വാഷിംഗ്ടൺ: തീരം തോറുമുള്ള ശീതകാല കൊടുങ്കാറ്റ് അമേരിക്കയിൽ ഉടനീളം കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഇടിമിന്നലും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള തീവ്ര കാലാവസ്ഥ സൃഷ്ടിക്കുന്നു . മൊണ്ടാന, വ്യോമിംഗ്, സൗത്ത് ഡക്കോട്ട തുടങ്ങിയ ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 2 അടി (60 സെന്റീമീറ്റർ) വരെ മഞ്ഞ് പ്രതീക്ഷിക്കുന്നുണ്ട്.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് താമസക്കാരെ കൊടുങ്കാറ്റ് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ശരാശരി ശൈത്യകാല കൊടുങ്കാറ്റിനേക്കാൾ സാമാന്യം ശക്തമായ കൊടുങ്കാറ്റാണ് വീശുന്നതെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ റിച്ച് ഓട്ടോ പറഞ്ഞു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഏറ്റവും മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിലുള്ള വീശിയടിക്കുന്ന കാറ്റ് മധ്യ, വടക്കൻ ഹൈ പ്ലെയിൻസിലും അമേരിക്കയിലെ കിഴക്കൻ മൊണ്ടാന, വ്യോമിംഗ്, സൗത്ത് ഡക്കോട്ട, നെബ്രാസ്ക എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് ഓട്ടോ വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ സേവനത്തിൽ നിന്നുള്ള ഹിമപാത മുന്നറിയിപ്പുകൾ ഈ സംസ്ഥാനങ്ങളിലും ഒപ്പം കൊളറാഡോയിലും ബാധകമാണ്. കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കുറഞ്ഞത് 35 മൈൽ വേഗതയിലുള്ള കാറ്റ് മൂലമാണ് കൊളറാഡോയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തിങ്കള്‍ മുതല്‍ ബുധന്‍ വരെ കൊളറാഡോ മുതല്‍ മിനസോട്ട വരെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി താമസിക്കുന്ന 15 ദശലക്ഷത്തിലധികം ആളുകൾക്ക് ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് ബാധകമാണ്.
ശക്തമായ കാറ്റിനൊപ്പം കനത്ത മഞ്ഞുവീഴ്ചയും ഉള്ളതിനാൽ വ്യക്തമായ കാഴ്ച ലഭിക്കാത്തതിനാൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾ സൃഷ്ഠിക്കാൻ കാരണമാകും.  രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താമസിക്കുന്നവർ ചൊവ്വാഴ്‌ച സമയത്ത് വീടുകളിൽ തങ്ങുകയാണ് സുരക്ഷിതമെന്നും അദ്ദേഹം വിശദീകരിച്ചു.
കൊടുങ്കാറ്റ് ചില മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് കാരണമാകും. എന്നാൽ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ഇടിമിന്നൽ, ആലിപ്പഴം, വെള്ളപ്പൊക്കം, ശക്തമായ ചുഴലിക്കാറ്റുകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കൊടുങ്കാറ്റ് പ്രവചന കേന്ദ്രം പറയുന്നു. ഈ ആഴ്‌ചയിലുടനീളം അതിരൂക്ഷമായ കാലാവസ്ഥ നീണ്ടുനിന്നേക്കാം.
വടക്കുകിഴക്കന്‍ കാലിഫോര്‍ണിയ, ഗ്രേറ്റര്‍ ലേക്ക് ടാഹോ മേഖല, പടിഞ്ഞാറന്‍ നെവാഡ, കിഴക്കന്‍ സിയറ നെവാഡ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഗ്രേറ്റര്‍ ലേക് താഹോ മേഖലയില്‍ 48 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ കാലിഫോർണിയയിലെ സിയറ നെവാഡ പർവതനിരയിലെ ചില പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ 5 അടി വരെ മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രൂക്ഷമായ മഞ്ഞുവീഴ്ച മൂലം ചില ഹൈവേകൾ അടച്ചിടേണ്ടിവന്നു. തുടർന്ന് തിങ്കളാഴ്ച രാത്രി വരെ പ്രദേശത്ത് ഹിമപാത മുന്നറിയിപ്പ് നൽകിയിരുന്നു.
അര്‍ക്കന്‍സാസ്, ലൂസിയാന, മിസിസിപ്പി, ടെക്‌സസ് എന്നിവിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റിനും ആലിപ്പഴത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്.
അതേസമയം വടക്കന്‍ കാലിഫോര്‍ണിയ, വടക്കുപടിഞ്ഞാറന്‍ നെവാഡ എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയിൽ താഴെ താപനില പ്രവചിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും ശീതകാല കൊടുങ്കാറ്റ് പുറത്തേക്ക് നീങ്ങുന്നുണ്ടെങ്കിലും അടുത്ത ഒരാഴ്ച ഈ പ്രദേശങ്ങളിലുടനീളം ശക്തമായ തണുപ്പിന് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.