വാഷിംഗ്ടൺ: ആരോപണ പ്രത്യാരോപണങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഹായികൾ രഹസ്യ സർക്കാർ രേഖകളുടെ രണ്ടാമത്തെ ബാച്ച് കണ്ടെത്തി. ജോ ബൈഡന്റെ സ്വകാര്യ ഓഫിസിൽ നിന്നായിരുന്നു ആദ്യത്തെ ബാച്ച് ഔദ്യോഗിക രഹസ്യ രേഖകൾ കണ്ടെത്തിയത്. വാഷിങ്ടണിലെ പെൻ ബൈഡൻ സെന്റർ ഫോർ ഡിപ്ലോമസി ആൻഡ് ഗ്ലോബൽ എൻഗേജ്മെന്റിലാണ് ബറാക് ഒബാമ പ്രസിഡന്റും ജോ ബൈഡൻ വൈസ് പ്രസിഡന്റുമായിരുന്ന സമയത്തുള്ള ഡസനോളം ഔദ്യോഗിക രഹസ്യ രേഖകൾ കണ്ടെത്തിയത്.
അതേസമയം ബൈഡന്റെ സഹായികൾ എപ്പോൾ, എവിടെ നിന്നാണ് രണ്ടാമതും ഫയലുകൾ കണ്ടെത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഷികാഗോയിലെ അമേരിക്കൻ അറ്റോണി അന്വേഷണം ആരംഭിച്ചിരുന്നു. അമേരിക്കൻ അറ്റോണി ജനറൽ മെറിക് ഗാർലാന്റിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്.
പുതുതായി കണ്ടെത്തിയ ബാച്ചിനെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വൈറ്റ് ഹൗസിന് സമീപമുള്ള പെൻ ബൈഡൻ സെന്റർ ഓഫിസ് ഒഴിവാക്കുന്നതിനായി വൃത്തിയാക്കിയപ്പോഴാണ് അടച്ചിട്ടിരുന്ന ശുചിമുറിയിൽ നിന്ന് ആദ്യത്തെ ബാച്ച് രേഖകൾ കണ്ടെത്തിയത്. നവംബറിലാണ് 10 ഓളം രേഖകളുടെ യഥാർത്ഥ ബാച്ച് കണ്ടെത്തിയെങ്കിലും ഈ ആഴ്ച മാത്രമാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഉക്രെയ്ൻ, ഇറാൻ, ബ്രിട്ടൻ എന്നിവയുമായി ബന്ധപ്പെട്ട അമേരിക്കൻ ഇന്റലിജൻസ് മെമ്മോകളും ബ്രീഫിംഗ് മെറ്റീരിയലുകളും ഈ പേപ്പറുകളിൽ ഉൾപ്പെടുന്നു.
2017-2019 കാലയളവിൽ ബൈഡൻ പെൻസൽവേനിയ സർവകലാശാലയിലെ വിസിറ്റിങ് പ്രഫസറായിരുന്ന ഓഫിസിൽനിന്ന് 2022 നവംബറിൽ അദ്ദേഹത്തിന്റെ അഭിഭാഷകർ തന്നെയാണ് രേഖകൾ കണ്ടെത്തിയത്. ഇവർ നീതിന്യായ വകുപ്പിനെയും നാഷനൽ ആർക്കൈവ്സിനെയും അറിയിക്കുകയായിരുന്നു.
അധിക രേഖകൾ എപ്പോൾ കണ്ടെത്തിയെന്നും വൈസ് പ്രസിഡന്റായിരുന്ന കാലം മുതൽ ബൈഡന്റെ കൈവശമുള്ള മറ്റേതെങ്കിലും ക്ലാസിഫൈഡ് മെറ്റീരിയലുകൾക്കായുള്ള തിരച്ചിൽ പൂർത്തിയായിട്ടുണ്ടോ എന്നും വ്യക്തമല്ല.
അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിക്കുമ്പോൾ ഗവൺമെന്റ് രേഖകളും ക്ലാസിഫൈഡ് ഡോക്യുമെന്റ്സും താൻ സ്വകാര്യ ഓഫീസിലേക്ക് മാറ്റിയെന്ന ആരോപണം തന്നെ അതിശയിപ്പിക്കുന്നതാണ് എന്നാണ് ജനുവരി 10 ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ബൈഡൻ പ്രതികരിച്ചത്.
ഇത്തരം രേഖകൾ അവിടെ ഉണ്ടായിരുന്നുവോ എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും എന്നിരുന്നാലും നീതിന്യായ വകുപ്പിന്റെ അന്വേഷണവുമായി താൻ സഹകരിക്കുമെന്നും അദ്ദേഹം കൂടിചേർത്തു.
മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യ ഫയലുകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന കുറ്റത്തിന് ക്രിമിനൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബൈഡനും രഹസ്യ സർക്കാർ രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ എല്ലാ രേഖകളും, ക്ലാസിഫൈഡ് അടക്കം, ഒരു ഭരണകൂടം അധികാരത്തിലേറിയ ശേഷം അമേരിക്കൻ നാഷണൽ ആർക്കൈവ്‌സിന് കൈമാറണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ട്രംപിന്റെ ഫ്ളോറിഡയിലെ വസതിയിൽ നിന്നും നാഷണൽ ആർക്കൈവ്സിന് കൈമാറാത്ത പതിനായിരത്തിലധികം ഔദ്യോഗിക രേഖകൾ പിടിച്ചെടുത്തിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നതിനിടയിൽ ബൈഡനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം മറ്റൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
അമേരിക്കൻ ഹൗസിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതോടെ വരുംദിവസങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നതിനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.