'തല്ലിക്കൊല്ലുകയാണെന്ന് പറഞ്ഞാണ് മകള്‍ കരഞ്ഞത്'; സാജു ക്രൂരനെന്ന് അഞ്ജുവിന്റെ അമ്മ

'തല്ലിക്കൊല്ലുകയാണെന്ന് പറഞ്ഞാണ് മകള്‍ കരഞ്ഞത്'; സാജു ക്രൂരനെന്ന് അഞ്ജുവിന്റെ അമ്മ

കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ ഭര്‍ത്താവ് സാജു സൗദിയില്‍വെച്ചും ഉപദ്രവിച്ചിട്ടുണ്ടെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. മുന്‍പ് സൗദിയില്‍ ജോലി ചെയ്യുന്ന സമയത്തും മകളെ സാജു ഉപദ്രവിച്ചിരുന്നു. സാജു ഒരു ക്രൂരനാണെന്നും അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ പറയുന്നു.

നഴ്സായ അഞ്ജുവും ഭര്‍ത്താവ് സാജുവും നേരത്തെ സൗദിയിലാണ് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് അഞ്ജുവിന്റെ അമ്മയും കുറച്ചു കാലം ഇവരോടൊപ്പമുണ്ടായിരുന്നു. ആ സമയത്താണ് അഞ്ജുവിനെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതിന് അമ്മ സാക്ഷിയായത്.

'മുറി അടച്ചിട്ടാണ് മകളെ ഉപദ്രവിച്ചിരുന്നത്. ഒരിക്കല്‍ ഞാന്‍ കതക് തുറക്കാന്‍ പറഞ്ഞിട്ടും തുറന്നില്ല. ഞാന്‍ കതകില്‍ ചവിട്ടി നോക്കി. പിന്നീട് മുറി തുറന്ന് അവന്‍ ഇറങ്ങിപ്പോയി. എന്താണ് കാര്യമെന്ന് മകളോട് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടേണ്ട, പൊയ്ക്കോട്ടെ എന്നായിരുന്നു മകളുടെ മറുപടി'യെന്ന് കൃഷ്ണമ്മ പറയുന്നു.

തല്ലിക്കൊല്ലുകയാണെന്ന് പറഞ്ഞാണ് മകള്‍ അന്ന് ഒച്ചവെച്ചത്. അയാള്‍ ഒരു ക്രൂരനാണ്. സൗദിയില്‍ രണ്ടു പേര്‍ക്കും ജോലിയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടണില്‍ എത്തിയപ്പോള്‍ സാജുവിന് ജോലി ശരിയായില്ലെന്നും കൃഷ്ണമ്മ പറയുന്നു.

അതേസമയം അഞ്ജുവിന്റെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്ക് കാണണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് വരും. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് ബ്രിട്ടീഷ് പൊലീസ് കോട്ടയത്തെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടീഷ് പൊലീസ് കുടുംബത്തെ അറിയിച്ചത്. ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ബ്രിട്ടണില്‍ നഴ്സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്), ജാന്‍വി(നാല്) എന്നിവരെ കഴിഞ്ഞ ദിവസമാണ് കെറ്ററിങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍ വെച്ചാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് കെറ്ററിങില്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.