യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്റ്റേസിയും ഗാരെത്ത് ട്രെയിനും
ബ്രിസ്ബന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നതാനിയേല്‍ ട്രെയിന്‍, സഹോദരന്‍ ഗാരെത്ത് ട്രെയിന്‍ ഭാര്യ സ്റ്റേസി എന്നിവര്‍ തീവ്ര വിഘടനവാദ നിലപാടുകള്‍ പുലര്‍ത്തിയിരുന്നതായി പോലീസ് റിപ്പോര്‍ട്ട്. പോലീസുമായി വെടിവയ്പ്പുണ്ടായ രാത്രിയില്‍ ഇവര്‍ യൂ ട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കോവിഡ് വാക്‌സിന്‍ വിരുദ്ധ ഗൂഢാലോചന ഉള്‍പ്പെടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിദ്വേഷം നിറഞ്ഞ പ്രചാരണമാണ് ഇവര്‍ നടത്തിയിരുന്നത്. വെടിവയ്പ്പില്‍ മൂന്നു പ്രതികളും കൊല്ലപ്പെട്ടിരുന്നു.
ക്വീന്‍സ്‌ലാന്‍ഡിലെ ഉള്‍നാടന്‍ പ്രദേശമായ ഡാര്‍ലിംഗ് ഡൗണ്‍സില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവമുണ്ടായത്. ഒക്ടോബറില്‍ ന്യൂ സൗത്ത് വെയില്‍സില്‍ നിന്ന് കാണാതായ നതാനിയേല്‍ ട്രെയിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. ഡാര്‍ലിംഗ് ഡൗണ്‍സില്‍ പ്രതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ആക്രമണം നടത്തിയ പ്രതികളും പ്രദേശവാസിയായ ഒരാളുമാണ് കൊല്ലപ്പെട്ടത്.
പോലീസ് വീട്ടില്‍ എത്തിയപ്പോഴാണ് വീഡിയോ എടുത്തതെന്നാണു സൂചന. 'തങ്ങളുടെ സ്ഥലത്ത് പിശാചുക്കളും ഭൂതങ്ങളും വന്നതായി പ്രതികള്‍ പറയുന്നു. 'അവര്‍ ഞങ്ങളെ കൊല്ലാന്‍ വന്നു, ഞങ്ങള്‍ അവരെ കൊന്നു' - ഗാരെത്ത് പറയുന്നു. യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ഗാരെത്തും ഭാര്യ സ്റ്റേസിയുമാണുള്ളത്. വീഡിയോ എടുത്ത സമയം വ്യക്തമല്ല. സംഭവത്തെതുടര്‍ന്ന് ഇവരുടെ യൂട്യൂബ് ചാനല്‍ ഇല്ലാതാക്കി.
കോവിഡ് വാക്‌സിന്‍ വിരുദ്ധ ഗൂഢാലോചന ഉള്‍പ്പെടെ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേയും മതവിശ്വാസത്തിനെതിരേയും തീവ്ര നിലപാടുകള്‍ പങ്കുവയ്ക്കുന്ന നിരവധി വീഡിയോകള്‍ ഇവര്‍ അപ്‌ലോഡ് ചെയ്തതായി പോലീസ് കണ്ടെത്തി. വെടിവയ്പ്പിന് ഒരു ദിവസം മുമ്പ്, പോലീസ് വിരുദ്ധ വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റേസിയും നഥാനിയല്‍ ട്രെയിനും സ്‌കൂളിലാണു ജോലി ചെയ്തിരുന്നത്. ഇവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ല. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതോടെ സ്റ്റേസി ട്രെയിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്‌കൂളിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. 45 വസയുകാരിയായ സ്റ്റേസി രണ്ട് കുട്ടികളുടെ അമ്മയാണ്.
പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു നതാനിയേല്‍ 2021 ഓഗസ്റ്റില്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് ഇയാളെ കാണാതായത്. ഈ സമയത്ത് നതാനിയേലിന്റെ മാനസികാരോഗ്യം വഷളായതായി പോലീസ് വെളിപ്പെടുത്തുന്നു.
നതാനിയേല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പെട്ടെന്ന് കൊലയാളികളായി മാറിയതിനു പിന്നിലെ ഓണ്‍ലൈന്‍ തീവ്രവാദത്തിന്റെ സ്വാധീനത്തിലേക്കാണ് പോലീസ് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്താണ് ഇവരുടെ വീക്ഷണങ്ങള്‍ ശക്തി പ്രാപിച്ചത്. ഇവര്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയിലാണ് പ്രചരിപ്പിച്ചിരുന്നത്.
പ്രതികളുടെ ദുഷിച്ചതും വികലവുമായ ഭ്രാന്തന്‍ കാഴ്ച്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.