ഒടുവില്‍ കെവിന്‍ മക്കാര്‍ത്തിക്ക് വിജയം; യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറായത് 15-ാം റൗണ്ട് വോട്ടെടുപ്പില്‍

ഒടുവില്‍ കെവിന്‍ മക്കാര്‍ത്തിക്ക് വിജയം; യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറായത് 15-ാം റൗണ്ട് വോട്ടെടുപ്പില്‍

വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. സഭയിലെ ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം പാര്‍ട്ടിയിലെ തമ്മിലടിയുടെ ഭാഗമായി ഒരു വിഭാഗം തന്നെ എതിര്‍പ്പുയര്‍ത്തിയതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു.

പ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 218 വോട്ട് നേടാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെവിന്‍ മക്കാര്‍ത്തിക്ക് കഴിഞ്ഞിരുന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ തീവ്ര നിലപാടുകാരാണ് കെവിന്‍ മക്കാര്‍ത്തിക്ക് വെല്ലുവിളിയുയര്‍ത്തിയത്.

തിരഞ്ഞെടുപ്പില്‍ 15 റൗണ്ടുകള്‍ പിന്നിട്ടാണ് കെവിന്‍ മക്കാര്‍ത്തി സ്പീക്കറായിരിക്കുന്നത്. 1923ന് ശേഷം ഇതാദ്യമായാണ് പ്രതിനിധി സഭയിലെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനായി ഇത്രയും കാലതാമസം ഉണ്ടാവുന്നത്. കോണ്‍ഗ്രസിന്റെ അധോസഭ ഈ തമ്മിലടിയെ തുടര്‍ന്ന് നിശ്ചലമായിരുന്നു. 216-211 എന്ന വോട്ട് നിലയിലാണ് അദ്ദേഹം വിജയിച്ചത്.

കേവല ഭൂരിപക്ഷത്തിനായിട്ടായിരുന്നു മക്കാര്‍ത്തിയുടെ ശ്രമം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ വഴിത്തിരിവ് കൂടിയാണിത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളിലൊരാളാണ് കെവിന്‍ മക്കാര്‍ത്തി.

കഴിഞ്ഞ 160 വര്‍ഷത്തിനിടെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് നടന്നത്. നാല് ദിവസത്തോളം പ്രതിസന്ധി നീണ്ടുനിന്നു. പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്ന വിമത പക്ഷത്തെ മറികടന്നാണ് അദ്ദേഹം വിജയിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ അടുത്തയാള്‍ ജനപ്രതിനിധി സഭ സ്പീക്കറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.