വാഷിംഗ്ടൺ: ബോക്കോഹറാം തീവ്രവാദി സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് നൈജീരിയയില്‍ നിന്ന് പലായനം ചെയ്ത 12 വയസുകാരനും ചെസ് പ്രതിഭയുമായ താനിതോലുവ താനി അഡേവുമിയ്ക്ക് അഭയം നൽകി അമേരിക്ക. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്ന താനിയുടെ കുടുംബത്തിന് ന്യൂയോര്‍ക്കില്‍ ഒരു അപ്പാർട്മെന്റ് സമ്മാനിച്ചുകൊണ്ടാണ് അമേരിക്കൻ ഭരണകൂടം അഭയം നല്‍കിയത്.
അങ്ങനെ ഈ കുടുംബത്തിന് ഇക്കുറി ക്രിസ്മസ് നിറഞ്ഞ ആഘോഷത്തിന്റെയായി. അഞ്ച് വർഷം മുമ്പ് അമേരിക്കയിലെത്തിയ താനിയും കുടുംബവും തല ചായ്ക്കാന്‍ ഒരു ഇടമില്ലാതെ അതിജീവനത്തിനായി ബുദ്ധിമുട്ടുമ്പോഴും ആനന്ദം കണ്ടെത്തിയത് ചെസ് കളിയിൽ മാത്രമാണ്. അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് വിവിധ മത്സരങ്ങളില്‍ അവന് മുന്നില്‍ അടിയറവ് പറഞ്ഞത് 73 എതിരാളികള്‍.
താനിയുടെ അമ്മ ഒലുവാതോയിന്‍, അച്ഛന്‍ കയോഡെ, 19 വയസ്സുള്ള സഹോദരന്‍ അഡെസിന എന്നിവര്‍ 2017 ല്‍ ആണ് ന്യൂയോര്‍ക്കില്‍ എത്തിയത്. ക്രിസ്തുമത വിശാസികളായ താനിയുടെ കുടുംബം ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിൽ നിന്ന് രക്ഷപെട്ട് പലായനം ചെയ്യുകയും നൈജീരിയയിലെ വീടുപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഇതിന് ശേഷമാണ് താനി ചെസ് കളി തുടങ്ങിയത്. അങ്ങനെ എട്ട് വയസുള്ളപ്പോൾ കളി ആരംഭിച്ച താനി 2019 ലായിരുന്നു ആദ്യ വിജയം നേടിയത്. തുടർന്ന് തന്റെ പ്രായത്തിലുള്ള 73 മികച്ച ചെസ്സ് കളിക്കാരെ പരാജയപ്പെടുത്തുകയും ന്യൂയോര്‍ക്ക് സ്റ്റേറ്റ് ചെസ് ചാംപ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
ഈ വിജയം ദേശീയ ശ്രദ്ധ നേടിയതോടെ കുടുംബത്തിനായുള്ള ഒരു ധനസമാഹരണ വെബ്‌സൈറ്റ് 2,00,000 ഡോളറിൽ ലധികം സമാഹരിച്ചു. കൂടാതെ അജ്ഞാതനായ ഒരു വ്യക്തി അവർക്കായി രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ട്മെന്റിൽ ഒരു വർഷം മുഴുവൻ വാടക നൽകികൊണ്ട് താമസിക്കാനുള്ള സൗകര്യം ഒരുക്കി.
ദൈവത്തിന്റെ കാരുണ്യത്താൽ തങ്ങൾ രക്ഷപ്പെട്ടുവെന്ന് താനിയുടെ പിതാവ് കയോഡെ അഡെവുമി പറഞ്ഞു. "ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു എന്നു മാത്രമാണ് ഞങ്ങൾക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിലെ അവസാന നാളുകളിൽ, ബോക്കോ ഹറാം തീവ്രവാദികൾ അഡേവുമിയെ തിരയുകയായിരുന്നു. ഒരു പ്രിന്റിംഗ് ബിസിനസ്സിന്റെ ഉടമയായിരുന്നു അഡേവുമി. ഒരു ദിവസം ഒരു കൂട്ടം ആളുകൾ അദ്ദേഹത്തോട് കുറച്ച് വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ അച്ചടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ ബോക്കോ ഹറാം തീവ്രവാദികളാണെന്ന് മനസിലാക്കിയപ്പോൾ അദ്ദേഹം വിസമ്മതിച്ചു.
ദിവസങ്ങൾക്കുശേഷം അഡേവുമി ജോലിയ്ക്ക് പോയ അവസരത്തിൽ തീവ്രവാദികൾ അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിക്കുകയും ഭാര്യയെയും രണ്ട് ആൺമക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ആ നാട്ടിൽ നിന്നുള്ള പലായനം വേഗത്തിലാക്കുകയായിരുന്നുവെന്ന് അഡേവുമി വ്യക്തമാക്കി.
2017 ജൂണിൽ അവർ ന്യൂയോർക്ക് നഗരത്തിൽ എത്തി. തല ചായ്ക്കാൻ ഇടമില്ലാതെ അവർ അഭയകേന്ദ്രത്തിലേക്ക് മാറി. അവിടെ നിന്നും അവന്റെ രണ്ട് ആൺമക്കളെ സ്കൂളിൽ ചേർക്കുകയും ചെയ്തു. അമേരിക്കയില്‍ നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അഡേവുമി പാത്രങ്ങൾ കഴുകുന്ന ജോലിയും ഭാര്യ ഒലുവാതോയിൻ വൃത്തിയാക്കുന്ന ജോലിയും ചെയ്തു.
ഏത് ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളിലും തന്റെ മക്കളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം അത്യധികം പരിശ്രമിച്ചിരുന്നു. സ്വാഭാവിക പ്രതിഭയായിരുന്ന താനി 10 വയസ്സുള്ളപ്പോള്‍ തന്നെ ദേശീയ മാസ്റ്ററായി ചെസ് മത്സരങ്ങളില്‍ ഉയര്‍ന്നു തുടങ്ങി.
നിലവില്‍ ഗവേണിംഗ് ബോഡി താനിയെ ഫിഡെ മാസ്റ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 12 വയസ്സുകാരന്റെ മോഹവും ഗ്രാന്‍ഡ്മാസ്റ്ററാകുക എന്നതു തന്നെയാണ്. ഇപ്പോള്‍ ലോകമെമ്പാടുമുള്ള ടൂര്‍ണമെന്റുകളില്‍ ചെസ്സ് കളിക്കാനുള്ള 'അവസരം' കൂടിയാണ് അവന് ലഭിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ അഭയം തേടിയുള്ള അപേക്ഷയില്‍ തീരുമാനം ആകാത്തതിനാലാണ് ഈ അവസരം വൈകിയത്. 2021 ൽ കണക്റ്റിക്കട്ടിൽ നടന്ന ഒരു ചെസ്സ് ടൂർണമെന്റിൽ താനി മത്സരിക്കുകയും എല്ലാ ഗെയിമുകളിലും വിജയിക്കുകയും ചെയ്തിരുന്നു.
അങ്ങനെ അമേരിക്കൻ ചെസ് ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ മാസ്റ്റേഴ്സിൽ ഒരാളായി താനി മാറി. താനിയുടെ ചെസ് ജീവിതം പോലെ കുടുംബവും ഉയര്‍ന്നു. അഡേവുമി ഇപ്പോള്‍ ഒരു റിയല്‍ എസ്റ്റേറ്റ് സെയില്‍സ്മാനായി ജോലി ചെയ്യുകയാണ്. കുടുംബം ന്യൂയോര്‍ക്ക് സിറ്റിയിലെ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ സന്തോഷത്തോടെ ജീവിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.