സാക്രമെന്റോ: ജന ജീവിതം ദുസഹമാക്കി ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്‌കൂളുകള്‍ അടച്ചിട്ടു. 130,000 ആളുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍ കഴിയുകയാണ്.
ശീതതരംഗത്തില്‍ 12 പേര്‍ മരണപ്പെട്ടതിനാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. സാക്രമെന്റോ സിറ്റി യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി സ്‌കൂള്‍ ജില്ലകള്‍ തിങ്കളാഴ്ചത്തെ ക്ലാസുകള്‍ റദ്ദാക്കി.
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് വില്‍ട്ടണിലെ താമസക്കാരോട് സാക്രമെന്റോ കൗണ്ടി അധികൃതര്‍ ഒഴിഞ്ഞുമാറാന്‍ വാര്‍ത്താക്കുറിപ്പിലൂടെ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടിയന്തര വിഭവങ്ങള്‍ സമാഹരിക്കുന്നതിനും ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയെ (ഫെമ) അധികാരപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയെതുടര്‍ന്ന് റഷ്യന്‍ നദിയുടെ സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളോട് സോനോമ കൗണ്ടിയിലെ ഉദ്യോഗസ്ഥര്‍ പലായനം ചെയ്യാനുള്ള മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ 27 മുതല്‍ കാലിഫോര്‍ണിയയില്‍ ശീത കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത് തുടരുകയാണ്. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും നിരവധി മേഖലകളെ ബാധിച്ചുകഴിഞ്ഞു. മഴ ശക്തമായതോടെ പല പ്രദേശങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റില്‍ പലയിടത്തും വൈദ്യുതക്കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി നിലച്ചു. ഇതു ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.