അവതരിച്ച ദൈവഹിതം

അവതരിച്ച ദൈവഹിതം

"ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം."
(ലൂക്കാ 1 : 30 - 31)

പുതിയ നിയമത്തിൽ പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാർത്തയ്ക്ക് മുൻപേ, പഴയ നിയമത്തിൽ പൂർവ്വ പിതാവായ അബ്രാഹത്തിനും (ഉല്പത്തി 16 : 1 - 2), മനോവയ്ക്കും (ന്യായാ. 13: 2 - 3), പിന്നീട് പുതിയ നിയമത്തിൽ തന്നെ സഖറിയായ്ക്കും (ലൂക്കാ 1: 13) ദൂതൻ വഴിയായി ദൈവം ഓരോ പുത്രന്മാരെ വാഗ്ദാനം ചെയ്യുന്നത് നമുക്ക് കാണാം. മറിയം ഒഴികെ മറ്റു മൂന്നു സ്ത്രീകളും വന്ധ്യകളായിരുന്നു. അവർ ഓരോരുത്തരും ഒരു കുഞ്ഞിന് വേണ്ടി പതിറ്റാണ്ടുകൾ ദാഹത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നിരിക്കണം. എന്നാൽ, ഗർഭം ധരിക്കാനുള്ള പ്രായം അധികരിച്ചതിനു ശേഷം, ഇനി ഒരു കുഞ്ഞുണ്ടാവാൻ ഒരു സാധ്യതയും ഇല്ല എന്നു കരുതിയിരുന്ന അവസരത്തിലാണ്, അവർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കാത്ത രീതിയിൽ ദൈവദൂതൻ പുത്ര വാഗ്ദാനവുമായി അവരെ സമീപിക്കുന്നത്. 

വന്ധ്യകൾ എന്നു മുദ്രകുത്തപ്പെട്ട്, സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുന്നിൽ നിന്ദാ പാത്രങ്ങളായി, കണ്ണീരും കയ്യുമായി കാലങ്ങൾ തള്ളി നീക്കിയതിനു ശേഷമാണ് അവരുടെ ജീവിതത്തിൽ ദൈവേഷ്ടം നിറവേറിയതും, അതിലൂടെ അവരുടെ അപമാനം തുടച്ചു നീക്കപ്പെട്ടതും.
ഇതിനു കടക വിരുദ്ധമായി, ഒരുകുഞ്ഞിനു വേണ്ടി ഒരിക്കലും ആഗ്രഹിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാത്ത വേളയിൽ, ഒരു സ്ത്രീ ഗർഭം ധരിക്കാൻ പാടില്ലാത്ത നേരത്ത്‌, അവൾ സമൂഹത്തിന്റെ മുന്നിൽ നിന്ദിക്കപ്പെടാനും, അവഹേളിക്കപ്പെടാനും, കുറ്റം ചാർത്തി വധിക്കപ്പെടാനും വരെ സാധ്യതയുള്ള സമയത്താണ്, വിവാഹത്തിന് മുൻപ് തന്നെ ഗർഭിണിയാകാൻ ദൈവം പരിശുദ്ധ അമ്മയെ തിരഞ്ഞെടുക്കുന്നത്. 

ദൈവ ഹിതത്തിന്റെ തികച്ചും വിപരീതമായ, ഒരുപക്ഷേ മനുഷ്യന്റെ സാമാന്യ ബുദ്ധിയ്ക്കു നിരക്കാത്ത, രണ്ടു വ്യത്യസ്ത തലങ്ങളാണ് അവിടുന്ന് ഈ സംഭവങ്ങളിലൂടെ നമ്മുടെ മുന്നിൽ വയ്ക്കുക. മക്കളില്ലാത്ത ദമ്പതികൾ നുറുങ്ങിയ മനസ്സുമായി ഒരു മനുഷ്യായുസ്സോളം സന്താന സൗഭാഗ്യത്തിനായി പ്രാർത്ഥിച്ചിട്ട്, സന്താനമില്ലാത്തതിന്റെ അപമാനഭാരം നീക്കാൻ പ്രായാധിക്യംവരെ അവരുടെ പ്രാർത്ഥന കേൾക്കാതെ ദൈവം വൈകിച്ചത് എന്തിന്? ഒരു സ്ത്രീ അപമാനിതയാകാനിടയുള്ള സമയത്ത്‌, ഭർത്താവിനോട് സഹവസിക്കുന്നതിനു മുൻപേ അവൾ ഗർഭിണിയാകണമെന്ന് ദൈവം എന്തിന് തീരുമാനിച്ചു? എന്നൊക്കെ മാനുഷികമായി നാം ഒരുവേള ചിന്തിച്ചു പോയേക്കാം. എന്നാൽ, ദൈവത്തിന്റെ പദ്ധതിയും, മനുഷ്യന്റെ ചിന്തകളും തമ്മിലുള്ള വലിയ വൈരുധ്യമാണ് നമുക്കിവിടെ മനസ്സിലാക്കാൻ സാധുക്കുക. 

ജീവിതത്തിലെ എത്ര നിരാശാജനകവും, ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും, ദൈവം അറിയാതെയും, അവിടുന്ന് അനുവദിക്കാതെയും നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന ഉത്തമ ബോധ്യത്തിൽ, അവിടുന്നിൽ ആശ്രയിച്ചുകൊണ്ടു മുന്നോട്ടുപോയാൽ, ദൈവഹിതം ഒരിക്കൽ നമ്മുടെ നന്മക്കായി വെളിപ്പെടുകതന്നെ ചെയ്യും.

നാം ഏത് അവസ്ഥയിലൂടെ കടന്നു പോയാലും, ചെങ്കടലിന്റെ മുന്നിൽ ഇസ്രായേൽ ജനം വഴിമുട്ടി നിന്ന അനുഭവം തന്നെ ഉണ്ടായാലും, 'അവിടുത്തേക്ക്‌ നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്; അത് നമ്മുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്' (ജെറ: 29 :11) എന്ന ഉറച്ച ബോധ്യം നമ്മെ മുന്നോട്ടുനയിക്കണം.
നാളുകളായി പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാത്ത ഒരുപിടി കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ടേക്കാം. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത തകർച്ചകൾ നമ്മുടെ പദ്ധതികളെ ഒരുപക്ഷേ തകിടംമറിച്ചേക്കാം. 'ഇതിൽനിന്നൊക്കെ എനിക്കിനി ഒരു മോചനം സാധ്യമാകുമോ' എന്ന് നാം ശങ്കിക്കുന്ന അവസ്ഥാ വിശേഷം നമ്മുടെ ജീവിതത്തിൽ സംജാതമായേക്കാം. അതുമല്ലെങ്കിൽ, 'ഇതൊക്കെ എന്റെ ജീവിതത്തിൽ എന്തിന് സംഭവിക്കുന്നു' എന്ന് നാം ചോദിച്ചു പോകുന്ന, ഉത്തരം കിട്ടാത്ത പല പ്രഹേളികകളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അവിടെയൊക്കെ, പ്രതീക്ഷ കൈവിടാതെ, സംശയത്തിന് ഇടനൽകാതെ, ദൈവഹിതത്തിനു കാതോർക്കാനും കാത്തിരിക്കാനും നമുക്ക് സാധിക്കണം.

രണ്ടു വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തി സംഹാരതാണ്ഡവമാടിയ കൊറോണ തിരിച്ചു വരുന്നതിന്റെ വാർത്തകൾ നാം വീണ്ടും കേട്ടു തുടങ്ങി. യുദ്ധത്തേയും ക്ഷാമത്തേയും പറ്റിയുള്ള വാർത്തകൾ ഈ നാളുകളിൽ നമ്മെ ഏറെ ആശങ്കയിലാഴ്ത്തുന്നു. ലോകത്തിന്റെ പല ഭാഗത്തും വർധിച്ചു വരുന്ന മതപീഡനങ്ങളും, ക്രൈസ്തവ വിശ്വാസത്തേയും ദൈവത്തിന്റെ സ്വത്വത്തെ തന്നെയും തെരുവിൽ എന്നപോലെ വിശുദ്ധ സ്ഥലത്തും അവഹേളിക്കുന്നത് നമ്മെ ഏറെ വേദനിപ്പിക്കുന്നു. ഇതിന്റെയെല്ലാം മധ്യത്തിൽ, വീണ്ടും ഒരിക്കൽക്കൂടി തിരുപ്പിറവി കൊണ്ടാടാൻ നാം ഒരുങ്ങുകയാണ്.

ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ, മനുഷ്യരൂപമെടുത്ത്‌ നമ്മുടെ ഇടയിൽ വസിക്കാൻ ആഗതനായ യേശുവിന്റെ ജനന തിരുന്നാൾ നമുക്ക് ഒരു പുതിയ പ്രത്യാശ പകരട്ടെ. പ്രതികൂലങ്ങളുടെ നടുവിലും, ദൈവഹിതത്തിനു നമ്മെ തന്നെ സമർപ്പിച്ചുകൊണ്ട്, അവിടുത്തെ ഇഷ്ടം നമ്മുടെ ജീവിതത്തിൽ നിറവേറട്ടെ എന്ന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും ഏറ്റുപറയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.