ഇലക്ട്രിക് വാഹനങ്ങളുടെ വേഗത കൂട്ടും; വില കുറയ്ക്കും: റോക്കറ്റ് കപ്പാസിറ്റര്‍ വികസിപ്പിച്ച വി.എസ്.എസ്.സി ടീമിന് ദേശീയ അംഗീകാരം

ഇലക്ട്രിക് വാഹനങ്ങളുടെ വേഗത കൂട്ടും; വില കുറയ്ക്കും: റോക്കറ്റ് കപ്പാസിറ്റര്‍ വികസിപ്പിച്ച വി.എസ്.എസ്.സി ടീമിന് ദേശീയ അംഗീകാരം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന വിലയില്‍ വന്‍ കുറവ് വരുത്തുന്ന കണ്ടുപിടുത്തവുമായി തിരുവനന്തപുരം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞര്‍, ഇ- വാഹനങ്ങളുടെ ബാറ്ററി വില രണ്ടര ലക്ഷം രൂപയില്‍ നിന്ന് കേവലം 27,000 രൂപയായി കുറയ്ക്കുന്ന റോക്കറ്റിന്റെ സൂപ്പര്‍ ബാറ്ററി കപ്പാസിറ്റര്‍ സാങ്കേതിക വിദ്യയാണ് ഇവിടെ വികസിപ്പിച്ചത്.

ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ശേഷി കൂട്ടാനും വിലയും വലിപ്പവും കുറയ്ക്കാനും സാധിക്കും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായരുടെ അനന്തരവളും വി.എസ്.എസ്.സിയിലെ എനര്‍ജി സിസ്റ്റം സയന്‍സ് മേധാവിയുമായ ഡോ. എസ്. സുജാതയും വി.എസ്.എസ്.സി.യിലെ പോളിമര്‍ കെമിസ്ട്രി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ്.എ. ഇളങ്കോവനും നേതൃത്വം നല്‍കിയ ടീമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

പേറ്റന്റുള്ള ഈ നേട്ടത്തിന് ലഭിച്ച ദേശീയ എനര്‍ജി ഇന്നവേഷന്‍ അവാര്‍ഡ് ഇന്നലെ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി.

ഊര്‍ജം സംഭരിക്കുന്ന ഉപകരണമാണ് ബാറ്ററി. അതില്‍ നിന്ന് ഒരേ ശക്തിയില്‍ കൂടുതല്‍ സമയം ഊര്‍ജം ലഭിക്കാന്‍ കപ്പാസിറ്ററുകളും വേണം. ഇതുരണ്ടും ഒരേ ഉപകരണത്തില്‍ സമന്വയിപ്പിക്കുന്നതാണ് സൂപ്പര്‍ബാറ്ററി കപ്പാസിറ്റര്‍. സാധാരണ ബാറ്ററിയേക്കാള്‍ പതിന്‍മടങ്ങ് ശേഷിയുണ്ട്. വലിപ്പവും വിലയും കുത്തനെ കുറയും.

ആദ്യം സൗണ്ടിങ് റോക്കറ്റുകളിലും പിന്നീട് പി.എസ്.എല്‍.വി. റോക്കറ്റിലും വിജയിച്ച സങ്കേതമാണിത്. റോക്കറ്റില്‍ കൂടുതല്‍ ഭാരമുള്ള പേലോഡ് ഉള്‍ക്കൊള്ളിക്കാനും റോക്കറ്റിന്റെ ശേഷി കൂട്ടാനും കഴിഞ്ഞു. അത് പരിഷ്‌കരിച്ചാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പറ്റിയ സൂപ്പര്‍ബാറ്ററി കപ്പാസിറ്റര്‍ വികസിപ്പിച്ചതെന്നും മറ്റ് വാണിജ്യ ഉപയോഗങ്ങള്‍ കണ്ടെത്താമെന്നും വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍നായര്‍ പറഞ്ഞു.

ഡോ. ജി. മാധവന്‍ നായരുടെ സഹോദരി തിരുനന്തിക്കര ഏറത്തുവീട്ടില്‍ സരോജിനി അമ്മയുടേയും പ്രമുഖ എഴുത്തുകാരനും തിരുക്കുറല്‍, തിരുമന്തിരം എന്നീ തമിഴ് കാവ്യങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുകയും വ്യാഖ്യാനമെഴുതുകയും ചെയ്ത കെ.ജി.ചന്ദ്രശേഖരന്‍ നായരുടെയും മകളാണ് സുജാത.

പൂനെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് പി.എച്ച്ഡി.യും നേടി 1986ലാണ് ഐ.എസ്.ആര്‍.ഒ.യില്‍ എത്തിയത്. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥന്‍ വി.വി.ഗോപിനാഥ് ആണ് ഭര്‍ത്താവ്. അമേരിക്കയില്‍ യൂണിവേഴ്‌സിറ്റി അധ്യാപികയായ മീര മകളും യു.കെ.യില്‍ ഗവേഷകനായ ഗോകുല്‍ മകനുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.