വാഷിംഗ്ടൺ: വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകൽ ലഭിക്കുന്ന ദിവസമായ വിന്റർ സോളിസ്റ്റിസ് എന്ന് വിളിക്കപ്പെടുന്ന ശീതകാല അറുതി 2022 ൽ ഡിസംബർ 21 ബുധനാഴ്ചയാണ് കടന്നുപോയത്. ഈ ദിവസം വർഷത്തിലെ ഏറ്റവും തണുപ്പുള്ള ശീതകാലത്തിന്റെ ഔദ്യോഗികമായ തുടക്കത്തെയും ശരത്കാലത്തിന്റെ അവസാനത്തെയും കൂടിയാണ് അടയാളപ്പെടുത്തുന്നത്.
അതേസമയം ലോകജനസംഖ്യയുടെ ഏകദേശം 10 ശതമാനം മാത്രം താമസിക്കുന്ന ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി നേരെ വിപരീതമാണ്. അർജന്റീന, മഡഗാസ്‌കർ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ഡിസംബറിലെ അറുതിയാണ് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം. ഇത് വേനൽക്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു.
ശീതകാല അറുതി എങ്ങനെ സംഭവിക്കുന്നു
ഭൂമി അതിന്റെ അച്ചുതണ്ടിൽ ചരിഞ്ഞ് കറങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിന് ഒരേയൊരു കാരണം. ഭൂമി അതിന്റെ ഭ്രമണ അച്ചുതണ്ടിൽ ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞിരിക്കുന്നതിനാലും ഓരോ അർദ്ധഗോളത്തിനും വർഷം മുഴുവനും വ്യത്യസ്ത അളവിലുള്ള സൂര്യപ്രകാശം ലഭിക്കുന്നതിനാലുമാണ് ശൈത്യകാല അറുതി സംഭവിക്കുന്നത്.
സാധാരണയായി എല്ലാവർഷവും ഡിസംബർ 21, 22 തിയതികളിലാണ് ഇത് സംഭവിക്കാറുള്ളത്. 2022 ലെ ശീതകാല അറുതിയുടെ കൃത്യമായ സമയം ബുധനാഴ്ച 21:48 ഏകോപിത യൂണിവേഴ്സൽ സമയം (UTC) ആയിരുന്നുവെന്ന് എർത്ത്‌സ്‌കൈ ഡോട്ട് ഓർഗും ഫാർമേഴ്‌സ് അൽമാനാക്കും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ആറ് മണിക്കൂർ വൈകിയാണ് ഇത്.
ഭൂമി അതിന്റെ ഭ്രമണ അക്ഷത്തിൽ ചരിഞ്ഞിരിക്കുന്നതിനാൽ, നമുക്ക് ഋതുക്കൾ മാറി മാറി വരുന്നു. ഗ്രഹം സൂര്യനുചുറ്റും സഞ്ചരിക്കുന്നതിനിടയ്ക്ക് ഓരോ അർദ്ധഗോളവും സൂര്യനിൽ നിന്ന് അകന്നുപോകുമ്പോൾ ആ പ്രദേശങ്ങളിൽ ശൈത്യകാലവും സൂര്യനിലേക്ക് ചായുമ്പോൾ അവിടെ വേനൽക്കാലവും അനുഭവപ്പെടുന്നു. കഴിഞ്ഞ ആറ് മാസമായി, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ പകലുകള്‍ കുറയുകയും രാത്രികള്‍ വര്‍ദ്ധിക്കുകയും ചെയ്യുകയാണ്. എന്നാൽ ഇനിയുള്ള ആറു മാസം ഈ പ്രക്രിയയുടെ 'റിവേഴ്‌സ്' ആയിരിക്കും നടക്കുക.
സൂര്യരശ്മികൾ ഭൂമധ്യരേഖയ്ക്ക് മുകളിലായിരിക്കുമ്പോഴാണ് വസന്തകാലത്തും ശരത്കാലത്തും വിഷുദിനങ്ങൾ ഉണ്ടാകുന്നത്. ആ രണ്ട് ദിവസങ്ങളിൽ, എല്ലായിടത്തും എല്ലാവർക്കും രാവും പകലും ഏതാണ്ട് തുല്യമാണ്. സൂര്യന്റെ കിരണങ്ങൾ ഉത്തരായനരേഖയ്ക്ക് മീതെ വടക്കോട്ട് ഭാഗത്ത് പതിക്കുമ്പോൾ നമ്മുടെ ഏറ്റവും ദൈർഘ്യമേറിയ ദിനവും വടക്കൻ അർദ്ധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക തുടക്കവും നൽകുന്ന സമയമാണ് വേനൽക്കാല അറുതി.
പകല്‍ വെളിച്ചം ഗണ്യമായി കുറയുന്ന ശീതകാല അറുതി
ഡിസംബര്‍ 21 ന് ഉത്തരധ്രുവത്തോട് അടുക്കുന്തോറും പകല്‍ വെളിച്ചം ഗണ്യമായി കുറയുകയായിരുന്നു. ഭൂമധ്യരേഖയ്ക്ക് വടക്ക് 137 കിലോമീറ്റര്‍ (85 മൈൽ) അകലെയുള്ള സിംഗപ്പൂരിലെ ആളുകള്‍ക്ക്, വേനല്‍ സോള്‍സ്റ്റിസില്‍ ഉള്ളതിനേക്കാള്‍ ഒമ്പത് മിനിറ്റ് കുറവ് പകല്‍ വെളിച്ചമേ ഈ വേളയിലുണ്ടാകൂ. എന്നാൽ ഈ വ്യത്യാസം ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
അക്ഷാംശത്തിൽ വളരെ ഉയരത്തിലുള്ള പാരീസിലാകട്ടെ എട്ട് മണിക്കൂറും 14 മിനിറ്റും നീണ്ട പകൽ വെളിച്ചത്തിൽ തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങൾ ആസ്വദിച്ചു. നോർവേയിലെ ഓസ്ലോയിൽ ഈ വ്യത്യാസം കൂടുതൽ വ്യക്തമാണ്. അവിടെ സൂര്യൻ രാവിലെ 9:18 ന് ഉദിക്കുകയും വൈകുന്നേരം 3:12 ന് അസ്തമിക്കുകയും ചെയ്തു. ഇത് ആറ് മണിക്കൂറിൽ താഴെ മാത്രമുള്ള പകലിന് കാരണമായി.
അലാസ്‌കയിലെ നോമില്‍ ചൊവ്വാഴ്ച വെറും മൂന്ന് മണിക്കൂറും 54 മിനിറ്റും 31 സെക്കന്‍ഡും വളരെ ദുര്‍ബലമായേ സൂര്യവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അലാസ്‌കയിലെ പ്രൂഡോ ബേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തികച്ചും ഉദാരമാണ്. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലാകയാല്‍ സൂര്യന്റെ ഒരു കിരണവും കാണില്ല.
പാരമ്പര്യ സംസ്കാരങ്ങൾ
ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളും ഇപ്പോഴും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ രാത്രിയിൽ സവിശേഷമായ ശീതകാല അറുതി പാരമ്പര്യങ്ങളോടെ ആഘോഷിങ്ങൾ നടത്താറുണ്ട്. പുരാതന ജനത, ഈ ശൈത്യകാലത്തിന്റെ ആദ്യ ദിനം വിപുലമായ ചടങ്ങുകളോടും ആഘോഷങ്ങളോടും കൂടി അടയാളപ്പെടുത്തിയിരുന്നു.
ആത്മീയമായി, ഈ ആഘോഷങ്ങള്‍ മോശം ശീലങ്ങളും നിഷേധാത്മക വികാരങ്ങളും പുറന്തള്ളുന്ന നവീകരണ പ്രതീകവുമായി. ദിവസങ്ങള്‍ വീണ്ടും വളരാന്‍ തുടങ്ങുന്നതിന്റെയും ഇരുട്ടകലുന്നതിന്റെയും പ്രതീക്ഷാ വേള.
വിന്റര്‍ സോള്‍സ്റ്റിസിന്റെ പല പുരാതന ചിഹ്നങ്ങളും ചടങ്ങുകളും ഇന്നും നിലനില്‍ക്കുന്നു അല്ലെങ്കില്‍ പുതിയ പാരമ്പര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നവയാണ്.
അല്‍ബാന്‍ അര്‍ത്താന്‍
വെല്‍ഷ് ഭാഷയില്‍ 'അല്‍ബാന്‍ അര്‍ത്താന്‍' എന്നാല്‍ 'ശീതകാലത്തിന്റെ വെളിച്ചം' എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യരാശിയുടെ ഏറ്റവും പഴയ സീസണല്‍ ഉത്സവമായിരിക്കാമെന്നു പറയപ്പെടുന്നു. ഡ്രൂയിഡിക് പാരമ്പര്യങ്ങളുടെ ഭാഗമായി, ഇത് മരണത്തിന്റെയും പുനര്‍ജന്മത്തിന്റെയും സമയമായി കണക്കാക്കപ്പെടുന്നു.
ബിസി 3200 ല്‍ അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ചരിത്രാതീത സ്മാരകമായ ന്യൂഗ്രേഞ്ച് അല്‍ബന്‍ അര്‍ത്താന്‍ ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സാറ്റേണലിയ
പുരാതന റോമില്‍, ഡിസംബര്‍ 17 ന് ആരംഭിക്കുന്ന സാറ്റേണലിയ ഏഴു ദിവസം നീണ്ടുനിന്നിരുന്നു. റോമന്‍ കൃഷിയുടെ ദേവനായ സാറ്റേണിനെ (ശനി) ആദരിക്കുന്ന ഉല്‍സവമായിരുന്നു ഇത്. ആധുനിക മാര്‍ഡി ഗ്രാസ് മേളകളുമായി സാമ്യമുള്ള കാര്‍ണിവല്‍ പോലുള്ള ആഘോഷങ്ങള്‍ ആളുകള്‍ ആസ്വദിച്ചു.ഇക്കാലത്ത് അവരുടെ യുദ്ധം പോലും മരവിപ്പിച്ചു. എ.ഡി. മൂന്നും നാലും നൂറ്റാണ്ടുകളില്‍ സാറ്റേണലിയ തുടര്‍ന്നു.
റോമന്‍ സാമ്രാജ്യം ക്രിസ്ത്യന്‍ സ്വാധീനത്തിനും ഒടുവില്‍ ഭരണത്തിനും കീഴിലായതോടെ ഈ ഉത്സവ ആചാരങ്ങള്‍ ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളില്‍ ലയിച്ചു.
ഡോങ്ജി
പുരാതന യൂറോപ്യന്മാര്‍ മാത്രമല്ല ഈ വേള ആഘോഷിച്ചത്. ഡോങ്സി വിന്റര്‍ സോള്‍സ്റ്റിസ് ഫെസ്റ്റിവലിന്റെ വേരുകള്‍ പുരാതന ചൈനീസ് സംസ്‌കാരത്തിലുണ്ട്. ഡോങ്സിയെ ഏകദേശം ' കടുത്ത ശീതകാലം' എന്നാണ് വിവര്‍ത്തനം ചെയ്യുന്നത്.
ഇത് ചൈനീസ് വൈദ്യ സിദ്ധാന്തത്തിൽ പരമർശിക്കുന്ന യിനിന്റെ അഗ്രം ആണെന്ന് അവർ കരുതി. യിൻ ഇരുട്ടിനെയും തണുപ്പിനെയും നിശ്ചലതയെയും അതിലൂടെ ശൈത്യകാലത്തെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ഡോങ്‌സി പരമ്പരാഗത ചൈനീസ് തത്ത്വചിന്തയുടെ മടക്കത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്.
ആഘോഷങ്ങൾ
ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളും പരമ്പരാഗതമായി ശീതകാല അറുതിയെ ആദരിക്കുന്ന രീതിയിൽ ഉത്സവങ്ങൾ നടത്തുന്നുണ്ട്. ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള പെൻസൻസ് പട്ടണം കോർണിഷ് ഘോഷയാത്രയുടെ മനോഹരമായ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് നൃത്തം, മുഖംമൂടി ധരിക്കൽ, പാട്ട് എന്നിവയോടൊപ്പം മറ്റ് ആഘോഷങ്ങളും നടത്തിയാണ് ഈ ദിവസത്തെ വരവേറ്റത്.
ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ വിന്റര്‍ സോള്‍സ്റ്റിസ് ആഘോഷ വേദിയാണ് സ്റ്റോണ്‍ഹെഞ്ച്. ശീതകാല അറുതിയിൽ, പ്രാദേശിക വിജാതീയരും ഡ്രൂയിഡ് ഗ്രൂപ്പുകളും നടത്തുന്ന സൂര്യോദയ ചടങ്ങിനായി സന്ദർശകർ പരമ്പരാഗതമായി ഉയർന്നതും നിഗൂഢവുമായ ശിലാവൃത്തത്തിൽ പ്രവേശിക്കും. 2020 ല്‍ ഇവിടെ വ്യക്തിഗത സൂര്യോദയ ഒത്തുചേരല്‍ റദ്ദാക്കിയെങ്കിലും പിന്നീട് അത് എടുത്ത് മാറ്റി.
സ്റ്റോണ്‍ഹെഞ്ചിലെ പരമ്പരാഗത ആഘോഷവേള
കാനഡയില്‍, വാന്‍കൂവറിലെ വിന്റര്‍ സോള്‍സ്റ്റിസ് ലാന്റേണ്‍ ഫെസ്റ്റിവല്‍ ഗ്രാൻവില്ലെ ദ്വീപ്, സ്ട്രാത്‌കോണ, യേലെടൗൺ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന സോളിസ്റ്റിസ് പാരമ്പര്യങ്ങളുടെ മിന്നുന്ന ആഘോഷമാണ്. പരമ്പരാഗതമായി, സംഗീതം, നൃത്തം, ഭക്ഷണം, അതിമനോഹരമായ ദീപാലംകൃത ഘോഷയാത്ര എന്നിവയുടെ വിപുലമായ ഒരു ശ്രേണി സീക്രട്ട് ലാന്റേണ്‍ സൊസൈറ്റി സംഘടിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.