ഗുവഹാട്ടി: കോൺഗ്രസ് നേതാവും അസം മുൻ  മുഖ്യമന്ത്രിയുമായ തരുൺ  ഗൊഗോയി (86) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റിൽ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കോവിഡിന് ശേഷം ആരോഗ്യനില മോശമായപ്പോൾ  നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 
ശനിയാഴ്ച വൈകീട്ടോടെ ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുൻപ് മരണപ്പെടുകയായിരുന്നു.   മൂന്നുതവണ അസം മുഖ്യമന്ത്രിയായിരുന്ന ഗൊഗോയ്, 50 വർഷം നീണ്ട പൊതു ജീവിതത്തിനിടയിൽ  വിവിധ പദവികൾ  വഹിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുൺ ഗൊഗോയ്. 
  1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എ ഐ സി സി യിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എ ഐ സി സി ജനറൽ സെക്രട്ടറിയാക്കി.  നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി പദവി വഹിച്ചിട്ടുണ്ട്.  കോൺഗ്രസിന്റെ യുവനേതാവും കലിയബോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പി യുമായ ഗൗരവ് ഗൊഗോയും ചന്ദ്രിമ ഗൊഗോയുമാണ് തരുൺ ഗൊഗോയുടെ മക്കൾ. ഭാര്യ ഡോളി ഗൊഗോയ് ആണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.