ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവജാഗ്രത. ഇവിടെ രണ്ടിടങ്ങളിലും സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകീട്ട് ആറിന് അടയ്ക്കും. ചെന്നൈയില്‍ നിന്ന് മധുര ഭാഗത്തേക്കുള്ള 21 ട്രെയിനുകള്‍ റദ്ദാക്കി.
പുതുച്ചേരിയില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപത് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പൊതു ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി. ആശുപത്രി, ഫാര്‍മസി, മില്‍ക്ക് ബൂത്തുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. അതേസമയം തമിഴ്‌നാടിനും പുതുച്ചേരിക്കും കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ സഹായവും ഉറപ്പു നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രത്തില്‍നിന്ന് എല്ലാവിധ സഹായവും ഉറപ്പുനല്‍കിയതായും ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാരയ്ക്കലിനും മാമ്മല്ലപുരത്തിനും ഇടയില്‍ വൈകിട്ട് അഞ്ച് മണിയോടെയാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന് മുന്നോടിയായി തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങളെ ഇതിനോടകം കടലൂര്‍ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങള്‍ ചെന്നൈയിലും ക്യാമ്പ് ചെയ്യുന്നു. പുതുക്കോട്ട, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ ചൊവ്വാഴ്ച ഉച്ച മുതല്‍ നിര്‍ത്തിവെച്ചു. കടലൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവിടങ്ങളിലെ മത്സ്യബന്ധന ബോട്ടുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ജനങ്ങള്‍ വീട്ടില്‍തന്നെ കഴിയണമെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഭ്യര്‍ഥിച്ചു. ആവശ്യത്തിന് വേണ്ട ഭക്ഷണവും വെള്ളവും മറ്റു സാധനങ്ങളും സംഭരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതുച്ചേരിയിലെ കാരയ്ക്കലിനും തമിഴ്നാട്ടിലെ മാമല്ലപുരത്തിനും ഇടയ്ക്കുള്ള മൈലാടുംതുറ, ചെങ്കല്‍പേട്ട്, നാഗപട്ടണം,വില്ലുപുരം എന്നിവിടങ്ങളില്‍ വന്‍നാശനഷ്ടമുണ്ടാകും. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 85 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്- പുതുച്ചേരി തീരത്തുനിന്നു മാറിയും മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ,എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.