ദുബായ്: ജോലി നഷ്ടപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ ഇന്‍ഷുറന്‍സില്‍ ചേരാത്ത ജീവനക്കാർക്കുളള പിഴ ശമ്പളത്തില്‍ നിന്ന് ഈടാക്കും. മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 30 ആണ് ഇന്‍ഷുറന്‍സില്‍ ചേരാനുളള അവസാന തിയതി. ഇതിന് ശേഷവും പദ്ധതിയില്‍ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ. പുതുതായി ജോലിയില്‍ ചേരുന്നവർക്ക് നാല് മാസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്.
ഫ്രീസോണ്‍ കമ്പനികളിലെ ജീവനക്കാർ, 18 വയസില്‍ താഴെയുളളവർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, സ്ഥാപന ഉടമകൾ, നിക്ഷേപകർ ഒഴികെയുളളവരാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകേണ്ടത്. 5 ദിർഹം മുതൽ 10 ദിർഹം വരെയുള്ള വളരെ കുറഞ്ഞ പ്രതിമാസ പ്രീമിയങ്ങളുളള ഇന്‍ഷുറന്‍സാണ് യുഎഇ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രായം മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിലുളളത്. പ്രീമിയം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ 200 ദിർഹവും പിഴ അടക്കണം.
പിഴ അടയ്ക്കേണ്ടത് വിശദീകരിക്കുന്ന ഭാഗത്താണ് ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് വ്യക്തമാക്കുന്നത്. മൂന്ന് മാസത്തിൽ കൂടുതൽ പിഴ അടക്കാതിരുന്നാൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയോ സർവിസ് ഗ്രാറ്റ് വിറ്റിയില്‍ നിന്നോ മന്ത്രാലയം അനുശാസിക്കുന്ന മറ്റേതെങ്കിലും മാർഗം വഴിയോ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കാം എന്നാണ് നിർദേശത്തില്‍ പറയുന്നത്. മൂന്ന് മാസം പ്രീമിയം അടയ്ക്കുന്നത് വൈകിയാല്‍ 200 ദിർഹം പിഴയുണ്ടാകും. ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് റദ്ദാകുകയും ചെയ്യും.
ഇന്‍ഷുറന്‍സില്‍ ചേരുന്നവരുടെ അപേക്ഷകള്‍ ജനുവരി 2 മുതല്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. ആദ്യ രണ്ട് ദിവസത്തിനുളളില്‍ 60,000 പേരാണ് പദ്ധതിയില്‍ രജിസ്ട്രർ ചെയ്തത്.തുടർച്ചയായി 3 മാസമെങ്കിലും ജോലിയുടെ ഭാഗമായിരിക്കണമെന്നുളളതാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുളള നിബന്ധന. ജോലി രാജിവച്ചവർക്ക് ഇൻഷുറൻസ് ലഭിക്കില്ല.അച്ചടക്കനടപടിയുടെ പേരില്‍ പുറത്താക്കിയതല്ലെന്നും തൊഴിൽ ഉപേക്ഷിച്ചതല്ലെന്നും തെളിയിക്കുന്ന രേഖ ജീവനക്കാരൻ നൽകണം. വേതനത്തിന്‍റെ 60 ശതമാനം നഷ്ടപരിഹാരമായി 3 മാസം വരെ ലഭിക്കും. ഇപ്പോള്‍ ചേർന്നാല്‍ 2024 മുതലാണ് പണം ലഭിക്കുക. അതായത് പദ്ധതിയില്‍ അംഗമാകുന്ന തിയതി മുതല്‍ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക.
16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് 60 ദിർഹം അടച്ചാൽ ഒരുവർഷം പദ്ധതിയുടെ ഭാഗമാകാം. പ്രതിമാസം 5 ദിർഹം അടച്ചും പദ്ധതിയില്‍ ചേരാം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് 120 ദിർഹം അടച്ച് ഒരുവർഷത്തേക്ക് ചേരാം. മൂന്ന് മാസങ്ങളിലേക്കുളള പ്രീമിയം ഒരുമിച്ച് അടയ്ക്കാനുളള സൗകര്യവുമുണ്ട്. 16,000 ത്തില്‍ താഴെ അടിസ്ഥാന ശമ്പളമുളളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹത്തിന് മുകളില്‍ ശമ്പളമുളളവർക്ക് പരമാവധി 20,000 ദിർഹമാണ് ലഭിക്കുക. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഇൻഷുറന്‍സ് ലഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.