പുൽക്കൂട് (കവിത)

പുൽക്കൂട് (കവിത)

മഞ്ഞു പെയ്യുന്ന ഒരു രാത്രി
മറിയത്തിന് പേറ്റ് നോവ്
പെരുകി വരുകയാണ്
ജോസഫിൻ്റെ ചങ്കിലും
നോവ് പെരുകുന്നു -
മുട്ടിയ വാതിലോരോന്നും
തുറന്നടഞ്ഞു..
ആരും ഹൃദയം തുറന്നില്ല
ദൈവമേ.... മറിയത്തിന് 
പ്രസവിക്കാനൊരിടം തരണേ..
ജോസഫ് ആകാശത്തേക്ക് നോക്കി
നക്ഷത്രങ്ങൾ ചിരിച്ചു തുടങ്ങി -
ഇരുൾ പതുക്കെ മാറുന്നു
അകലെ ഒരു കാലിത്തൊഴുത്ത്...
മറിയമേ വിൺ താരകത്തിന്നുദിക്കാൻ
മറ്റൊരിടമില്ല പാരിൽ...
ഒടുവിൽ ആ കുഞ്ഞു കണ്ണുകൾ
കണ്ട് ഞാനും നീയും ചിരിച്ചു.
മാലാഖമാർ സ്തുതി പാടി വന്നു
രക്ഷയിലേക്ക് വഴികാട്ടി ഒരു
താരകം തെളിഞ്ഞു നിന്നു.
കാലമറുതിയിൽ നോവു തിന്ന്
പിടഞ്ഞവർ പുഞ്ചിരി തൂകി
കണ്ണു തുറന്ന് കാണുവാൻ
കാലിത്തൊഴുത്തിലേക്കെത്തീ..
കാതങ്ങളോളം വഴി നടുന്നു
കാഴചയുമായ് താരകം
നോക്കി വന്നൂ
ജ്ഞാനം നിറഞ്ഞവർ
രാജശിശുവിനെ കാണാൻ ......
വഴിയൊന്നു കാണാൻ കണ്ണു
തുറന്നവരൊക്കെയും കണ്ടു....
ഹൃദയം തുറന്നവരെല്ലാം
ഉള്ളിൽ ഒരു പുൽക്കൂട് തീർത്തു...
മറിയമേ ഇനിയെത്ര നാളിവർ
ഹൃദയഭാരം ചുമന്നു നടക്കും
കണ്ണുതുറക്കാനെന്തേ മടിക്കുന്നു...
നോവുകളോരോന്നും
രക്ഷയുടെ വഴിയിൽ വച്ച്
ജോസഫും മറിയവും
പുൽക്കൂടിൻ ചാരത്ത്
താരകം പോലെ ചിരിച്ചുനിന്നു...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26