ദമാം: നാവികസേനക്ക് യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിനായി സ്പെയിനുമായുള്ള ധാരണാ പത്രത്തിൽ സൗദി അറേബ്യ ഒപ്പുവച്ചു. സൗദി പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെയും സ്പെയിൻ വ്യവസായ-വാണിജ്യ-ടൂറിസംമന്ത്രി മരിയ റെയ്സ് മരോട്ടോയുടെയും സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രാലയവും സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസും ചേർന്ന് സ്പാനിഷ് കമ്പനി ‘നവാൻറിയു’മായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. റോയൽ സൗദി നാവിക സേനക്കായി വിവിധ ലക്ഷ്യങ്ങൾക്കുള്ള യുദ്ധക്കപ്പലുകൾ സ്വന്തമാക്കാനും നിർമിക്കാനുമാണ് ധാരണയായത്.
പ്രതിരോധ മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്ന് എക്സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ ഹുസൈൻ അൽബയാരി, സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് പ്രതിനിധി എൻജിനിയർ അഹമദ് ബിൻ അബ്ദുൽ അസീസ് അൽഒഹാലി, സ്പാനിഷ് കമ്പനി ‘നവാൻറി’ ചെയർമാനും സി.ഇ.ഒയുമായ റിക്കാർഡോ ഗാർസിയ ബാഗുറോ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
അതേസമയം മേഖലയിലെ സമുദ്രസുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സുപ്രധാനവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിരോധ മന്ത്രാലയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് റോയൽ സൗദി നാവിക സേനയെ കൂടുതൽ സജ്ജമാക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2030-ഓടെ മുഴുവൻ സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം സ്വദേശിവത്കരിക്കുക എന്ന ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുമെന്ന് വിലയിരുത്തുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ മുൻഗണനകൾ കൈവരിക്കാനും ഇതുവഴി പ്രാപ്തമാക്കുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.