സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിഷാംശമുള്ള ചീര (സ്പിനാച്ച്) കഴിച്ച് ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്സ്, കോള്‍സ്, ആല്‍ഡി എന്നിവ തങ്ങളുടെ ബ്രാന്‍ഡിലുള്ള സസ്യ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നു. സാലഡുകള്‍, മറ്റു സസ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ മലിനപ്പെട്ടിരിക്കാമെന്ന ആശങ്കയിലാണ് പിന്‍വലിച്ചത്. ആരോഗ്യ അധികൃതരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. അതേസമയം വിക്ടോറിയയില്‍ മലിനമായ ചീര കഴിച്ച 11 പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ 47 പേര്‍ സ്പിനാച്ച് കഴിച്ച് ശേഷം രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ 17 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വിഷാംശമുള്ള ചീര കഴിച്ചതിന്റെ ഫലമായി ഛര്‍ദ്ദി, കാഴ്ച മങ്ങല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ്, മതിഭ്രമം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു.
വൂള്‍വര്‍ത്ത് രണ്ട് സലാഡ് ഉല്‍പ്പന്നങ്ങളാണ് (Chicken Cobb Salad, Chickpea Falafel Salad) സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് തിരിച്ചുവിളിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി പേരില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയ ബേബി സ്പിനാച്ച് ഉള്‍പ്പെടെ 11 ഉല്‍പ്പന്നങ്ങളാണ് കോള്‍സ് പിന്‍വലിക്കുന്നത്. മുന്‍കൂട്ടി പാക്ക് ചെയ്ത സ്പിനാച്ച് ബാഗുകളും സാലഡ് കിറ്റുകളുമാണ് വിപണിയില്‍നിന്നു തിരിച്ചുവിളിച്ചത്.
ഡിസംബര്‍ 24 വരെ ഉപയോഗിക്കാവുന്ന ഫ്രഷ് സാലഡ് കോ ഫ്രഷ് ആന്‍ഡ് ഫാസ്റ്റ് സ്റ്റിര്‍ ഫ്രൈ എന്നിവയുടെ പാക്കറ്റുകളാണ് ആല്‍ഡി തിരിച്ചുവിളിച്ചത്.
ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലാന്‍ഡ്, വിക്ടോറിയ, ഓസ്‌ട്രേലിയന്‍ കാപ്പിറ്റല്‍ ടെറിട്ടറി, നോര്‍ത്തേണ്‍ ടെറിട്ടറി, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വിറ്റഴിച്ച ഡസന്‍ കണക്കിന് ചീര ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കരുതെന്ന് കോള്‍സും വൂള്‍വര്‍ത്തും നിര്‍ദേശം നല്‍കി. ഡിസംബര്‍ 20 വരെ കാലാവധിയുള്ളതാണ് ഈ ഉല്‍പന്നങ്ങള്‍.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയും ടാസ്മാനിയയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ എട്ടു മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ടെന്നു കോള്‍സ് പറഞ്ഞു.
കഴിഞ്ഞ ദിവസം സിഡ്നിയില്‍നിന്നുള്ള ഒന്‍പതു പേര്‍ക്കാണ് കോസ്‌കോ സ്‌റ്റോറുകളില്‍നിന്ന് വാങ്ങിയ സ്പിനാച്ച് കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. റിവിയേര ഫാംസ് എന്ന ബ്രാന്‍ഡിലുള്ള സ്പിനാച്ച് കഴിച്ചവര്‍ക്ക് വിഷാദം, മതിഭ്രമം, കാഴ്ച മങ്ങല്‍, പനി, ഹൃദയമിടിപ്പ് കൂടുക, ചര്‍മത്തിനു വരള്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, എസിടി എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍നിന്ന് സ്പിനാച്ച് പിന്‍വലിച്ചിരുന്നു.
തിരിച്ചുവിളിച്ച സ്പിനാച്ച് ഉല്‍പ്പന്നങ്ങള്‍ ഒരൊറ്റ സ്ഥലത്തുനിന്നു വന്നതാണെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് അനുമാനിക്കുന്നു.
ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ അതു വാങ്ങിയ സ്ഥലത്ത് തിരിച്ചു നല്‍കണമെന്നും കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു. ഉല്‍പന്നത്തിന്റെ വില തിരികെ നല്‍കും. സംഭവത്തില്‍ ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26