തണൽ (കവിത)

തണൽ (കവിത)

അയാൾ പറഞ്ഞു; നീറുന്നോരോർമ്മയിൽ
ബാല്യ കൗമാരങ്ങളുണ്ട് യുവത്വമുണ്ട്...

നിറുത്താതെ പെയ്യും
കർക്കിടക രാവിൽ ചോർന്നൊലിക്കും
കൂരയ്ക്കു കീഴെ ഈറനടിക്കാതെ
പാഴ്പ്പലകയിൽ അന്തിയുറങ്ങിയ ബാല്യം...
ഒരു കാറ്റു വന്നാൽ കെട്ടുപോകുമെ-
ന്നറിഞ്ഞിട്ടും കെടാതെ മങ്ങിക്കത്തും
മണ്ണെണ്ണ വിളക്കിലെ ചെറുതിരി വെളിച്ചത്തിൽ
അമ്മയുടെ കണ്ണീരു കണ്ടു ഞാൻ..

ഭൂതകാലങ്ങൾ മറക്കാതെ
ഭാവിയിലേക്ക് നോക്കി
പതുക്കെ തേങ്ങുന്നോരമ്മേ-
നിൻ ഹൃദയത്തിലെ ഒരിറ്റു ചോരയി-
ലലിഞ്ഞ ജീവൻറെ ബിന്ദുവാണല്ലോ ഞാൻ ..
ഉപ്പ് വാങ്ങാറില്ല വീട്ടിൽ,
അന്നന്നുവേണ്ടുന്നോരന്നത്തിനായ്
നൽനിലമൊരുക്കുന്നോരച്ഛൻ്റെ
വിയർപ്പിൽ ഉപ്പേറെയുണ്ടെന്ന് അമ്മ പറയുന്നു ..

ഓർമ്മയിൽ പിന്നെയും,
ഒരു നാട്ടുമാവിന്റെ മധുരം നാവിലെ
രസമുകുളങ്ങളിൽ രസച്ചാലുതീർക്കുന്നു..
വാഴത്തേനുണ്ണാൻ വിരുന്നെത്തും കൊച്ചു
കുരുവി - വിരുന്നുണ്ട് നാളെ പോകാമെന്ന്
വിളിച്ചോതിയ ബാല്യങ്ങളിൽ
ഒരു തൊട്ടാർ വാടി പിണങ്ങി നിൽക്കുന്നു.


ഓർമ്മകളോരോന്നും വകഞ്ഞു മാറ്റി;
ബാല്യവും കൗമാരവും വിട്ട് ഒരുനാൾ
നേരിന്റെയുള്ളിൽ നേരുചികയുവാൻ
ദൈവത്തെ കീറിമുറിച്ചു ഞാൻ ..
പിന്നെ ഒരു സന്ധ്യയിൽ
വീടിൻ്റെ മച്ചിനു മുകളിൽ ധ്യാനിച്ചു-
ധ്യാനിച്ച് ചിന്തകളെല്ലാം നിരത്തി വച്ചു ...

ഇന്നീ കാലമറുതിയിൽ തലപുകയുന്നു..
ഇരുൾ നിറയുന്നു തിമിര നേത്രങ്ങളിൽ...
ഉള്ളിലൊരു ചോദ്യമുയരുന്നു;
പകലിരുളായ് മാറി
ബാല്യവും കൗമാരവും
യുവത്വവും പിന്നിട്ട് കാലം
പോയതറിഞ്ഞുവോ?
പിന്നെയും ചോദ്യമുയരുന്നു

നീ എന്തു ചെയ്തു ?
കണ്ണുണ്ടായിട്ടും കണ്ടില്ല,
കാതുണ്ടായിട്ടും കേട്ടില്ല,
വാക്കുണ്ടായിട്ടും ഒന്നും പറഞ്ഞില്ല...
ഇനിയീ മരുഭൂമിയിൽ ആർത്തലച്ച്
കർക്കിടകം പെയ്തിറങ്ങട്ടെ -
യെന്നാശിപ്പൂ ഞാൻ ..

ഇനിയൊരു കുന്തമുനയാൽ
നീതിയെ കുത്തി നോവിക്കില്ല,
ഹൃദയം കുത്തി പിളർക്കില്ല,
ഓർമ്മകളെല്ലാം പാഥേയമാക്കി 
നടക്കട്ടെയിനി ഞാൻ;
ഒരു തണൽ തേടി ഈ കാണും
പ്രപഞ്ചത്തിൻ മറുകരയിലേക്ക് ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.