കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി !

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി !

ജനാധിപത്യ മൂല്യങ്ങളും സാമൂഹ്യ നീതിയും വാരിത്തിന്നു വളര്‍ന്ന്, വ്യക്തി, സാമൂഹ്യമൂല്യങ്ങളുടെ വിശ്വാസ്യതയെ മുഴുവനും വിഴുങ്ങാന്‍ വായ പിളര്‍ത്തി നില്‍ക്കുന്ന ഭീമന്‍ വ്യാളിയാണ് അഴിമതി. ഒരു വ്യക്തിയുടെ സത്യസന്ധതയെയും വിശ്വസ്തതയെയും തച്ചുടയ്ക്കുന്ന, ധാര്‍മികത നശിച്ച്, സ്വാര്‍ഥ താല്‍പര്യങ്ങളുടെ പ്രവൃത്തിയാണെന്നാണ് ഐക്യരാഷ്ട്ര സംഘടന അഴിമതിയെ വ്യാഖ്യാനിക്കുന്നത്.

ജനാധിപത്യത്തെ കശാപ്പു ചെയ്ത്, ഭരണകൂടത്തിന്റെ ആണിക്കല്ല് ഊരിയെടുത്ത്, രാജ്യത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയുയര്‍ത്തി വളരുന്ന അഴിമതി ഇല്ലാതാക്കാന്‍ 2003 ഒക്ടോബര്‍ 31 ലെ യുഎന്‍ പൊതുസഭയാണ് ക്രിയാത്മക നടപടികള്‍ സ്വീകരിച്ചത്. United Nations Convention Against Correption (UNCAC) എന്ന അഴിമതിക്കെതിരേയുള്ള ഐക്യരാ സഭയുടെ സ്ഥാപനം ഇന്നു ലോകരാജ്യങ്ങളില്‍ നിന്നും മനുഷ്യ മനസില്‍ നിന്നും അഴിമതി തുടച്ചു നീക്കാന്‍ സുസജ്ജമായി നിലകൊള്ളുന്നുണ്ട്.

ഓരോ രാജ്യത്തിന്റെയും നീതിന്യായ വ്യവസ്ഥിതികളുടെ ഭാഗമായും അഴിമതി വിരുദ്ധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ''ലോകത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും വ്യവസായികളും അഴിമതിക്കെതിരേ ഉണരണം. സുതാര്യതയും വിശ്വതയും പരസ്പരം കാത്തു സൂക്ഷിക്കണം'' എന്നതാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന ബാന്‍ കിമൂണ്‍ 2010-ലെ അഴിമതി വിരുദ്ധ ദിനത്തില്‍ ആഹ്വാനം ചെയ്തത്.

ഇന്ത്യന്‍ ജനാധിപത്യം അഴിമതി വിമുക്തമല്ല. 1950 മുതല്‍ 1980 വരെ സോഷ്യലിസ്റ്റു നയങ്ങള്‍ രാജ്യഭരണത്തെ സ്വാധീനിച്ചിരുന്നു. 1993 ഒക്ടോബറിലെ വോറാ റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്ന അഴിമതിയുടെ സഹസ്ര മുഖങ്ങള്‍ അനാവരണം ചെയ്തത്. കൊടിയ കുറ്റവാളികളും സാമൂഹ്യവിരുദ്ധ ശക്തികളും ചേര്‍ന്നുള്ള ഒരു സമാന്തര സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും ഗുണ്ടാതലവന്മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ദത്തു പുത്രന്മാരാണെന്നുമുള്ള എന്‍.എന്‍ വോറയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ചുവപ്പു നാടയില്‍ കുരുങ്ങി അകാല മൃത്യു വരിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. 2008-ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യന്‍ പാര്‍ലമെന്റിലെ 522 അംഗങ്ങളില്‍ 120 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്!

2005 ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ പഠനഫലം നമ്മെ ഞെട്ടിക്കും. 55 ശതമാനം ഇന്ത്യക്കാരും സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യവഹാരം നടന്നു കിട്ടാന്‍ നേരിട്ടു കൈക്കൂലി കൊടുത്തിട്ടുള്ളവരാണ്! ഇന്ത്യന്‍ ഭരണഘടന, അഴിമതിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഓംബുഡ്‌സ്മാന്‍, ലോകായുക്ത തുടങ്ങിയ നീതി വിതരണ സംവിധാനങ്ങള്‍ ഇന്നു സമൂഹ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.

ധീര ദേശാഭിമാനികള്‍ ചോരചിന്തി ജീവനര്‍പ്പിച്ചു നേടിത്തന്ന സ്വാതന്ത്ര്യം ഇന്ത്യയെ സ്വന്തമാക്കാന്‍ ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിച്ചപ്പോള്‍ ചില രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആ സ്വാതന്ത്ര്യം ഇന്ത്യയെ കൊള്ളയടിക്കാനുള്ള തിട്ടൂരമായി കരുതിയെന്നതിന് എണ്ണിയാല്‍ തീരാത്ത തെളിവുകളുണ്ട്. 1957 ലെ ഹാരിദാസ് മുദ്രാ വിവാദം, 1971 ലെ നാഗര്‍ വാലാ വിവാദം, 1982 ലെ അന്തുലേയുടെ പേരിലെ സിമന്റ് കുംഭകോണം. 1989 ല്‍ ബോഫോഴ്‌സ് കേസ്, 1992 ലെ ഹര്‍ഷദ് മേത്ത വിവാദം, കാലിത്തീറ്റ കുംഭകോണം, 1995 ലെ കേരളത്തിലെ എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി, പാമോയില്‍ കേസ്, തെഗി വിവാദം, 1996 ലെ സുഖ്‌റാം ടെലികോം കുംഭകോണം, 1997 ലെ ഹവാലാ ഇടപാട്, 2002 ലെ കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം, 2006 കേരളത്തിലെ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, 2008 ലെ സത്യം വിവാദം, 2009 ലെ മധു കോട ഖനി വിവാദം, 2010 ലെ 2ജി സ്‌പെക്ട്രം, കോമണ്‍ വെല്‍ത്ത് അഴിമതി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങിയ വിവാദങ്ങള്‍, 2011 ലെ ബെല്ലാരി ഖനി വിവാദം, ഹാസന്‍ അലി ഖാന്‍ വിവാദം തുടങ്ങി ഇന്ത്യയുടെ മുഖശ്രീയില്‍ കരിപുരട്ടുന്ന അഴിമതി കഥകള്‍ പെരുകുകയാണ്. ഇതില്‍ ചിലതൊക്കെ അത്ര കാര്യമുള്ളവയായിരിക്കില്ല. എങ്കിലും ബഹുഭൂരിപക്ഷത്തിനും അഴിമതിയുടെ മണമുണ്ട്.

അഴിമതി ആറാടുമ്പോള്‍ കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന പഴഞ്ചൊല്ലില്‍ പതിരില്ല എന്നു നാം തിരിച്ചറിയുന്നു. പുതിയ ഇന്ത്യയുടെ പൂമൊട്ടുകളായ കുട്ടികള്‍ അഴിമതിക്കെതിരെ സുധീരം പോരാടാനുള്ള കരുത്താര്‍ജിക്കാന്‍ അഴിമതി വിരുദ്ധ ദിനം പ്രചോദനമാകട്ടെ.

ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.