കീവ്: ഉക്രെയ്‌നിലെ വില്‍നിയാന്‍സ്‌കില്‍ പ്രസവാശുപത്രിയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ രണ്ടു ദിവസം മാത്രം പ്രായമുളള നവജാത ശിശു മരിച്ചു. മാതാവിനെയും ഡോക്ടറെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. രണ്ടുനില കെട്ടിടം തകര്‍ന്നു. ഈ സമയം വാര്‍ഡില്‍ ഇവരല്ലാതെ ആരുമില്ലാത്തതിനാല്‍ കൂടുതല്‍ മരണം ഒഴിവായി. സപൊറീഷ്യ ഗവര്‍ണര്‍ ടെലഗ്രാമിലൂടെ വീഡിയോ പങ്കുവഹിച്ചു. റഷ്യ സംഭവത്തോടു പ്രതികരിച്ചിട്ടില്ല.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യ വ്യാപക ആക്രമണമാണു നടത്തിയത്. കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ട് നില ജനവാസ കെട്ടിടം തകര്‍ന്നാണ് ഇവര്‍ മരിച്ചത്. കീവിലെ ഊര്‍ജ കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യമിട്ടത്. പടിഞ്ഞാറന്‍ ഉക്രെയിനിലെ ലിവീവ് നഗരത്തില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.
അതിനിടെ, ആക്രമണങ്ങളോടുള്ള പ്രതികരണമായി യൂറോപ്യന്‍ പാര്‍ലമെന്റ് റഷ്യയെ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഉക്രെയ്‌നില്‍ മനഃപൂര്‍വം ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുവെന്ന് കാട്ടിയാണ് നടപടി. ഊര്‍ജനിലയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍ തുടങ്ങിയവയെ ലക്ഷ്യമിടുന്നതിലൂടെ രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതീകാത്മക നടപടിയാണിത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ 494 അംഗങ്ങള്‍ ഇത് സംബന്ധിച്ച പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 58 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. 44 അംഗങ്ങള്‍ വിട്ടുനിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.