പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ്; കുടുംബസംഗമം നടത്തി

പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ്  കുവൈറ്റ്; കുടുംബസംഗമം നടത്തി

കുവൈറ്റ് സിറ്റി: പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മറ്റനേകം സഭാ സ്നേഹികളുടെയും പാദസ്പർശനത്താൽ പുകൾപെറ്റ പാലായുടെ മണ്ണിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്‌മയായ  പാലാ രൂപത പ്രവാസി അപ്പോസ്റ്റോലെറ്റ് കുവൈറ്റ് മേഖല കുടുബസംഗമവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ തിരുനാളും നവംബർ 17  വ്യാഴാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സംയുക്തമായി ആഘോഷിച്ചു.

പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
സഭയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരാകണം പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ, " മിശിഹാ ശിരസായുള്ള സഭാ ശരീരത്തിലെ അവയവങ്ങളാണ് നാമോരോരുത്തരുമെന്ന്; " പൗലോസ് ശ്ലീഹാ കോളോസോസ് ലേഖനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. സഭയാകുന്ന ശരീരത്തിലെ അവയവങ്ങളായ നാം ക്രിസ്തു ശിരസായ സഭാ ശരീരത്തോട് ചേർന്ന് നിൽക്കണം എങ്കിൽ മാത്രമേ നമുക്ക് ജീവനുണ്ടാകുകയുള്ളു. അങ്ങനെ ചേർന്ന് നിന്ന് പ്രവർത്തിക്കാൻ വിളിക്കപ്പെട്ടവരാണ് പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.

പ്രവാസി സമൂഹത്തിലെ പുതു തലമുറയെ വിശ്വാസത്തിലും, പാരമ്പര്യത്തിലും, അധിഷ്ഠിതമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി കൊണ്ട് 52 രാജ്യങ്ങളിൽ പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് ശുശ്രൂഷ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് നാം ഇവിടെ കാണുന്ന വിശ്വാസപരമായ അഭിവൃദ്ധിക്ക് പിന്നിലുള്ളതു് ആത്മീയപ്രകാശം പരത്തുന്ന വൈദികരുടെ നിർല്ലോഭമായ സഹകരണവും എസ് എം സി എ എന്ന പ്രസ്ഥാനം കാലാകാലങ്ങളിൽ എടുത്ത ധീരമായ നിലപാടുകളുടെ പരിണിത ഫലമാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

സീറോ മലബാർ സഭാംഗങ്ങൾക്ക് ആത്മീയ ശുശ്രൂഷ നൽകുന്നതിൽ നേതൃത്വം നൽകുന്ന വൈദികരായ ഫാ ജോണി ലോണിസ് ഓ എഫ് എം Cap, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഓ എഫ് എം Cap, ഫാ. ജോൺസൺ നെടുമ്പ്രത്ത് SDB എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

വടക്കൻ അറേബ്യ സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ.ജോണി ലോണിസ് മഴുവൻഞ്ചേരി ഓ എഫ് എം Cap മുഖ്യപ്രഭാഷണം നടത്തി.പാർശ്വവൽക്കരിക്കപ്പെട്ടവരേയും പാവങ്ങളെയും സ്നേഹിച്ച യേശുവിനെപ്പോലെ താഴ്ന്ന ജാതിയിൽപ്പെട്ടവരോട് അയിത്തവും തൊട്ടുകൂടായ്മയും കാണിച്ചിരുന്ന കാലത്ത് അവരുടെ മോചനത്തിനു വേണ്ടി പ്രവർത്തിച്ച വിശുദ്ധനായ വൈദികനായിരുന്നു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനറൽ കോർഡിനേറ്റർ സി വി പോൾ അധ്യക്ഷനായിരുന്നു. സീറോ മലബാർ വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടർ ഫാ.ജോൺസൺ നെടുംമ്പുറത്ത് SDB, അബ്ബാസിയ ഇടവകാ അസി: വികാരി ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഓ എഫ് എം Cap, എസ് എം സി എ കുവൈറ്റ് പ്രസിഡൻ്റ് സാൻസിലാൽ പാപ്പച്ചൻ ചക്യാത്ത്, ഫൗണ്ടർ ജനറൽ കൺവീനർ ഡൊമിനിക് മാത്യൂ ഏറത്ത്, മിഡിൽ ഈസ്റ്റ് കോർ കമ്മറ്റിയംഗം ജോബിൻസ് ജോൺ പാലേത്ത്, ലേഡീസ് വിംഗ് പ്രതിനിധി സീന ജിമ്മി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വടക്കൻ അറേബ്യയുടെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരിയെ പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് സെക്രട്ടറി ടോമി സിറിയക്, സ്വാഗതവും ട്രഷറർ സിബി സ്കറിയാ നന്ദിയും പറഞ്ഞു.
പാലാ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും, കുവൈറ്റിൽ താമസിക്കുന്ന രൂപതാംഗങ്ങൾ കുടുംബസമേതം പങ്കെടുത്തു.പാലായ്ക്ക് പുറത്ത് ആദ്യമായി കുവൈറ്റിലാണ് ഇതുപോലൊരു സംഗമം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.