സർവ്വീസ് നടത്തും. രാവിലെ 5 മുതല്‍ രാത്രി 12 മണിവരെയാണ് സർവ്വീസ് ഉണ്ടാവുക. എന്‍ 55 രാത്രി 10 മുതല്‍ പുലർച്ചെ 5 മണിവരെ അല്‍ മക്തൂം ഇന്‍റർനാഷണല്‍ എയർ പോർട്ടില്‍ നിന്ന് ദുബായ് എക്സ്പോ മെട്രോ സ്റ്റേഷനിലേക്ക് സർവ്വീസ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.